Top

തിരുവല്ലയില്‍ ഓശാന പ്രദക്ഷിണത്തിനിടെ ആക്രമണം; എല്‍ഡിഎഫ് നേതാവിന് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു

പ്രദക്ഷിണത്തിനിടെ വിശ്വാസികള്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയെന്നാരോപിച്ച് തര്‍ക്കമുണ്ടായിരുന്നു.

10 April 2022 12:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവല്ലയില്‍ ഓശാന പ്രദക്ഷിണത്തിനിടെ ആക്രമണം; എല്‍ഡിഎഫ് നേതാവിന് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു
X

പത്തനംതിട്ട: തിരുവല്ലയില്‍ ഓശാന ഞായര്‍ ശുശ്രൂഷകള്‍ക്കിടെ ആക്രമണം. തുകലശ്ശേരി സെന്റ് ജോസഫ് പള്ളിയിലെ ഓശാന പ്രദക്ഷിണത്തിനിടെയാണ് സംഭവം. കുരുത്തോല പ്രദക്ഷിണത്തില്‍ പങ്കെടുത്ത തിരുവല്ല നഗരസഭാ വൈസ് ചെയര്‍മാന്‍ ഫിലിപ്പ് ജോര്‍ജ് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ അക്രമി സംഘം കുരുമുളക് പ്രയോഗിച്ചു.

പ്രദക്ഷിണത്തിനിടെ വിശ്വാസികള്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയെന്നാരോപിച്ച് തര്‍ക്കമുണ്ടായിരുന്നു. ഇതിനേത്തുടര്‍ന്ന് പ്രദക്ഷിണത്തില്‍ പങ്കെടുത്തവരും കാറിലുണ്ടായിരുന്നവരും തമ്മില്‍ വാക്കേറ്റമായി. തിരുവല്ല നഗരസഭ വൈസ് ചെയര്‍മാനും കേരള കോണ്‍ഗ്രസ് എം നേതാവുമായ ഫിലിപ്പ് ജോര്‍ജ്, സ്റ്റീഫന്‍ ജോര്‍ജ്, ജോണ്‍ ജോര്‍ജ്, ഡേവിഡ് ജോസഫ് എന്നിവര്‍ക്ക് നേരെ കാറിലുണ്ടായിരുന്ന നാലംഗ സംഘം കുരുമുളക് സ്‌പ്രേ അടിച്ചു.

അക്രമം നടത്തിയ ശേഷം കാറിലുണ്ടായിരുന്നവര്‍ വാഹനവുമായി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പരുക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല. സംഭവത്തില്‍ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവല്ല കുരിശുകവല സ്വദേശി കൊയിലാണ്ടി രാഹുല്‍ എന്നയാളുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രാഹുല്‍. ഇയാളേയും കൂട്ടാളികളേയും പൊലീസ് തെരയുന്നുണ്ട്.

Story Highlights: pepper spray attack against thiruvalla vice chairman amidst palm sunday procession

Next Story