Top

വിസിമാര്‍ രാജിവെക്കേണ്ടെന്ന് സർക്കാർ; പുറത്താക്കാന്‍ രാജ്ഭവന്‍, ഇന്ന് നിര്‍ണായകം

കാലിക്കറ്റ്, കുസാറ്റ്, മലയാളം സർവകലാശാല വിസിമാർ പുറത്തുപോകേണ്ടത് സെർച്ച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധർ ഇല്ലാത്ത സാഹചര്യത്തിലാണ്

24 Oct 2022 1:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിസിമാര്‍ രാജിവെക്കേണ്ടെന്ന് സർക്കാർ; പുറത്താക്കാന്‍ രാജ്ഭവന്‍, ഇന്ന് നിര്‍ണായകം
X

തിരുവനന്തപുരം: ഒമ്പത് വിസിമാർക്ക് രാജിവെക്കാൻ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ അന്ത്യശാസനം ഇന്ന് അവസാനിക്കും. ഇന്ന് വിസിമാർ രാജിവെച്ചൊഴിഞ്ഞില്ലെങ്കിൽ മെമ്മോ നൽകി പുറത്താക്കാനാണ് രാജ്ഭവൻ നീക്കം. അതേസമയം വിസിമാര്‍ രാജിവെക്കേണ്ട എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ​ഗവർണറുടെ ഉത്തരവിനെതിരെ സർക്കാർ കോടതിയെ സമീപിച്ചേക്കും.

ഇന്ന് 11.30 നുള്ളിൽ രാജിക്കത്ത് രാജഭവന് കൈമാറണം എന്നാണ് ഗവർണർ വിസിമാർക്ക് നൽകിയ നിർദേശം. കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ, കുസാറ്റ്, കാലടി, ഫിഷറീസ്, കെടിയു, മലയാളം സർവകലാശാല വിസിമാർക്കാണ് രാജിക്കുള്ള അന്ത്യശാസനം ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്. യുജിസി മാർഗനിർദേശം ലംഘിച്ചുള്ള നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് ചാൻസലറുടെ നടപടി. ഇതിൽ സെർച്ച് കമ്മിറ്റി ഒറ്റപ്പേര് നൽകിയതിനാലാണ് കേരള, എംജി, കണ്ണൂർ, കെടിയു, ഫിഷറീസ് കാലടി വിസിമാർ രാജിവെക്കേണ്ടത്. കാലിക്കറ്റ്, കുസാറ്റ്, മലയാളം സർവകലാശാല വിസിമാർ പുറത്തുപോകേണ്ടത് സെർച്ച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധർ ഇല്ലാത്ത സാഹചര്യത്തിലാണ്.

അതേസമയം ഗവര്‍ണര്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ മുഖ്യമന്ത്രി കാണും. രാവിലെ 10.30 ന് പാലക്കാട് കെഎസ്ഇബി ​ഗസ്റ്റ് ഹൗസിൽ വെച്ചായിരിക്കും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം. ഞായറാഴ്ച രാത്രിയോടെ മുഖ്യമന്ത്രി കെഎസ്ഇബി ഗസ്റ്റ് ഹൗസിൽ എത്തിയിരുന്നു. എന്നാൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല.

STORY HIGHLIGHTS: Government and governor conflicts today is crucial

Next Story