Top

'താടി 24 വര്‍ഷമായുണ്ട്, ഇനിയും മുഖത്തുണ്ടാകും'; ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ സാമൂഹിക അന്തരീക്ഷം മാറിയതിനാലെന്ന് അഷ്‌റഫ്

18 Jun 2022 11:44 AM GMT
റെയ്ക്കാഡ് അപ്പു ജോർജ്ജ്

താടി 24 വര്‍ഷമായുണ്ട്, ഇനിയും മുഖത്തുണ്ടാകും; ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ സാമൂഹിക അന്തരീക്ഷം മാറിയതിനാലെന്ന് അഷ്‌റഫ്
X

കൊച്ചി: മൂവാറ്റുപുഴ നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അഷ്‌റഫിന്റെ നീട്ടി വളർത്തിയ താടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച. ചിത്രം വെെറലായതോടെ ചൂടേറിയ വിമർശനങ്ങൾക്കും ചർച്ചകൾക്കുമാണ് സംഭവം വഴിവെച്ചത്. 'താലിബാന്‍ താടിവെച്ച കേരള പൊലീസ്' എന്ന ക്യാപ്ഷനോടെ സംഘപരിവാർ പ്രചരണങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. എന്നാൽ താൻ താടി വെക്കുന്നതിൽ നിയമപരമായി യാതൊരു പ്രശ്‌നവുമില്ലെന്നും ഒരു കാരണവശാലും താടി വടിക്കില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് അഷ്റഫ്. ആരോപണങ്ങൾക്ക് മറുപടി നൽകാനില്ലെന്നും ഇപ്പോഴത്തെ പ്രശ്നങ്ങൾ സാമൂഹിക അന്തരീക്ഷം മാറിയതിനാലാകാമെന്നും അഷ്റഫ് റിപ്പോർട്ടർ ലെെവിനോട് പ്രതികരിച്ചു.

ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ നഗരസഭാ കൗണ്‍സിലിലെ പ്രതിപക്ഷം രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നാൽ ഉദ്യോഗസ്ഥന്റെ താടിയെച്ചൊല്ലി നഗരസഭാ കൗണ്‍സിലില്‍ കയ്യാങ്കളിയുണ്ടായെന്ന വാര്‍ത്ത സിപിഐഎം കൗണ്‍സിലര്‍ ജാഫര്‍ സാദിഖ് നിഷേധിച്ചു. ഉദ്യോഗസ്ഥന്‍ താടി വളര്‍ത്തിയത് അപമാനമാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മറിച്ച് മുഖ്യമന്ത്രിക്കെതിരായ യുഡിഎഫ് കൗണ്‍സിലറുടെ പരാമര്‍ശമാണ് കയ്യാങ്കളിയിലേക്ക് നയിച്ചതെന്നും ജാഫര്‍ സാദ്ദിഖ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

അഷ്‌റഫ് പറഞ്ഞത്

'താടി വെയ്ക്കുന്നതിന് സര്‍ക്കാര്‍ വിലക്കോ നിയമപരമായി എന്തെങ്കിലും പ്രശ്‌നങ്ങളോ ഇല്ല. ഒരു കാരണവശാലും താടി വടിക്കില്ല. അതെന്റെ ആദര്‍ശവുമായി ബന്ധപ്പെട്ടതാണ്. ഇസ്ലാമിക് ഐഡന്റിറ്റി ജോലിക്ക് തടസമല്ല. ഒരു പ്രശ്‌നവുമില്ല. യൂണിഫോം കോഡിലൊന്നും താടിയേക്കുറിച്ച് പ്രതിപാദിക്കുന്നില്ല, വിയോജിക്കുന്നുമില്ല. അതുകൊണ്ട് തന്നെ അനുവദനീയമാണ്. ഈ താടി ഞാന്‍ 1998ല്‍ സര്‍വ്വീസില്‍ കയറിയ കാലം തൊട്ടേ ഉള്ളതാണ്.

താടി വൃത്തികേടാണെന്നും താടി വെച്ച് പരിശോധന നടത്താന്‍ യോഗ്യതയില്ലെന്നും പറയുന്നതിന് മറുപടി കൊടുക്കാനില്ല. ഞാന്‍ എന്റെ വഴിക്ക് മുന്നോട്ടുപോകും. ചിലര്‍ക്ക് ഇഷ്ടപ്പെടും, ചിലര്‍ക്ക് ഇഷ്ടപ്പെടില്ല.

