Top

'പാർട്ടി കേഡർ ആളുകൾ ജേണലിസ്റ്റ് ആണെന്ന രീതിയിൽ വന്നിരിക്കുന്നു'; മാധ്യമ പ്രവർത്തകരെ അപമാനിച്ച് ഗവർണർ

ആര്‍ക്കെങ്കിലും എന്നോട് സംസാരിക്കാനുണ്ടെങ്കില്‍ രാജ്ഭവനിലേക്ക് അപേക്ഷിച്ചാൽ സംസാരിക്കുമെന്നും ​ഗവർണർ അറിയിച്ചു

24 Oct 2022 6:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാർട്ടി കേഡർ ആളുകൾ ജേണലിസ്റ്റ് ആണെന്ന രീതിയിൽ വന്നിരിക്കുന്നു; മാധ്യമ പ്രവർത്തകരെ അപമാനിച്ച് ഗവർണർ
X

തിരുവനന്തപുരം: ഗവർണർ-സർക്കാർ തർക്കം രൂക്ഷമായിരിക്കെ മാധ്യമങ്ങളെ അപമാനിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല വിഷയത്തിൽ ​ഗവർണറുടെ പ്രതികരണം എടുക്കാനെത്തിയ മാധ്യമ പ്രവർത്തകരോട് ​ഗവർണർ കയർത്തു സംസാരിച്ചു. പാർട്ടി കേഡർ ആളുകൾ ജേണലിസ്റ്റ് ആണെന്ന രീതിയിൽ വന്നിരിക്കുന്നു. ആരാണ് നിങ്ങളെ നിയന്ത്രിക്കുന്നത് എന്ന് എനിക്കറിയില്ല. ചിലർ മാധ്യമ പ്രവർത്തകരായി നടിക്കുന്നു എന്നും ​ഗവർണർ വിമർശിച്ചു.

ഒമ്പത് സർവകലാശാല വൈസ് ചാൻസലർമാരോട് രാജി ആവശ്യപ്പെട്ട ​ഗവർണറുടെ നിർദേശം മുഖ്യമന്ത്രി പിണറായി വിജയൻ തളളിയതിന് പിന്നാലെയാണ് ​ഗവർണറുടെ കേഡർ പരാമർശം. കേഡറിലുൾപ്പെട്ടവരോട് എനിക്ക് സംസാരിക്കാൻ താത്പര്യമില്ല. ആര്‍ക്കെങ്കിലും എന്നോട് സംസാരിക്കാനുണ്ടെങ്കില്‍ രാജ്ഭവനിലേക്ക് അപേക്ഷിച്ചാൽ സംസാരിക്കുമെന്നും ​ഗവർണർ അറിയിച്ചു.

നിങ്ങളിൽ എത്ര പേര് യഥാർത്ഥ മാധ്യമ പ്രവർത്തകരാണ് എന്നും ​ഗവർണർ കയർത്തു ചോദിച്ചു. സംസാരിച്ച് സമയം കളയാൻ ഇല്ലെന്ന് പറഞ്ഞ ​ഗവർണർ വളരെ വേ​ഗത്തിൽ വാഹനത്തിൽ കയറി പോയി.

ഒമ്പത് വിസിമാരുടെ രാജിയാവശ്യപ്പെട്ട ​ഗവർണറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി രൂക്ഷ വിമർശനമാണ് ഉയർത്തിയത്. രാജി ആവശ്യം മുഖ്യമന്ത്രി തളളി. ​സംഘപരിവാര്‍ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ നശീകരണ ബുദ്ധിയോടെയുള്ള യുദ്ധമാണ് നടത്തുന്നത്. പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും മുഖ്യമന്ത്രി പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു. യുജിസി ചട്ടങ്ങള്‍ പാലിക്കാതെയാണ് വിസി നിയമനം നടന്നതെന്നാണ് ഗവര്‍ണര്‍ പറയുന്നത്. വിസി നിയമനം ചട്ടവിരുദ്ധമായാണ് നടന്നതെങ്കില്‍ പ്രാഥമിക ഉത്തരവാദിത്തം നിയമനാധികാരിയായ ഗവര്‍ണര്‍ക്ക് തന്നെയാണ്. ഗവര്‍ണരുടെ ലോജിക് പ്രകാരം പദവിയില്‍ നിന്നും ഒഴിയേണ്ടത് വിസിമാരാണോയെന്ന് അലോചിക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് കാര്യങ്ങള്‍ നടക്കുന്നത് ഭരണഘടനയും നിയമങ്ങളും കീഴ്‌വഴക്കങ്ങളും അനുസരിച്ചാണ്. അതിന് വിരുദ്ധമായ പ്രവണതകള്‍ ഉണ്ടാവുമ്പോള്‍ പ്രതികരണവും ഉണ്ടാവും. കേരളത്തില്‍ ചില കാര്യങ്ങള്‍ നടത്താന്‍ അസ്വാഭാവിക തിടുക്കവും അത്യൂത്സാഹവും കാണിക്കുകയാണ് ഗവര്‍ണര്‍. നിയമവും നീതിയും നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്നത് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ കൂടിയാണ്. അതിന്റെ ഭാഗമാണ് വൈസ് ചാന്‍സിലര്‍മാരോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

STORY HIGHLIGHTS: Governor Arif Mohammed Khan insulted Malayalee Journalists

Next Story