Top

'നടേശന്‍ എസ് എന്‍ ട്രസ്റ്റിലെടുത്തത് സ്വന്തം കള്ള് ഷാപ്പിലെ ജോലിക്കാരേയും കുടുംബക്കാരേയും'; എസ്എന്‍ഡിപി തകര്‍ത്തിറങ്ങുമെന്ന വെല്ലുവിളി വേണ്ടെന്ന് ഗോകുലം ഗോപാലന്‍

നടേശനെതിരെ തിരുവനന്തപുരത്തുണ്ടായ ജനരോഷം അദ്ദേഹത്തിന്റെ സമനില തെറ്റിച്ചെന്ന് ഗോകുലം ഗോപാലന്‍

25 March 2022 6:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നടേശന്‍ എസ് എന്‍ ട്രസ്റ്റിലെടുത്തത് സ്വന്തം കള്ള് ഷാപ്പിലെ ജോലിക്കാരേയും കുടുംബക്കാരേയും; എസ്എന്‍ഡിപി തകര്‍ത്തിറങ്ങുമെന്ന വെല്ലുവിളി വേണ്ടെന്ന് ഗോകുലം ഗോപാലന്‍
X

തിരുവനന്തപുരം: എസ്എന്‍ഡിപിയുടെ നേതൃത്വത്തിനായുള്ള വെള്ളാപ്പള്ളി നടേശൻ- ഗോകുലം ഗോപാലന്‍ പോര് വീണ്ടും മുറുകുന്നു. എസ്എന്‍ഡിപി യോഗ ഭാരവാഹികളെ കോടതി വിധി അനുസരിച്ച് തിരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനെതിരെ വസ്തുതാവിരുദ്ധമായ പ്രസ്താവനയാണ് വെള്ളാപ്പള്ളി നല്‍കിയതെന്ന് പറഞ്ഞാണ് ഗോകുലം ഗോപാലന്‍ രംഗത്തെത്തിയിരിക്കുന്നത്. തെറ്റിദ്ധാരണാജനകവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ് വെള്ളാപ്പള്ളി നടേശന്റെ പ്രസ്ഥാവനയെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. താന്‍ കുടുംബ സ്വത്ത് പോലെ വെച്ച് അനുഭവിക്കുന്ന സ്വത്തുകള്‍ അതിന്റെ യഥാര്‍ത്ഥ അവകാശികള്‍ക്ക് മടക്കികൊടുക്കേണ്ടി വരുമോ എന്ന ഭയമാണ് അദ്ദേഹത്തെ കൊണ്ട് ഇത്തരത്തിലുള്ള വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറയിപ്പിക്കുന്നതെന്നും, നടേശനെതിരെ തിരുവനന്തപുരത്തുണ്ടായ ജനരോഷം അദ്ദേഹത്തിന്റെ സമനില തെറ്റിച്ചെന്നും ഗോകുലം ഗോപാലന്‍ കുറ്റപ്പെടുത്തി.

മാത്രമല്ല എസ്എന്‍ഡിപി യോഗത്തിലെ ലക്ഷകണക്കിന് ആളുകളുടെ പ്രയത്‌നത്തില്‍ പടുത്തുയര്‍ത്തിയ സ്ഥാപകജംഗമ വസ്തുകള്‍ തന്റെ പിണയാളുകളെ മാത്രം ഉള്‍ക്കൊള്ളിച്ചു നടത്തുന്ന എസ്എന്‍ ട്രസ്്റ്റിലേക്ക് വകമാറ്റി കട്ടമുടിക്കുന്ന വെള്ളപ്പള്ളിക്ക് യോഗം ജനറല്‍ സെക്രട്ടറിയായിരിക്കാന്‍ എന്ത് യോഗ്യതയാണുള്ളതെന്നും ചോദിച്ചു. താന്‍ പടിയിറങ്ങിയാല്‍ എസ്എന്‍ഡിപി യോഗത്തെ തകര്‍ത്തിട്ടെയിറങ്ങുവെന്ന വെല്ലുവിളിയൊന്നും വേണ്ടെന്ന് വെള്ളാപ്പള്ളിയോട് പ്രസ്താവനയിലൂടെ പറഞ്ഞ ഗോകുലം ഗോപാലന്‍, ചേര്‍ത്തല റേഞ്ചില്‍ താന്‍ നടത്തിയിരുന്ന കള്ളുഷാപ്പുകളിലെ ജോലിക്കാരെ എസ്എല്‍ ട്രസ്റ്റിലെടുത്ത് ഭാരവാഹികളാക്കിയ പാരമ്പര്യമുള്ളത് കൊണ്ടാണ വെള്ളാപ്പള്ളി തന്റെ സ്ഥാപനത്തിലെ ജോലിക്കാരാണ് തിരുവനന്തപുരത്ത് നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുത്തതെന്ന് പറയുന്നതെന്നും പറഞ്ഞു.

