'എസ് ഐ സാറെ.., രണ്ടും കല്‍പ്പിച്ചിറങ്ങാണ്'; പൊലീസിന് നേരെ ഒളിവിലുള്ള ഗുണ്ടാ തലവന്റെ ഭീഷണി
പൊലീസ് അന്വേഷിക്കുന്ന കണ്ണൂര്‍ നാറാത്ത് സ്വദേശി ഷമീമാണ് എസ്‌ഐയെ ഭീഷണിപ്പെടുത്തുന്നത്.
25 Nov 2021 6:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വടകര തണ്ണീര്‍ പന്തലില്‍ ഗുണ്ടാ സംഘം വീട് കയറി അക്രമിച്ച സംഭവത്തില്‍ ഒളിവിലുള്ള ഗുണ്ടാ തലവന്റെ ഭീഷണി വീഡിയോ പുറത്ത്. നാദാപുരം പൊലീസിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കേസില്‍ പൊലീസ് അന്വേഷിക്കുന്ന കണ്ണൂര്‍ നാറാത്ത് സ്വദേശി ഷമീമാണ് എസ്‌ഐയെ ഭീഷണിപ്പെടുത്തുന്നത്. എസ് ഐയ്ക്ക് തന്നെ ശരിക്കും അറിയിലെന്നും തങ്ങള്‍ക്ക് നേരെ വന്നാല്‍ പണി കിട്ടുമെന്നുമാണ് ഇയാളുടെ ഭീഷണി.
നാദാപുരം എസ്‌ഐയുടെ നേര്‍ക്കാണ് ഗുണ്ടാ തലവന്‍ ഭീഷണി ഉയർത്തിയത്. പണിക്കാരെ വിട്ട് കളിച്ചാല്‍ പണികള്‍ ഒന്നും നടക്കില്ല. അതുകൊണ്ട് പണിയെടുക്കുന്ന ആളെ തരില്ല. ജീവിതം മുട്ടിപോകുന്ന കാര്യാണെന്നും രണ്ടും കല്‍പ്പിച്ചിട്ടാണ് ഇറങ്ങുന്നത് എന്നുമാണ് ഇയാളുടെ ഭാഷ്യം.
ഷമീമിന്റെ ഭീഷണി വീഡിയോയില്‍ പറയുന്നത്
നാദാപുരംകാര്‍ക്ക് എന്നെ മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. പണിയെടുക്കുന്ന സമയത്ത് പണിയെടുക്കുന്നുണ്ടോ എന്ന് അടുത്ത് വന്ന് നോക്കണ്ട കാര്യം ഇല്ല. അവിടെ വന്ന് എന്താണ് ചെയ്യുന്നതെന്ന് നോക്കിയാല്‍ അടിക്കിട്ടും. അതുകൊണ്ട് തന്നെയാണ് തല്ലിയത്.
നാദാപുരം എസ് ഐ സാറെ, ഞാന്‍ ആദ്യമായി സ്വന്തമായെടുത്ത സ്ഥലത്ത് തുടങ്ങാന്‍ പോകുന്ന ജംങ്കിള്‍ കഫേ എന്ന സ്ഥാപനമുണ്ട്. അതുപോലെ മരം മുറിച്ച് പ്ലൈവുഡ് കടകളിലേക്ക് കച്ചവടം നടത്തുന്നവരാണ് ഈ ഭാഗത്തുള്ളത്. പണിക്കാരെ വിട്ട് കളിച്ചാല്‍ പണികള്‍ ഒന്നും നടക്കില്ല. അതുകൊണ്ട് പണിയെടുക്കുന്ന ആളെ തരില്ല. ജീവിതം മുട്ടിപോകുന്ന കാര്യാണ്, രണ്ടും കല്‍പ്പിച്ചിട്ട് ഇറങ്ങാണ്. ഒന്നു നോക്കീട്ട് വേണ്ടത് ചെയ്യണേ...
- TAGS:
- Kozhikode
- Threat video
- Crime
- Goonda