Top

'പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും ആശംസകള്‍;' ഐഎഫ്എഫ്‌കെ വേദിയില്‍ ഭാവന

ഭാവന കേരളത്തിന്റെ റോള്‍ മോഡലാണെന്ന് മന്ത്രി സജി ചെറിയാന്‍

18 March 2022 2:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും ആശംസകള്‍; ഐഎഫ്എഫ്‌കെ വേദിയില്‍ ഭാവന
X

26-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് നടി ഭാവന. പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും തന്റെ ആശംസയെന്നും ഭാവന വേദിയില്‍ സംസാരിച്ചുകൊണ്ട് പറഞ്ഞു.

ഭാവന പറഞ്ഞത്: ''അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അവസരം നല്‍കിയ രഞ്ജിത്തിനും ബീന ചേച്ചിക്കും നന്ദി. നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും അത് ആസ്വദിക്കുന്നവര്‍ക്കും, ലിസയെ പോലെ പോരാട്ടം നയിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും എന്റെ എല്ലാ വിധ ആശംസകളും. നന്ദി.''

ഭാവന കേരളത്തിന്റെ റോള്‍ മോഡലാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ''ഒരുപാട് പ്രതിസന്ധികളും പ്രയാസങ്ങളും നേരിടുന്ന മേഖലയാണ് സിനിമ. പ്രിയപ്പെട്ട ഭാവന, ഞാന്‍ അഭിമാനത്തോടെ പറയുന്നു, നിങ്ങള്‍ കേരളത്തിന്റെ റോള്‍ മോഡലാണ്. കേരളത്തിന്റെ മുഖ്യമന്ത്രി നിശ്ചയദാര്‍ഢ്യമുള്ള മുഖ്യമന്ത്രിയാണ്. സിനിമാ രംഗത്തും സീരിയല്‍ രംഗത്തും എല്ലാ മേഖലകളിലും സ്ത്രീ സുരക്ഷിത്വം ഉറപ്പുവരുത്താന്‍ കര്‍ശനമായ നിലപാട് സ്വീകരിക്കാന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നല്ലൊരു നിയമം സ്ത്രീസമൂഹത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി രൂപപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.''-മന്ത്രി പറഞ്ഞു.




പോരാട്ടത്തിന്റെ പെണ്‍പ്രതീകമെന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. സംവിധായകന്‍ ഷാജി എന്‍. കരുണ്‍ ഉപഹാരം നല്‍കി ഭാവനയെ സ്വീകരിച്ചു. പ്രിയപ്പെട്ട ഭാവനയ്‌ക്കൊപ്പമെന്ന് പറഞ്ഞ് മന്ത്രി വി ശിവന്‍കുട്ടിയും താരത്തിനൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചു.




അതിക്രമം നേരിട്ട ശേഷം ഇതാദ്യമായാണ് ഭാവന പൊതു പരിപാടിയില്‍ പങ്കെടുത്തത്. കുറച്ചുവര്‍ഷങ്ങളായി ഭാവന മലയാള സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. കന്നഡ, തമിഴ് ഭാഷകളില്‍ സജീവമായി തുടര്‍ന്നു. അടുത്തിടെയാണ് നടി താന്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയത്. തന്റെ അഭിമാനം ചിതറിത്തെറിച്ചെന്നും അത് വീണ്ടെടുക്കുമെന്നും നടി മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്തിന് നല്‍കിയ തത്സമയ അഭിമുഖത്തിനിടെ പ്രതികരിച്ചു. താന്‍ ഇരയല്ല അതിജീവിതയാണെന്നും ഭാവന പറഞ്ഞിരുന്നു.

ഇപ്പോള്‍ 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!' എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്കും തിരിച്ചു വരവ് നടത്തുകയാണ്. ആദില്‍ മയ്മാനാഥ് അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷറഫുദ്ദീനും ഭാവനയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍.

Next Story