കുട്ടിയുടെ കൈമുറിച്ചുമാറ്റിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
കഴിഞ്ഞ മാസം 30 നാണ് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയുണ്ടായ വീഴ്ച്ചയില്‍ സുല്‍ത്താന്‍ സിദ്ദിഖിയുടെ കൈയ്യിലെ എല്ല് പൊട്ടിയത്.
21 Nov 2022 8:43 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂര്‍: കുട്ടിയുടെ കൈമുറിച്ചുമാറ്റിയ സംഭവം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തലശ്ശേരി ജനറല്‍ ആശുപത്രിക്കെതിരെ ഉയര്‍ന്ന ആരോപണം ഗൗരവതരമാണ്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിഴവുകള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
തലശ്ശേരി ചേറ്റുകുന്ന് സ്വദേശി സുല്‍ത്താന്‍ സിദ്ദിഖിനാണ് ഇടതുകൈ നഷ്ടമായത്. ഫുട്ബോള്‍ കളിക്കിടെ വീണ് കൈയൊടിഞ്ഞ വിദ്യാര്‍ത്ഥിക്ക് ആശുപത്രിയില്‍ നിന്നും ചികിത്സ വൈകിയെന്നാണ് കുടുംബം ആരോപിക്കുന്നത്.
കഴിഞ്ഞ മാസം 30 നാണ് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയുണ്ടായ വീഴ്ച്ചയില്‍ സുല്‍ത്താന്‍ സിദ്ദിഖിയുടെ കൈയ്യിലെ എല്ല് പൊട്ടിയത്. തുടര്‍ന്ന് കുട്ടിയെ വീട്ടുകാര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും എക്സ് റേ മെഷീന് പ്രവര്‍ത്തിക്കുന്നില്ലെന്നും സമീപത്തെ സഹകരണ ആശുപത്രിയില്‍ നിന്നും എക്സ് റേ എടുത്ത് വരാനും ഡ്യൂട്ടി ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. എക്സ്റേയില്‍ കുട്ടിയുടെ കൈതണ്ടയില്‍ രണ്ട് എല്ലുകളില്‍ പൊട്ടല്‍ കണ്ടെത്തി.
എല്ലുരോഗ വിദഗ്ധന്‍ ഇല്ലാത്തതിനാല്‍ ഡ്യൂട്ടി ഡോക്ടര്‍ കുട്ടിയുടെ കൈ സ്ലിന്റ് ഇട്ട ശേഷം അഡ്മിറ്റ് ചെയ്യുകയായിരുന്നു. പിറ്റേന്ന് ഡോക്ടര്‍ വിജുമോന് പരിശോധിച്ച് സര്‍ജറി നിര്‍ദേശിച്ചു. 30 ാം തിയ്യതി അഡ്മിറ്റ് ചെയ്ത കുട്ടിയുടെ സര്‍ജറി ഒന്നാം തിയ്യതിയാണ് നടന്നതെന്ന് കുടുംബം ആരോപിക്കുന്നു. ശേഷം 14 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തെങ്കിലും സ്ഥിതി അതീവ ഗുരുതരമായിരുന്നു. പിന്നീട് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി 14 ന് കൈമുറിച്ച് മാറ്റുകയായിരുന്നു.
story Highlights: health minister enquiry in thalassery general hospital case