ഗോകുലം ഗോപാലന്റെ പ്രസ്താവന:

താൻ നേതൃത്വം നൽകുന്ന ഭരണസമിതി നയിക്കുന്ന എസ്എൻഡിപി യോഗത്തിന് കേരളത്തിലെ സമുദായ അംഗങ്ങളുടെ പിന്തുണയുണ്ട് എന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന അദ്ദേഹത്തിന്റെ എല്ലാ സമീപകാല പ്രസ്താവനകളെയും പോലെ തെറ്റിദ്ധാരണാജനകവും വസ്തുതകൾക്ക് നിരക്കാത്തതുമാണ്. താൻ കുടുംബ സ്വത്ത്‌ പോലെ വച്ചനുഭവിക്കുന്ന കേരളത്തിലെ ശ്രീനാരായണീയരുടെ സ്വത്ത്‌ അതിന്റെ യഥാർത്ഥ അവകാശികൾക്ക് മടക്കി കൊടുക്കേണ്ടി വരുമോ എന്ന ഭയമാണ് അദ്ദേഹത്തെ കൊണ്ട് ഇത്തരം വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറയിപ്പിക്കുന്നത്. എസ് എൻ ഡി പി യോഗത്തിലെ അഴിമതിയ്ക്കും കുടുംബാധിപത്യത്തിനു മെതിരെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ തിരുവനതപുരത്ത് ഉണ്ടായ ജനാരോഷം അദ്ദേഹത്തിന്റെ സമനില തെറ്റിച്ചിരിക്കുകയാണ്. കോടതി വിധി മാനിച്ച് ജനാധിപത്യരീതിയിലുള്ള വോട്ടെടുപ്പ് നടത്താൻ വെള്ളാപ്പള്ളി നടേശൻ തയാറാകാത്തത് വൻ പരാജയം മുന്നിൽ കണ്ടതുകൊണ്ടാണ്.

എസ്എൻഡിപി യോഗത്തെ നന്നാക്കാനുള്ള എന്റെ യോഗ്യത അന്വേഷിക്കുന്നതിന് മുൻപ് ജനറൽ സെക്രട്ടറിയായിരിക്കാൻ നിയമപരമായും ധാർമികമായും എന്ത് യോഗ്യതയാണ് തനിക്കുള്ളത് എന്ന് നടേശൻ ശ്രീ നാരായണീയ സമൂഹത്തോട് വ്യക്തമാക്കണം. എസ്എൻഡിപി യോഗത്തിലെ ലക്ഷക്കണക്കിന് അംഗങ്ങളുടെ വിയർപ്പിൽ ചോരയിലും പടുത്തുയർത്തിയ സ്ഥാവര ജംഗമ വസ്തുക്കൾ തന്റെ പിണിയാളുകളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തുന്ന എസ് എൻ ട്രസ്റ്റിലേക്ക് വകമാറ്റി കട്ട് മുടിക്കുന്ന നടേശന് എന്ത് യോഗ്യതയാണ് യോഗം ജനറൽ സെക്രട്ടറിയായിരിക്കാനുള്ളത്? സ്വന്തം സമുദായ അംഗങ്ങളെ പോലും വിശ്വാസമില്ലാത്ത ജനറൽ സെക്രട്ടറിയാണ് വെള്ളാപ്പള്ളി. അല്ലെങ്കിൽ സ്വന്തം കുടുംബക്കാരും ജോലിക്കാരുമല്ലാത്ത ഒരാളെയെങ്കിലും എസ്എൻ ട്രസ്റ്റിലും യോഗത്തിലും ഉൾപ്പെടുത്താൻ അദ്ദേഹം എന്ത്കൊണ്ട് തയ്യാറാവുന്നില്ല?. അഴിമതിയും കൊള്ളയും മറയ്ക്കാൻ അല്ലെങ്കിൽ എന്തിനാണ് വെള്ളാപ്പള്ളി ശ്രീനാരായണീയരെ ഇത്രമാത്രം ഭയപ്പെടുന്നത്?

