Top

'ഈ ഫോട്ടോ ഒന്ന് ഷെയർ ചെയ്യൂ'; പൃഥ്വിയോടും ദുൽഖറിനോടും ഹരീഷ് പേരടി

ഇരയോടൊപ്പം നിന്നവരാണ് ഇവർ. പാവങ്ങൾ എന്ത് ചെയ്യണം എന്നറിയാതെ മേലോട്ട് നോക്കി നിൽക്കുകയാണ്.

14 Jan 2022 4:02 PM GMT
ഫിൽമി റിപ്പോർട്ടർ

ഈ ഫോട്ടോ ഒന്ന് ഷെയർ ചെയ്യൂ; പൃഥ്വിയോടും ദുൽഖറിനോടും ഹരീഷ് പേരടി
X

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ട കോടതി വിധിയ്ക്ക് പിന്നാലെ മലയാള സിനിമയിലെ യുവനടന്മാരോട് വിഷയത്തിൽ പ്രതികരിക്കാൻ ആവശ്യപ്പെട്ട് നടൻ ഹരീഷ് പേരടി. അതിജീവിതയ്‌ക്കൊപ്പം നിന്ന കന്യാസ്ത്രീകളുടെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാമോ എന്നാണ് ഹരീഷ് പേരടി യുവതാരങ്ങളോട് ചോദിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹരീഷ് പേരടിയുടെ വാക്കുകൾ:

പൃഥിരാജിനോടും ടൊവിനോ തോമസിനോടും ദുൽഖർ സൽമാനോടും നിവിൻപോളിയോടും ആസിഫ് അലിയോടും അങ്ങനെ സകലമാന യുവതാരങ്ങളോടും ഈ ഫോട്ടോ ഒന്ന് ഷെയർ ചെയ്യാൻ ആവശ്യപ്പെടുന്നു. ഇരയോടൊപ്പം നിന്നവരാണ് ഇവർ. പാവങ്ങൾ എന്ത് ചെയ്യണം എന്നറിയാതെ മേലോട്ട് നോക്കി നിൽക്കുകയാണ്. ക്രൂശിക്കപ്പെട്ട യേശു നിങ്ങളിൽ ഉണ്ടെങ്കിൽ മാത്രം, അതിനുള്ള രോമം മുളച്ചിട്ടുണ്ടെങ്കിൽ മാത്രം, നിങ്ങളുടെ പുതിയ സിനിമകളുടെ പോസ്റ്ററും ട്രെയിലറും എല്ലാം നാട്ടുകാരെ കൃത്യമായി അറിയിക്കണം. അവർ കാത്തിരിക്കുകയാണ്. നിങ്ങളുടെ എല്ലാവരുടെയും സിനിമകൾ വലിയ വിജയമാവട്ടെ, ആശംസകൾ.

അതേസമയം വിഷയത്തിൽ നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ എന്നിവരും മലയാള സിനിമാ രം​ഗത്തെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിയും പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. 'ചില ദിവസങ്ങളിൽ നമ്മുടെ പോരാട്ടങ്ങൾ വെറുതെ ആയെന്ന് തോന്നുമ്പോൾ നിരാശ തോന്നും , ഈ അവസ്ഥക്ക് ഒരിക്കലും മാറ്റമുണ്ടാകില്ലെന്നും. ഇന്ന് അത്തരത്തിലുള്ള ഒരു ദിവസമാണ്. അക്രമത്തെയും അനീതിയെയും നേരിടാൻ സ്ത്രീകൾക്ക് ധൈര്യവും ശക്തിയും ഏറെ ആവശ്യമാണ്. പുരുഷാധിപത്യത്തിന്റെ വലിയ ശക്തിയെയാണ് നമുക്ക് നേരിടേണ്ടത്. ആ യാത്രയാവട്ടെ ദീർഘവും കഠിനവുമായ പാതയിലൂടെയാണ്. അതുകൊണ്ട് നമ്മൾ പരസ്പരം പറയണം. ഞങ്ങൾ പോരാട്ടം തുടരുക തന്നെ ചെയ്യും, നീതിയും കൂടുതൽ സമാധാനപരവും മനോഹരവുമായ ഒരു ലോകത്തിനായുള്ള പോരാട്ടമാണിത്.. നമുക്ക് ഹൃദയം നഷ്ടപ്പെടാതെ മുന്നേറാം. അവസാനത്തെ വിജയം നമ്മുടേതായിരിക്കുമെന്ന് ഉറപ്പാണ്! അധികാരത്തിനു മുമ്പിൽ സത്യം പറയാൻ ധൈര്യം കാണിച്ച എല്ലാ ശക്തരായ സ്ത്രീകൾക്കുമൊപ്പമാണ് ഞങ്ങൾ', എന്നാണ് ഡബ്ല്യുസിസിയുടെ പ്രതികരണം.

നേരത്തെ വിഷയത്തിൽ എഴുത്തുകാരൻ എൻഎസ് മാധവനും ട്വിറ്ററിലൂടെ പ്രതികരണവുമായി എത്തിയിരുന്നു. ''യേശു ഒരുകഥ പറഞ്ഞു. ഒരിക്കല്‍ ഒരു കര്‍ഷകന്‍ വിത്ത് വിതയ്ക്കുവാന്‍പോയി. ചില വിത്തുകള്‍ വഴിയരികില്‍ വീണു. അവ കിളികള്‍ കൊത്തിത്തിന്നു. ചില വിത്തുകള്‍ പാറസ്ഥലങ്ങളില്‍ വീണു. അവ പെട്ടെന്ന് മുളച്ചെങ്കിലും മണ്ണിന് ആഴമില്ലാത്തതിനാല്‍ ആഴത്തില്‍ വേരിറങ്ങാന്‍ കഴിഞ്ഞില്ല. ഈ മുളയ്ക്കലും അങ്ങനെയെന്ന് കരുതുന്നു.''എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

Next Story

Popular Stories