'ബിരിയാണി ചെമ്പില്‍ സ്വര്‍ണം കടത്തിയെന്ന്'; കവടിയാറില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് സാധനം എത്തിക്കാന്‍ ചെമ്പില്‍ എത്തിക്കേണ്ട കാര്യമുണ്ടോയെന്ന് കോടിയേരി
''സ്വപ്ന സുരേഷ് കേന്ദ്രഏജന്‍സികളുടെ കളിപ്പാവയായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഓരോന്ന് വിളിച്ച് പറയുന്നത്.''
21 Jun 2022 2:59 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ തള്ളി വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കവടിയാറില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് ഒരു സാധനം എത്തിക്കാന്‍ ബിരിയാണി ചെമ്പില്‍ എത്തിക്കേണ്ട കാര്യമുണ്ടോയെന്നാണ് വാദങ്ങളെ പരിഹസിച്ച് കോടിയേരി പറഞ്ഞത്. ആര്‍എസ്എസ് നീക്കത്തിന്റെ ഭാഗമാണ് ഇപ്പോള്‍ ഉയര്‍ത്തി കൊണ്ടുവരുന്ന പ്രചരണങ്ങള്‍. ഈ പ്രചരണങ്ങളില്‍ വസ്തുതയുണ്ടെങ്കില്‍ അന്വേഷിക്കട്ടേ. ആരും അതിന് എതിരല്ലെന്നും കോടിയേരി വ്യക്തമാക്കി.
സ്വപ്ന സുരേഷ് കേന്ദ്രഏജന്‍സികളുടെ കളിപ്പാവയായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഓരോന്ന് വിളിച്ച് പറയുന്നത്. അതിന് വസ്തുതകളുമായിട്ട് ഒരു ബന്ധവുമില്ലെന്ന് കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് എല്‍ഡിഎഫ് സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.
കോടിയേരി ബാലകൃഷ്ണന് പറഞ്ഞത്: ''എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത് പലര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല. സംസ്ഥാനത്തെ കുത്തകമാധ്യമങ്ങളാകെ എല്‍ഡിഎഫ് വീണ്ടും വരുന്നതിന് എതിരായിരുന്നു. ധനമൂലധനശക്തികള്‍ എല്‍ഡിഎഫ് അധികാരത്തില്‍ കൊണ്ടുവരാതിരിക്കാന്‍ എല്ലാ പണികളും നടത്തി. പക്ഷെ ജനങ്ങള്‍ വീണ്ടും എല്‍ഡിഎഫിന് ഒരു അവസരം നല്കി. ഇത് എതിരാളികളുടെ സമനില ആകെ തെറ്റിച്ചിരിക്കുകയാണ്. സര്‍ക്കാരിനെ എങ്ങനെയെങ്കിലും പുറത്തക്കണമെന്നാണ് പ്രതിപക്ഷം ചിന്തിക്കുന്നത്. ഇതിനായി അവര്‍ അവസരങ്ങള്‍ കാത്തിരിക്കുകയാണ്. രണ്ട് വര്‍ഷം മുന്‍പാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ദുബായില്‍ നിന്നൊരു ഡിപ്ലമാറ്റിക് പാഴ്സലില്‍ 30 കിലോ സ്വര്‍ണം വന്നത്.''