വർഷാവർഷം മുടങ്ങാതെ വാർഷിക വരവ് ചിലവ് കണക്ക് രജിസ്ട്രേഷൻ ഡിപ്പാർട്മെന്റിന് മുന്നിൽ സമർപ്പിക്കാൻ കഴിയാതെ അയോഗ്യത നേരിടുന്ന നടേശനെപ്പോലൊരാൾ എന്റെ ഭരണപരിചയത്തെക്കുറിച്ച് ആശങ്കപ്പെടുന്നത് തന്നെ തമാശയാണ്. അഴിമതിയിൽ മുങ്ങി നിന്ന വെള്ളാപ്പള്ളി നടേശൻ സ്കൂൾ ഓഫ് എൻജിനീയറിങ് ഇന്ന് കായംകുളത്ത് മഹാഗുരു കോളേജ് ഓഫ് ടെക്നോളജിയായി സുതാര്യമായി പ്രവർത്തിക്കുന്നത് ആരുടെ ഭരണപരിചയം കൊണ്ടാണ് എന്ന് ജനങ്ങൾക്കറിയാം.

എം കെ സാനു മാസ്റ്റർ ഉൾപ്പെടെയുള്ള വലിയ മനുഷ്യർ നൽകിയ കേസുകളാണ് നിലവിൽ കോടതിയിൽ ഇരിക്കുന്നത്. ഈ കേസുകളിൽ നീതിപൂർവ്വമായ വിധി ഉണ്ടായാൽ എസ്എൻഡിപി യോഗം തകരും എന്ന നടേശന്റെ വാദം പരിഹാസ്യമാണ്. താൻ പടിയിറങ്ങിയാൽ എസ്എൻഡിപി യോഗത്തെ ശിഥിലമാക്കിയിട്ട് മാത്രമേ പടിയിറങ്ങുകയുള്ളു എന്ന വെല്ലുവിളിയാണ് അദ്ദേഹം നടത്തുന്നത്. ആ വെല്ലുവിളി ഏറ്റെടുക്കാൻ യോഗത്തെ സ്നേഹിക്കുന്ന ശ്രീനാരായണീയർക്ക് ശക്തിയുണ്ട്.

