Top

'പിന്നെന്തിന് ഇത്ര പണം ചെലവാക്കി?'; കെ റെയിലില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

26 Sep 2022 11:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിന്നെന്തിന് ഇത്ര പണം ചെലവാക്കി?; കെ റെയിലില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
X

കൊച്ചി: സിൽവർ ലെെൻ പദ്ധതിയിൽ രൂക്ഷ വിമർശനവുമായി ഹെെക്കോടതി. പദ്ധതിയുടെ വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ)ന് കേന്ദ്രാനുമതി ഇല്ലെന്നിരിക്കെ സാമൂഹികാഘാത പഠനം നടത്തിയത് എന്തിനെന്ന് ഹെെക്കോടതി ചോദിച്ചു. എന്തിന് വേണ്ടിയാണ് സർക്കാർ ഇത്രയധികം പണം ചെലവാക്കിയത്. ചില ഉദ്യോഗസ്ഥർ നാടകം കളിക്കുകയാണെന്നും ഒരു പേര് വിളിച്ചാൽ പദ്ധതിയാകില്ലെന്നും ഹൈക്കോടതി വിമർശിച്ചു.

'ഇപ്പോൾ പദ്ധതി എവിടെയെത്തി നിൽക്കുന്നു? ഇല്ലാത്ത പദ്ധതിക്കാണോ ഇതെല്ലാം നടക്കുന്നത്. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് വിജ്ഞാപനം ഇറക്കിയിട്ടില്ല. ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാക്കിയതിന് ആര് സമാധാനം പറയും' തുടങ്ങിയ ചോദ്യങ്ങളാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉയര്‍ത്തിയത്. പദ്ധതിയുടെ പാരിസ്ഥിതികാഘാതം എത്രത്തോളമെന്ന് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

കെ റെയിൽ സർവേയുടെ ഭാഗമായി മഞ്ഞക്കല്ല് സ്ഥാപിക്കുന്നതിനെയും കോടതി പരിഹസിച്ചു. രാവിലെ മഞ്ഞക്കല്ലുമായി ആരൊക്കെയോ കയറിവരുമെന്നും ഇതെല്ലാം എന്തിനാണെന്ന് ആർക്കും അറിയില്ല. കെ റെയിൽ ഒരു പദ്ധതിയല്ലെന്നും നിർദിഷ്ട പദ്ധതി മാത്രമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾക്കായി പലവട്ടം കത്തയച്ചിട്ടും കെ റെയിൽ കോർപ്പറേഷൻ നൽകുന്നില്ലെന്ന് കേന്ദ്ര റെയിൽവെ മന്ത്രാലയം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. പാതയുടെ അലൈൻമെന്‍റ്, പദ്ധതിയ്ക്കായി ഏറ്റെടുക്കേണ്ട സ്വകാര്യ ഭൂമി, റെയിൽവെ ഭൂമി തുടങ്ങിയവയുടെ വിശദാംശങ്ങൾ ഇതുവരെ നൽകിയിട്ടില്ല. ഡിപിആര്‍ അപൂർണ്ണമാണെന്ന മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നതായും റെയിൽവെ കോടതിയെ അറിയിച്ചു.

STORY HIGHLIGHTS: High Court criticizes government on silver line project

Next Story