''ആ സന്ദര്‍ഭത്തില്‍ തന്നെ മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിന് കത്ത് അയച്ചു. ഗൗരതമേറിയ പ്രശ്നമാണ്. കേന്ദ്രഏജന്‍സികള്‍ അന്വേഷിച്ച് ഉത്തരവാദികളെ കണ്ടെത്തണം. എന്നാല്‍ ഇത്രയും കാലമായിട്ടും സ്വര്‍ണം അയച്ച ആളെ കണ്ടെത്താന്‍ അന്വേഷണഏജന്‍സിക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല. വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം കൈപ്പറ്റിയ ആളെ കസ്റ്റഡിയില്‍ എടുക്കാനും എന്തുകൊണ്ട് സാധിച്ചില്ല. ഇതിന്റെ അന്വേഷണം ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ബിജെപി ബന്ധമുള്ളവരിലേക്ക് നീങ്ങുന്ന ഘട്ടം വന്നപ്പോള്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചുയെന്നൊരു കഥ ഉണ്ടാക്കി. പക്ഷെ അന്വേഷണ ഉദ്യോഗസ്ഥന് തന്നെ പറഞ്ഞു, മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാരും വിളിച്ചിട്ടില്ലെന്ന്. ആ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. സംഭവത്തെ എന്തിന് വേണ്ടി ഉപയോഗിച്ചെന്നതിന്റെ തെളിവാണിത്.''
''കേസുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇതില്‍പ്പെട്ട ഒരു സ്ത്രീ അന്ന് മുതല്‍ നല്കി കൊണ്ടിരിക്കുന്ന മൊഴി ഇപ്പോള്‍ മാറ്റി മാറ്റി പറഞ്ഞ് ആശയക്കുഴപ്പം സൃഷ്ടിച്ച് സര്‍ക്കാരിന് എതിരായിട്ടുള്ള പ്രചരണം സൃഷ്ടിക്കാനാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ അവര്‍ പറയുന്നത് എനിക്ക് കേന്ദ്രഏജന്സികളിലാണ് വിശ്വാസം, അവര്‍ എന്നെ സംരക്ഷിക്കണമെന്നാണ്. ആ സ്വപ്ന സുരേഷ് ഇപ്പോള്‍ കേന്ദ്രഏജന്‍സികളുടെ കളിപ്പാവയായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഓരോന്ന് വിളിച്ച് പറയുന്നത്. വസ്തുതകളുമായിട്ട് ഒരു ബന്ധവുമില്ല.''
''നേരത്തെ പറഞ്ഞ കാര്യം തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ പറഞ്ഞു, ഈന്തപ്പഴത്തില്‍ സ്വര്‍ണം കടത്തിയെന്ന്, ഉദ്യോഗസ്ഥര്‍ പല സ്ഥലത്തും ഈന്തപ്പഴം പരിശോധിച്ചു. സ്വര്‍ണം കിട്ടിയില്ല. പിന്നെ പറഞ്ഞു ഖുറാനില്‍ സ്വര്‍ണം കടത്തിയെന്ന്. പരിശോധിച്ചു, സ്വര്‍ണം കണ്ടെത്തിയില്ല. ഇപ്പോള്‍ പറയുന്നു, ബിരിയാണി ചെമ്പില്‍ സ്വര്‍ണം കടത്തിയെന്ന്. ഇങ്ങനെയുള്ള സാധനങ്ങള്‍ ഒരാള്‍ക്ക് കൊടുക്കണമെങ്കില്‍ ബിരിയാണി ചെമ്പില്‍ കടത്തേണ്ട കാര്യമുണ്ടോ. കവടിയാറില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് ഒരു സാധനം എത്തിക്കാന്‍ ബിരിയാണി ചെമ്പില്‍ എത്തിക്കേണ്ട കാര്യമുണ്ടോ.''
''ഇവരിപ്പോള്‍ ആര്‍എസ്എസിന്റെ കൈയില്‍ കളിക്കുകയാണ്. ആര്‍എസ്എസ് നടത്തുന്ന ഒരു എന്‍ജിഒ അവിടെയാണ് അവരിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കസ്റ്റംസ് കേസിലും ഇഡി കേസിലും പ്രതിയായ ഒരാളെ എങ്ങനെയാണ് ആര്‍എസ്എസ് എന്‍ജിഒയില്‍ ജോലിക്ക് നിശ്ചയിച്ചത്. ഇതില്‍ ദുരൂഹതയില്ലേ. കേരള രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ആര്‍എസ്എസ് നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് ഇപ്പോള്‍ ഉയര്‍ത്തി കൊണ്ടുവരുന്ന പ്രചരണങ്ങള്‍. ഈ പ്രചരണങ്ങളില്‍ വസ്തുതയുണ്ടെങ്കില്‍ അന്വേഷിക്കട്ടേ. ആരും അതിന് എതിരല്ല. പക്ഷെ പുകമറ സൃഷ്ടിക്കുകയാണ് ഇപ്പോള്‍ ഉദേശിക്കുന്നത്.''
