Top

'പാകിസ്താനിലേക്ക് പോകൂ'; ജലീലിനെതിരെ കെ സുരേന്ദ്രന്‍

''പോസ്റ്റ് പിന്‍വലിച്ചത് കൊണ്ട് പ്രശ്‌നത്തിന്റെ ഗൗരവം അവസാനിക്കുന്നില്ല. ജലീല്‍ രാജ്യദ്രോഹകുറ്റമാണ് ചെയ്തിരിക്കുന്നത്.''

14 Aug 2022 10:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാകിസ്താനിലേക്ക് പോകൂ; ജലീലിനെതിരെ കെ സുരേന്ദ്രന്‍
X

തിരുവനന്തപുരം: 'ആസാദ് കശ്മീര്‍' പരാമര്‍ശത്തില്‍ കെടി ജലീലിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജലീലിന് ഇന്ത്യയില്‍ തുടരാന്‍ അവകാശമില്ലെന്നും പാകിസ്താാനിലേക്ക് പോകുകയാണ് ചെയ്യേണ്ടതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ജലീല്‍ രാജ്യദ്രേഹ കുറ്റമാണ് ചെയ്തത്. കശ്മീര്‍ നയത്തിനെതിരായി സംസാരിച്ച ജലീല്‍ ന്യായീകരണ പ്രസംഗം നടത്തിയതുകൊണ്ട് കാര്യമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

''ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത് കൊണ്ട് പ്രശ്‌നത്തിന്റെ ഗൗരവം അവസാനിക്കുന്നില്ല. കെടി ജലീല്‍ രാജ്യദ്രോഹകുറ്റമാണ് ചെയ്തിരിക്കുന്നത്. പാകിസ്താന്‍ ചാരനെ പോലെയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. ശക്തമായ നടപടികള്‍ ജലീലിനെതിരെ സ്വീകരിക്കണം. അല്ലെങ്കില്‍ അദ്ദേഹം ഈ നാട്ടില്‍ ജീവിക്കാന്‍ യോഗ്യനല്ല. പാകിസ്താന്‍ ഭാഷയില്‍ സംസാരിക്കുന്ന ഒരാള്‍ക്ക് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല. അദ്ദേഹം പാകിസ്താനിലേക്ക് പോയിക്കോട്ടേ. പാകിസ്താനിലേക്ക് പറഞ്ഞുവിടുകയാണ് വേണ്ടത്. ജലീലിനെതിരെ നിയമനടപടി സ്വീകരിക്കണം. അദ്ദേഹം എംഎല്‍എ സ്ഥാനം രാജിവയ്ക്കണം. നാക്കുപിഴ അല്ല. എഴുതി തയ്യാറാക്കിയ പ്രസ്താവനയാണത്.''-സുരേന്ദ്രന്‍ പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തെയും അതിര്‍ത്തിയേയും അംഗീകരിക്കാത്ത ഒരാള്‍ എങ്ങനെ ഇന്ത്യക്കാരനാകുമെന്നും സുരേന്ദ്രന്‍ ചോദിച്ചു.

'ആസാദ് കശ്മീര്‍' പരാമര്‍ശം വിവാദമായതോടെ അത് പിന്‍വലിക്കുന്നതായി ജലീല്‍ പറഞ്ഞിരുന്നു.

നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം (ആസാദി കാ അമൃത് മഹോല്‍സവ്) നാളെക്കഴിഞ്ഞ് മറ്റന്നാള്‍ ഒറ്റ മനസ്സോടെ ആഘോഷിക്കുകയാണ്. അതിന്റെ ആരവങ്ങള്‍ നാടെങ്ങും ആരംഭിച്ച് കഴിഞ്ഞു. നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയില്‍ കാശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് എന്റെ ശ്രദ്ധയില്‍ പെട്ടു. താനുദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികള്‍ നാടിന്റെ നന്‍മക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിന്‍വലിച്ചതായി അറിയിക്കുന്നുയെന്നാണ് ജലീല്‍ ഇന്നലെ പറഞ്ഞത്.


Next Story