അറിവുകളും തൊഴിലവസരങ്ങളുമായി ഹാപ്പിനസ് ഫെസ്റ്റിവൽ നാലാം ദിവസത്തിലേക്ക്
26 Dec 2022 6:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കണ്ണൂർ: ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ നാലാം ദിവസമായ നാളെ ധർമ്മശാല ഗവൺമെൻറ് എൻജിനീയറിങ് കോളേജ് മൈതാനത്ത് രാവിലെ 10 മണിക്ക് തൊഴിലവസരങ്ങളുമായി മെഗാ ജോബ് ഫെയർ സ്ട്രൈഡ് 22 നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് സാംസ്കാരിക സമ്മേളനം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുഖ്യാതിഥികളായി പ്രശസ്ത സാഹിത്യകാരനും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാടും ജി എസ് പ്രദീപും പങ്കെടുക്കും. തുടർന്ന് രാത്രി എട്ട് മണിക്ക് ആഘോഷ രാവിന് മിഴിവേകാൻ കേരള കലാമണ്ഡലത്തിലെ കലാകാരന്മാർ ഒരുക്കുന്ന കലാ സന്ധ്യയുമുണ്ടാകും.
കുട്ടികൾക്കായി പ്രത്യേകം സ്റ്റാളുണ്ട്. ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മണ്ഡലതല കലാമത്സരങ്ങളുടെ ഉദ്ഘാടനം കണ്ണൂർ റൂറൽ എസ് പി ഹേമലത ഐ പി എസ് നിർവഹിച്ചു. ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ പി ഒ മുരളീധരൻ അധ്യക്ഷത വഹിച്ചു. ഡിസംബർ 25 മുതൽ 28വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന കലാമത്സരങ്ങളിൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപാലിറ്റികളിലെയും വിജയികൾ പങ്കെടുക്കും.
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പത്തനംതിട്ടയിൽ സ്ഥിതി ചെയ്യുന്ന വാസ്തുവിദ്യ ഗുരുകുലം ഇൻസ്റ്റിറ്റ്യൂഷൻ നേതൃത്വത്തിലാണ് സ്റ്റാളിന്റെ പ്രവർത്തനം സംഘടിപ്പിക്കുന്നത്. വാസ്തുവിദ്യയും, ചുമർചിത്രയും, മ്യൂറൽ പെയിന്റിലുമാണ് ഇവർ പരിശീലനം നൽകുന്നത്. വാസ്തു വിദ്യ ഗുരുകുലത്തിലെ മ്യൂറൽ പെയിന്റിംഗ് പ്രദർശനങ്ങളും അതിനോടൊപ്പം കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ കീഴിൽ റൂറൽ ആർട്ട് ഹബ്ബ് പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രധാന പൈതൃക ഗ്രാമങ്ങളെ സംരക്ഷിക്കുക എന്ന ആവശ്യം മുൻനിർത്തി കൊണ്ടാണ് ഈ ഒരു സ്റ്റാൾ ഇവിടെ പ്രവർത്തിക്കുന്നത്. വിവിധ പൈതൃക കേന്ദ്രങ്ങളായ കുഞ്ഞിമംഗലത്തെ വെങ്കല ശില്പം, തൃക്കൈപ്പറ്റയിലെ ബാംബൂ ക്രാഫ്റ്റ്, കൈത്തറി, വൈക്കോൽ ചിത്രങ്ങൾ, ദാരുശിൽപങ്ങൾ, പള്ളിയോടം, തുടങ്ങിയവയാണ് സ്റ്റാളിലെ പ്രധാന ആകർഷണങ്ങൾ.
കേരള സർക്കാരിന്റെ അഭിമാന പ്രൊജക്റ്റ് ആയ കെ-ഫോൺ ന്റെ സേവനം ഹാപ്പിനെസ്സ് ഫെസ്റ്റിവലിലുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. 90 മുതൽ 100 എംബി/സെക്കൻഡ് വേഗതയിൽ ആണ് ഫെസ്റ്റിവലിന്റെ ഭാഗമായി വൈ ഫൈ സംവിധാനം ലഭ്യമാകുന്നത്. കേരളത്തിൽ 375 പോപ്പുകൾ ( points of presence) കേന്ദ്രികരിച്ചാണ് പ്രവർത്തിക്കുന്നത്. കണ്ണൂരിൽ 31 പോപ്പുകൾ ആണ് ഉള്ളത്. അതിൽ 30 എണ്ണം പ്രവർത്തനം ആരംഭിച്ചു. മുണ്ടയാട് പോപ്പിൽ നിന്നുമാണ് ഹാപ്പിനെസ്സ് ഫെസ്റ്റിവലിലേക്ക് ഉള്ള ഇന്റർനെറ്റ് സംവിധാനം ലഭ്യമാകുന്നത്. കണ്ണൂരിൽ മാത്രം 1300 ൽ അധികം സ്ഥാപനങ്ങളിൽ ഇപ്പോൾ കെ ഫോൺ സേവനം ലഭ്യമാകുന്നുണ്ട്. ഡിസംബർ 23 മുതൽ ഡിസംബർ 31 വരെയാണ് ഹാപ്പിനസ് ഫെസ്റ്റിവൽ. കണ്ണൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ 150 ഓളം സ്റ്റാളുകളുണ്ട്.
STORY HIGHLIGHTS: Happiness Festival enters fourth day with knowledge and job opportunities in Kannur
- TAGS:
- Kannur
- Happiness Festival