'മുഖ്യമന്ത്രിയുടെ സുരക്ഷ സിപിഐഎം ഏറ്റെടുത്താല്‍ ഒറ്റ ഒരുത്തനും അടുക്കില്ല'
കോണ്‍ഗ്രസ് പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ സിപിഐഎം ഏറ്റെടുത്താന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഒരാളും അടുക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വിമാനത്തിന് അകത്ത് പോലും യാത്ര ചെയ്യാന്‍ മുഖ്യമന്ത്രിയെ സമ്മതിക്കില്ലെന്ന് വന്നാല്‍ സുരക്ഷ കൊടുക്കേണ്ടേയെന്നും കോടിയേരി ചോദിച്ചു. തിരുവനന്തപുരത്ത് എല്‍ഡിഎഫ് സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.
കോടിയേരി ബാലകൃഷ്ണന്റെ വാക്കുകള്‍: ''മുഖ്യമന്ത്രി വിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ ആക്രമിക്കാന്‍ ശ്രമിച്ചില്ലേ. ഇത്തരമൊരു സംഭവം രാജ്യത്ത് ഇന്നേവരെ നടന്നിട്ടില്ല. പണ്ടൊരു വിമാനറാഞ്ചല്‍ പരിപാടി നടന്നിരുന്നു. അത് ഇന്ദിരാ ഗാന്ധിയെ അറസ്റ്റ് ചെയ്തപ്പോള്‍, ഇത് കോണ്‍ഗ്രസിന്റെ സംസ്കാരമാണ്.''
''സാധാരണ മുഖ്യമന്ത്രി വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് മാത്രമേ ഉണ്ടാകൂ. ആക്രമിക്കാന്‍ വന്ന സംഘം മുഖ്യമന്ത്രി ഇരിക്കുമ്പോള്‍ ഇരച്ചുകയറുകയാണ്. മുദ്രാവാക്യം വിളിച്ച് കൊണ്ട്. ആ സമയത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് ഇടപ്പെട്ടിരുന്നില്ലെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു. അക്രമിസംഘം മുഖ്യമന്ത്രിയുടെ അടുത്ത് എത്തില്ലേ. അത് തടയാന്‍ സാധിച്ചത് കൊണ്ടാണ് മറ്റ് സംഭവങ്ങള്‍ ഒഴിവാക്കപ്പെട്ടത്.''
''മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമം നടന്നതിനെ അപലപിക്കന് കോണ്‍ഗ്രസ് നേതൃത്വമോ നേതാക്കളോ ഇതുവരെ ശ്രമിച്ചിട്ടില്ല, തയ്യാറായിട്ടില്ല. ഇതൊക്കെ നടന്നോട്ടേ എന്നാണ് അവര്‍ ഉദേശിക്കുന്നത്. നാട്ടില്‍ കലാപാന്തരീക്ഷം സൃഷ്ടിച്ച് സമാധാനം തകര്‍ക്കാനാണ് അവര്‍ ഉദേശിക്കുന്നത്.''
''അവര്‍ ചോദിക്കുന്നു, മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര സുരക്ഷയെന്ന്. വിമാനത്തിന് അകത്ത് പോലും യാത്ര ചെയ്യാന്‍ സമ്മതിക്കില്ലെന്ന് വന്നാല്‍ സുരക്ഷ കൊടുക്കേണ്ടേ. ഒരു കാര്യം വേണമെങ്കില്‍ ഞങ്ങള്‍ പറയാം. പൊലീസിന്റെ സുരക്ഷയൊക്കെ സമരകോലാഹലം കഴിയുന്നത് വരെ വേണ്ടെന്ന് വച്ച് സുരക്ഷ ഞങ്ങള്‍ ഏറ്റെടുക്കാം. അങ്ങനെ ഏറ്റെടുത്താല്‍ മുഖ്യമന്ത്രിയുടെ അടുത്തേക്ക് ഒറ്റ ഒരുത്തനും അടുക്കാന്‍ പോകുന്നില്ലെന്ന കാര്യത്തില്‍ സംശയമുണ്ടോ.''
സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ കൊണ്ട് മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും കോടിയേരി പറഞ്ഞു. സമരം ചെയ്ത് സര്‍ക്കാരിനെ താഴെ ഇറക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നതെന്നും ഇത്തരം തീക്കളികള്‍ പ്രതിപക്ഷ അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
കോടിയേരി പറഞ്ഞത്: ''സ്വപ്നയുടെ ആരോപണങ്ങള്‍ കൊണ്ട് അവര്‍ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെ പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയെന്നതാണ്. സ്വപ്ന സുരേഷ് വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ അന്ന് രാത്രി തന്നെ തിരുവനന്തപുരത്തും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചില്ലേ. ആരോപണം ഉന്നയിക്കുമെന്ന് ബിജെപിക്കാര്‍ക്കും യുഡിഎഫിനും എങ്ങനെ വിവരം ലഭിച്ചു. ആസൂത്രണം ചെയ്തതാണെതിന്റെ ഏറ്റവും വലിയ തെളിവാണിത്. തുടര്‍ന്ന് സമരകോലാഹലങ്ങള്‍. സമരം ചെയ്ത് സര്‍ക്കാരിനെ താഴെ ഇറക്കാമെന്നാണ് ഇവര്‍ കരുതുന്നത്. മുഖ്യമന്ത്രി എവിടെ പോയാലും ആക്രമിക്കാന്‍ ശ്രമിക്കുക. കരിങ്കൊടി കാണിക്കല്‍ മാത്രമല്ല, വാഹനത്തിന്റെ മുന്നില്‍ ചാടുക. അപ്പോള്‍ എങ്ങനെയെങ്കിലും വാഹനം തട്ടിയാല്‍ അതിന്റെ പേരിലും കോലാഹലം സൃഷ്ടിക്കാം. ഇതിന് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ മുന്നിലേക്ക് ആളുകള്‍ ചാടി വീഴുന്നത്. ഇത് പ്രകോപനം സൃഷ്ടിക്കാനാണ്.''
''ഒരു യുഡിഎഫ് നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയെ നേരിടേണ്ടത് കരിങ്കൊടി കൊണ്ടല്ല, കരിങ്കല്ല് കൊണ്ടാണെന്ന്. അവരുടെ മനസിലെ ആഗ്രഹമാണത്. ഒരു കാര്യം മനസിലാക്കണം, എറിയുന്ന ഓരോ കല്ലും ഇത് ഏറ്റുവാങ്ങി, തിരിച്ചെറിയാന്‍ സാധിക്കുന്ന ജനം ഇവിടെയുണ്ടെന്ന് നിങ്ങള്‍ മനസിലാക്കണം. കല്ല് എറിഞ്ഞ് എല്‍ഡിഎഫിന് തോല്‍പ്പിക്കാമെന്ന് നിങ്ങള്‍ കരുതരുത്. ഇത് പോലെ പലതും കടന്ന് വന്നതാണീ പ്രസ്ഥാനം. ഭയന്ന് ഓടി പോകുന്നവര്‍ അല്ല. ജനങ്ങളുടെ പിന്തുണയുള്ള കാലത്തോളം എല്‍ഡിഎഫ് കേരളം ഭരിക്കും. കോണ്‍ഗ്രസ് തീക്കളി നിര്‍ത്തണം. ഇല്ലെങ്കില്‍ ജനങ്ങള്‍ പാഠം പഠിപ്പിക്കും.''