Top

'അക്രമകാരികളായ നായ്ക്കളില്‍ നിന്ന് മനുഷ്യനെ രക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്'; ജനങ്ങള്‍ നിയമം കയ്യിലെടുക്കരുതെന്നും ഹൈക്കോടതി

അക്രമികളായ നായ്ക്കളെ പൊതുസ്ഥലങ്ങളില്‍ നിന്നു മാറ്റണമെന്നും ഹെെക്കോടതി നിര്‍ദേശിച്ചു

15 Sep 2022 1:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അക്രമകാരികളായ നായ്ക്കളില്‍ നിന്ന് മനുഷ്യനെ രക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്; ജനങ്ങള്‍ നിയമം കയ്യിലെടുക്കരുതെന്നും ഹൈക്കോടതി
X

കൊച്ചി: തെരുവു നായ്ക്കളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. അക്രമികളായ നായ്ക്കളെ പൊതുസ്ഥലങ്ങളില്‍ നിന്നു മാറ്റണമെന്നും ഹെെക്കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന പരിഹാര നടപടികള്‍ നാളേയ്ക്കകം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നു ജസ്റ്റിസുമാരായ എ കെ ജയശങ്കര്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരുള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. കേസ് നാളെ വീണ്ടും പരിഗണിക്കും.

എന്നാല്‍ ജനങ്ങള്‍ നിയമം കയ്യിലെടുക്കരതെന്നും തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അനധികൃതമായി നായ്ക്കളെ കൊന്നൊടുക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം. സംസ്ഥാനത്തുടനീളം തെരുവു നായ്ക്കളുടെ അക്രമണം പെരുകിയ സാഹചര്യത്തില്‍ കേസില്‍ കോടതി സ്പെഷ്യല്‍ സിറ്റിങ് നടത്തുകയായിരുന്നു.

തെരുവു നായ പ്രശ്നത്തില്‍ സര്‍ക്കാര്‍ ചില തീരുമാനങ്ങളെടുത്തതായി അഡീഷനല്‍ അഡ്വക്കറ്റ് അശോക് എം ചെറിയാന്‍ അറിയിച്ചു. തുടര്‍ന്നാണ് കോടതി സമയപരിധി വച്ചത്. അതോടൊപ്പം തെരുവുനായ്ക്കളുടെ വന്ധ്യംകരണം ഫലപ്രദമാക്കാന്‍ മുമ്പ് നല്‍കിയ ഉത്തരവുകളില്‍ സര്‍ക്കാര്‍ എടുത്ത നടപടികളും കോടതിയെ അറിയിക്കണം.

Story Highlight: Government has an obligation to protect humans from stray dogs says High court

Next Story