Top

'ഇതിലും ഭേദം മരണമായിരുന്നു എന്ന് പ്രതിയെ ചിന്തിപ്പിക്കുന്നതാണ് ശിക്ഷ'; ബന്ധുക്കളുടെ വൈകാരിക തൃപ്തിയല്ല മാനദണ്ഡമെന്ന് ഹരീഷ് വാസുദേവന്‍

'ജയിലിലൊക്കെ ഇപ്പൊ നല്ല സുഖമല്ലേ' എന്ന ക്‌ളീഷേ പറയാന്‍ വരുന്നവര്‍ രണ്ടു ദിവസം ഏതെങ്കിലും സബ് ജയിലില്‍ പോയി കിടന്നാല്‍ തീരാവുന്നതേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

13 Oct 2021 11:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇതിലും ഭേദം മരണമായിരുന്നു എന്ന് പ്രതിയെ ചിന്തിപ്പിക്കുന്നതാണ് ശിക്ഷ; ബന്ധുക്കളുടെ വൈകാരിക തൃപ്തിയല്ല മാനദണ്ഡമെന്ന് ഹരീഷ് വാസുദേവന്‍
X

ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ ശിക്ഷാ വിധിയെ സ്വാഗതം ചെയ്ത് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. കൊലയ്ക്ക് എല്ലായ്‌യപ്പോഴും പരിഹാരം നിയമപരമായ കൊലയല്ലെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു. സുഖജീവിതത്തിനായി കുറ്റം ചെയ്ത ഒരു കുറ്റവാളിയെ ഓരോ നിമിഷവും ചെയ്ത തെറ്റിനെയോര്‍ത്ത് പശ്ചാത്തപിക്കുന്ന അവസ്ഥയിലേക്ക് അയാളെ എത്തിക്കുന്ന വിധത്തിലുള്ള ശിക്ഷയാണ് അയാള്‍ക്ക് ലഭിക്കേണ്ടത്. ശിക്ഷയനുഭവിക്കുന്ന വേളയില്‍ 'ഇതിലും ഭേദം മരണമായിരുന്നു' എന്നു ചിന്തിക്കുന്ന കുറ്റവാളിയാണ് ശിക്ഷയുടെ ഫലമെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു.

കൊല്ലപ്പെട്ട ആളിന്റെ ബന്ധുക്കളുടെ വൈകാരിക തൃപ്തിയല്ല നിയമവ്യവസ്ഥയില്‍ ശിക്ഷയുടെ മാനദണ്ഡവും ഉദ്ദേശവുമെന്നും ഹരീഷ് വാസുദേവന്‍ വ്യക്തമാക്കി. ശിക്ഷയനുഭവിക്കുന്ന വേളയില്‍ 'ഇതിലും ഭേദം മരണമായിരുന്നു' എന്നു ചിന്തിക്കുന്ന കുറ്റവാളിയാണ് ശിക്ഷയുടെ ഫലം. ഇത്തരം തെറ്റു ചെയ്താല്‍ ഇതാണ് ഫലമെന്ന സന്ദേശം സമൂഹത്തില്‍ എത്തലും. 'ജയിലിലൊക്കെ ഇപ്പൊ നല്ല സുഖമല്ലേ' എന്ന ക്‌ളീഷേ പറയാന്‍ വരുന്നവര്‍ രണ്ടു ദിവസം ഏതെങ്കിലും സബ് ജയിലില്‍ പോയി കിടന്നാല്‍ തീരാവുന്നതേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസില്‍ പ്രതി സൂരജിന് പതിനേഴ് വര്‍ഷം തടവും ഇരട്ട ജീവപര്യന്ത്യവുമാണ് കോടതി വിധിച്ചത്. ഇതിനൊപ്പം അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് കേസില്‍ വിധി പറഞ്ഞത്. പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ രാജ്യത്ത് ശിക്ഷിക്കപ്പെടാന്‍ പോകുന്ന ആദ്യ പ്രതിയാണ് സൂരജ്. വധശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷനും കോടതിയോട് ആവശ്യപ്പെട്ടത്. വധശിക്ഷയ്ക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് കുറ്റങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.

കേരളാ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതക കേസില്‍ പ്രതിക്ക് വധശിക്ഷ ലഭിക്കാതിരുന്നത് പ്രായം കണക്കിലെടുത്താണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിധിയില്‍ തൃപ്തിയില്ലെന്നായിരുന്നു ഉത്രയുടെ മാതാപിതാക്കളുടെ പ്രതികരണം. അതേസമയം വിധിക്കെതിരെ ശക്തമായ പ്രതികരണമാണ് പ്രതിഭാഗം നടത്തിയത്. കോടതി വിധി ജനവികാരം കാരണമാണ് ഇത്തരമൊരു വിധിയുണ്ടായിരിക്കുന്നതെന്നും കൊലപാതകം തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയ കേസന്വേഷണത്തിന്റെ അപകാതകള്‍ ചൂണ്ടിക്കാണിച്ചാവും പ്രതിഭാഗം മേല്‍കോടതിയെ സമീപിക്കുക. പ്രൊസിക്യൂഷന്‍ ചില കാര്യങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെന്ന വാദവും മേല്‍ കോടതിയില്‍ പ്രതിഭാഗം ഉന്നയിക്കും.

Popular Stories

    Next Story