താലിബാന്‍ പൊലീസ് എന്നെല്ലാം വിളിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ വന്ന പോസ്റ്റുകളോട് പ്രതികരിക്കാനില്ല. ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പരിമിതികളുണ്ട്. ഞാന്‍ എന്റെ ജോലി ചെയ്യും.

സര്‍വ്വീസില്‍ കയറിയിട്ട് 24 വര്‍ഷമായി. താടി അതിന് മുന്നേ ഉണ്ട്. ഇത്രനാളായിട്ടും ഇല്ലാത്ത പ്രശ്‌നമാണ് ഇപ്പോള്‍. എത്രയോ നാളുകളായി പരിശോധനകള്‍ നടത്തുന്നു. ഇപ്പോഴത്തെ സാമൂഹിക അന്തരീക്ഷം അങ്ങനെയായിരിക്കാം. അതുകൊണ്ടാകും അങ്ങനെ ചിത്രീകരിക്കുന്നത്. മുന്‍പൊരിക്കലും ഇങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല.

സര്‍വ്വീസില്‍ എന്തെങ്കിലും പിഴവുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കട്ടെ. പക്ഷെ, അതില്ല. ഇത്തരം അധിക്ഷേപങ്ങളില്‍ എനിക്ക് വിഷമമില്ല. സമൂഹത്തില്‍ ഇതൊക്കെയുണ്ടാകും. നമ്മളും സമൂഹത്തിന്റെ ഭാഗമാണല്ലോ. മതപരമായ ഐഡന്റിറ്റിയേക്കൂടിയാണ് ചോദ്യം ചെയ്യുന്നത് എന്നത് ശരിയാണ്. പ്രവാചകന്റെ ചര്യ പിന്‍പറ്റുന്നതിന്റെ ഭാഗമായിട്ടുള്ളതാണ്. വിമര്‍ശനങ്ങളുടേയും പരിഹാസങ്ങളുടേയും പേരില്‍ വിശ്വാസം മാറ്റിവെയ്ക്കാന്‍ കഴിയില്ല.

മൂവാറ്റുപുഴ നഗരസഭയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം രാഷ്ട്രീയമാണ്. യുഡിഎഫ്-എല്‍ഡിഎഫ് വാഗ്വാദങ്ങള്‍ക്കിടെ പൊലിപ്പിക്കാന്‍ വേണ്ടി ഈ വിഷയം എടുത്തിട്ടതാണ്. ഞാനുമായി ബന്ധമില്ലാത്ത കാര്യമാണ്. അജണ്ടകള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ചര്‍ച്ച മുറുകാനായി ഒരു കൗണ്‍സിലര്‍ ഈ വിഷയമെടുത്തിട്ടു. അതോടെ തര്‍ക്കമായി. എന്നെ വിളിച്ചു വരുത്തി ചോദ്യം ചെയ്യണമെന്ന് സിപിഐഎം കൗണ്‍സിലര്‍ പറഞ്ഞു. അതിന്റെ ആവശ്യമില്ലെന്ന് ഭരണപക്ഷവും പറഞ്ഞു. എന്നെ വിളിച്ചു വരുത്തണമെന്ന് ആവശ്യപ്പെട്ടത് എന്തിനാണെന്ന് സിപിഐഎം കൗണ്‍സിലറോട് ചോദിക്കണം. എന്നേക്കുറിച്ചുള്ള ട്രോളുകളും പരിഹാസങ്ങളും നഗരസഭയ്ക്ക് അപമാനമാണെന്ന് കൗണ്‍സിലര്‍ പറഞ്ഞതായി വാര്‍ത്തയില്‍ കണ്ട അറിവേയുള്ളു. അതിന്റെ നിജസ്ഥിതി അറിയില്ല.

സാമൂഹികാന്തരീക്ഷം മാറുന്നതില്‍ ഭയമില്ല. പരലോക ജീവിതത്തെ മുന്നില്‍ കണ്ട് ജീവിക്കുന്നയാളാണ് ഞാന്‍. ഭയപ്പെടേണ്ടത് ഈശ്വരനെ മാത്രമാണ്. താടിയുമായി സര്‍വ്വീസില്‍ തുടരും. ഉദ്യോഗസ്ഥനെന്ന നിലയില്‍ ജോലിക്ക് തടസമുണ്ടാകില്ല'.

STORY HIGHLIGHTS: Health Inspector Ashraf speaks about his beard controversy

Next Story