തുഷാർ വെള്ളാപ്പള്ളിക്ക് സമുദായത്തിലും രാഷ്ട്രീയത്തിലും ബിസിനസ്സിലും അസ്ഥിത്വം ഉണ്ടാക്കിക്കൊടുക്കാൻ വെള്ളാപ്പള്ളി നടേശൻ ബലിയാടാക്കിയ ഒരുപിടി മനുഷ്യർ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലുണ്ട്. അവരെയൊന്നും ഇനിയും വേട്ടയാടാൻ സമ്മതിക്കില്ല. കെ കെ മഹേശനെ പോലെ വെള്ളാപ്പള്ളിയോടൊപ്പം ചേർന്ന് നിന്ന് പ്രവർത്തിച്ചവരുണ്ട്. അവരെ കെ കെ മഹേശനെ ഇല്ലാതാക്കിയത് പോലെ ഇല്ലാതാക്കാൻ സമ്മതിക്കില്ല.കിളിമാനൂർ ചന്ദ്രബാബു വിന് 65 ലക്ഷം രൂപ യൂണിയൻ മന്ദിരം നിർമ്മിച്ച വകയിൽ പിന്നീട് രൂപീകരിച്ച വട്ടിയൂർക്കാവ് യൂണിയൻ കടപ്പെട്ടിരിക്കുന്നു എന്ന് രേഖാമൂലം എഴുതി ഒപ്പിട്ടു നൽകിയ ആളാണ് നടേശൻ. കൂടാതെ കണക്കുകൾ എല്ലാം കൃത്യമാണെന്ന് സാക്ഷ്യപ്പെടുത്തിയ ഓഡിറ്റ് റിപ്പോർട്ടിലും നടേശൻ ഒപ്പിട്ടുണ്ട്. സംയുക്ത സമര സമിതിയുടെ സെക്രട്ടറിയേറ്റ് മാർച്ച് ഭയന്നാണ് അതേ ദിവസം കിളിമാനൂർ ചന്ദ്രബാബുവിനെതിരെ തട്ടിക്കൂട്ട് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചത്. യുണിയന്റെ താക്കോൽ ചന്ദ്രബാബു തിരിച്ചേൽപ്പിച്ചത് അയാളുടെ അന്തസ്സു കൊണ്ടാണ്.

കേരളത്തിലെ 95 ലധികം എസ്എൻഡിപി യൂണിയനുകളിലെ ഭാരവാഹികൾ ഞാനുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ളവരുമായി സംസാരിക്കാനും ഒരുമിച്ച് പ്രവർത്തിക്കാനും മുൻകൈയെടുക്കും. തങ്ങളെ കൊന്നുകളയുമോ എന്ന പേടി കൊണ്ടാണ് പുറത്തുവന്നു സംസാരിക്കാത്തത് എന്നുപറഞ്ഞ നൂറുകണക്കിന് ഭാരവാഹികളുണ്ട്. അവരെയെല്ലാം ചേർത്തുനിർത്തി സംരക്ഷിക്കും. ചേർത്തല റേഞ്ചിൽ താൻ നടത്തിയിരുന്ന കള്ളുഷാപ്പുകളിലെ ജോലിക്കാരെ എസ് എൻ ട്രസ്റ്റിലെടുത്ത് എസ്എൻഡിപി യോഗം ഭാരവാഹികളാക്കിയ പാരമ്പര്യം കൊണ്ടാണ് എന്റെ സ്ഥാപനത്തിലെ തൊഴിലാളികളാണ് സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുത്തത് എന്ന് നടേശൻ പറയുന്നത്. ശ്രീനാരായണീയർക്ക് വിശ്വാസമില്ലാത്ത ശ്രീനാരായണീയരെ വിശ്വാസമില്ലാത്ത നേതൃത്വമാണ് ജനാധിപത്യപരമായി എല്ലാവരും വോട്ട് ചെയ്യുന്നതിനെ ഭയപ്പെടുന്നത്. അതിനു ഭാരിച്ച ചിലവുണ്ട് എന്നാണ് വെള്ളാപ്പള്ളിയുടെ വാദം. സ്വസമുദായത്തിലെ പാവപ്പെട്ട സ്ത്രീകളിൽ നിന്നു 5000 കോടി രൂപ തട്ടിച്ച മൈക്രോ ഫിനാൻസ് കേസിലെ പ്രതിയാണ് വെള്ളാപ്പള്ളി നടേശൻ. അദ്ദേഹമാണ് ജനാധിപത്യ തെരഞ്ഞെടുപ്പ് നടത്താൻ പണം ചെലവാകും എന്ന് പറഞ്ഞു വിലപിക്കുന്നത്. അദ്ദേഹം നടത്തുന്ന ഇത്തരം തരംതാണ അവകാശവാദങ്ങൾ കൊണ്ടൊന്നും എസ് എൻ ഡി പിയെ ശുദ്ധീകരിക്കാനുള്ള നീക്കത്തിൽ നിന്ന് ഞങ്ങൾ പിന്മാറുകയില്ല.

STORY HIGHLIGHTS: Gokulam Gopalan against Vellapally Nadesan's words about SNDP's secretariat march

Next Story