Top

നിയമസഭാ സമ്മേളനത്തിന് ഗവർണറുടെ അനുമതി

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരിൽ ഗവര്‍ണര്‍ക്ക് അനുകൂലമായി കാര്യങ്ങൾ തിരിയുന്ന ഘട്ടത്തിലാണ് സഭാ സമ്മേളനം ആരംഭിക്കാൻ പോകുന്നത്

17 Nov 2022 6:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിയമസഭാ സമ്മേളനത്തിന് ഗവർണറുടെ അനുമതി
X

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് അനുമതി നൽകി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡിസംബർ അഞ്ചു മുതലാണ് നിയമസഭ സമ്മേളിക്കുന്നത്. ഇത് സംബന്ധിച്ച മന്ത്രിസഭാ ശുപാർശ ​ഗവർണർ അം​ഗീകരിച്ചു. ​ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നതിനുളള ബിൽ കൊണ്ടുവരാനാണ് സഭ സമ്മേളിക്കുന്നത്. നിയമസഭാ സ്പീക്കറായി എഎൻ ഷംസീർ ചുമതലയേറ്റതിന് ശേഷമുളള ആദ്യ നിയമസഭാ സമ്മേളനമാണിത്.

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരിൽ ഗവര്‍ണര്‍ക്ക് അനുകൂലമായി കാര്യങ്ങൾ തിരിയുന്ന ഘട്ടത്തിലാണ് സഭാ സമ്മേളനം ആരംഭിക്കാൻ പോകുന്നത്. ​സിപിഎമ്മിനൊപ്പം ഗവര്‍ണറെ കടന്നാക്രമിച്ച പ്രതിപക്ഷം കോടതികളിൽ നിന്നും തുടര്‍ച്ചയായി തിരിച്ചടിയുണ്ടായി തുടങ്ങിയതോടെ സർക്കാരിനെതിരെ നീക്കം ആരംഭിച്ചിട്ടുണ്ട്. കോർപ്പറേഷനിലെ കത്ത് വിവാദവും പ്രതിപക്ഷം നിയമസഭാ സമ്മേളനത്തിൽ ഉയർത്തിയേക്കും.

അതേസമയം കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രതികരണങ്ങളും നെഹ്റു വിരുദ്ധ പ്രസ്താവനകളും സഭാ സമ്മേളനത്തിൽ ഭരണപക്ഷം ആയുധമാക്കിയേക്കാം. ഇക്കാര്യത്തിൽ മുസ്ലിം ലീ​ഗിന്റെ നിലപാടും ഭരണപക്ഷം ചോദ്യം ചെയ്തേക്കും.

വെറ്റിനറി സർവകലാശലയിലെ വിസിക്ക് ഗവർണർ ഉടൻ നോട്ടീസ് നൽകില്ലെന്നാണ് വിവരം. വിസിമാരുടെ ഹർജികളിൽ കോടതി തീരുമാനം വരട്ടെ എന്നാണ് ​ഗവർണർ വ്യക്തമാക്കിയത്. നവംബർ 30 നാണ് കേസ് ഹൈക്കോടതി പരിഗണിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാലയിലെ പ്രിയ വര്‍ഗ്ഗീസിൻ്റെ നിയമനത്തിൻ്റെ പേരിൽ ഹൈക്കോടതിയിൽ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് സർക്കാരിന് ഏറ്റുവാങ്ങേണ്ടി വന്നത്. കെടിയു, കുഫോസ് വിസിമാരുടെ നിയമനങ്ങൾ കോടതി റദ്ദാക്കിയതും തിരിച്ചടിയായിട്ടുണ്ട്.

STORY HIGHLIGHTS: Governor give permission for Assembly session

Next Story