Top

അതിതീവ്ര മഴ; മൂന്ന്‌ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാരകേന്ദ്രം ഈ മാസം 5 വരെ അടച്ചു. അതിരപ്പിള്ളി മലക്കപ്പാറ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

1 Aug 2022 10:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അതിതീവ്ര മഴ; മൂന്ന്‌ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
X

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ മഴ കനക്കുന്നു. ഇന്നും നാളെയും അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുളളത്. എറണാകുളം, തിരുവനന്തപുരം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ രണ്ട്‌ ജില്ലയിലേയും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. എന്നാല്‍ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. ശക്തമായ മഴയെ തുടര്‍ന്ന് പത്തനംതിട്ടയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാരകേന്ദ്രം ഈ മാസം 5 വരെ അടച്ചു. അതിരപ്പിള്ളി മലക്കപ്പാറ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇടുക്കിയില്‍ രാത്രി യാത്ര നിരോധനം ഏര്‍പ്പെടുത്തി.

രാത്രി എട്ടു മുതല്‍ രാവിലെ ആറ് വരെ ഗതാഗതം നിരോധിച്ചു. ട്രെക്കിങ്, ബോട്ടിങ്, മീന്‍പിടുത്തം, ക്വാറികളുടെ പ്രവര്‍ത്തനം എന്നിവക്കും ജില്ലയില്‍ വിലക്കുണ്ട്. തിരുവനന്തപുരം വിഴിഞ്ഞത്ത് തിരയില്‍പ്പെട്ട് വളളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മത്സ്യത്തൊഴിലാളിയായ ടിംസണ്‍ (28) ആണ് മരിച്ചത്. ഇന്ന് വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ ആ?ഗസറ്റ് ഒന്ന് മുതല്‍ അഞ്ച് വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും തെക്ക് ബംഗാള്‍ ഉള്‍ക്കടല്‍, കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ്നാട് തീരം, മാലിദ്വീപ് തീരം, തെക്ക് കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്‌.

Story highlights: heavy rain: holiday for educational institutions in three districts

Next Story

Popular Stories