'പ്രചാരണത്തിന് പിന്നില്‍ വകുപ്പിലെ ചിലര്‍, പ്രശ്നങ്ങളുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം'; ചീഫ് സെക്രട്ടറിയുടെ വിമര്‍ശനം തള്ളി ആരോഗ്യമന്ത്രി
7 April 2022 4:38 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂര്‍: ആരോഗ്യ വകുപ്പ് മോശം വകുപ്പെന്ന ചീഫ് സെക്രട്ടറിയുടെ പരാമര്‍ശത്തില്‍ അതൃപ്തി വ്യക്തമാക്കി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മോശമാണെന്ന് വരുത്തി തീര്‍ക്കാനുള്ള അജണ്ടയുടെ ഭാഗമാണ് പ്രചാരണത്തിന് പിന്നില്‍ എന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാട്. ആരോഗ്യ വകുപ്പിലെ തന്നെ ജീവനക്കാരാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ സെക്രട്ടറി പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് വിമര്‍ശനം ഉന്നയിച്ചത് ദീര്‍ല കാലമായി കെട്ടി കിടക്കുന്ന ഫയലുകളെ കുറിച്ചാണെന്നും ആരോഗ്യമന്ത്രി വിശദീകരിക്കുന്നു.
സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പാണ് ആരോഗ്യ വകുപ്പെന്നായിരുന്നു അതൃപ്തി വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉയര്‍ത്തിയ വിമര്‍ശനം. ചീഫ് സെക്രട്ടറിയുടെ വിമര്‍ശനം ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന് ഖൊബ്രഗഡെ തന്റെ കീഴിലുള്ള വകുപ്പ് മേധാവിമാര്‍ക്കും അയച്ച കത്ത് പുറത്ത് വന്നതോടെയാണ് വിഷയം ചര്‍ച്ചയായത്. ചീഫ് സെക്രട്ടറി സംസ്ഥാന തല യോഗത്തില്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത്. ആരോഗ്യ വകുപ്പിന്റെ വീഴ്ചകള്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വകുപ്പിലെ സ്ഥാനക്കയറ്റം, അച്ചടക്ക നടപടി, സീനിയോരിറ്റി പട്ടിക, അവധിക്രമം തുടങ്ങിയ വിഷയങ്ങളില്‍ വലിയ വീഴ്ചയാണ് സംഭവിക്കുന്നത്. ഉദ്യോഗസ്ഥര്‍ ജോലി കൃത്യമായി നിര്‍വഹിക്കാത്തതാണ് ഇത്തരം വീഴ്ചകള്‍ക്ക് കാരണമാവുന്നതെന്നും കത്തില്‍ പറയുന്നു.
എന്നാല്‍, കത്തിനെ അപലപിച്ച് ആരോഗ്യ വകുപ്പ് രംഗത്ത് എത്തുകയും ചെയ്തിരുന്നു. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി പൊതുജനങ്ങള്‍ക്ക് അതിവേഗ സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം വകുപ്പുതല യോഗങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ടു നല്കുന്ന നിര്‍ദേശങ്ങള്‍ വളച്ചൊടിച്ചു മോശമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നായിരുന്നു ആരോഗ്യ വകുപ്പ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ആരോപിച്ചത്.
ലോകാരോഗ്യ സംഘടനയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും പ്രശംസകള്‍ നിരന്തരം ലഭിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ വകുപ്പ് നിപ്പ, കൊവിഡ് തുടങ്ങിയ പകര്‍ച്ചവ്യാധികളെ പിടിച്ചുകെട്ടിയും ആര്‍ദ്രം പദ്ധതിയിലൂടെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി മികച്ച ആരോഗ്യ സേവനങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുകയുമാണ്. കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടുന്നതിനു സംസ്ഥാനം സ്വീകരിച്ച നടപടികളെ രാജ്യസഭാസമിതി പ്രശംസിച്ച കാര്യവും വകുപ്പ് വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് മന്ത്രി വീണാ ജോര്‍ജിന്റെ വിശദീകരണം.
Content Highlight: Health Minister Veena George rejects Chief Secretary's criticism