Top

മോന്‍സന്റെ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ ഭീഷണി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

28 Oct 2021 6:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോന്‍സന്റെ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ ഭീഷണി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
X

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെ പോക്‌സോ പരാതി നല്‍കിയ പെണ്‍കുട്ടി വൈദ്യ പരിശോധനയ്ക്ക് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ ഡോക്ടര്‍മാരുടെ ഭീഷണി. പെണ്‍കുട്ടിയെ മുറിയിലടച്ചിട്ട് ഡോക്ടമാരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് ഭീഷണിപ്പെടുത്തി. സെക്യൂരിറ്റി ജീവനക്കാരെ ഉപയോഗിച്ച് പെണ്‍കുട്ടിയെയും ബന്ധുവിനെയും പിടിച്ചു വെക്കാനുള്ള ശ്രമവും നടന്നു. മോന്‍സന് അനുകൂലമായ മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി. മോന്‍സന്റെ മകന്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നത് കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ്. ഇന്നലെയാണ് സംഭവം നടന്നത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി വൈദ്യ പരിശോധനയ്ക്ക് ആദ്യം ആലുവ ജനറല്‍ ആശുപത്രിയിലായിരുന്നു പോയത്. എന്നാല്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലേ പരിശോധന നടത്തൂ എന്നറിയച്ചതിനെത്തുടര്‍ന്ന് അങ്ങോട്ടേക്ക് പോവുകയായിരുന്നു. രണ്ട് വനിതാ പൊലീസുകാരുടെ സാന്നിധ്യത്തിലാണ് പെണ്‍കുട്ടി കളമശ്ശേരി മെഡിക്കല്‍ കേളേജിലെത്തിയത്. ഒപ്പം സഹോദരന്റെ ഭാര്യയുമുണ്ടായിരുന്നു.

വൈദ്യ പരിശോധനയ്ക്ക് മറ്റൊരു റൂമിലേക്ക് പോയ പെണ്‍കുട്ടിയെ മൂന്ന് ഡോക്ടര്‍മാര്‍ കൂടി ചോദ്യം ചെയ്തു. മോന്‍സണെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കരുതെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെന്നാണ് പെണ്‍കുട്ടി പറയുന്നത്. പിന്നീട് ഡോക്ടര്‍മാര്‍ ഭീഷണി സ്വരത്തില്‍ സംസാരിച്ചു. മുറിയില്‍ നിന്ന് പോവാന്‍ ശ്രമിച്ച തന്നെയും ഇതറിഞ്ഞ ബന്ധുവിനെയും പിടിച്ചിരുത്തി മുറിയുടെ വാതില്‍ കുറ്റിയിട്ടെന്നും പെണ്‍കുട്ടി പറയുന്നു.

പെണ്‍കുട്ടിയും പെണ്‍കുട്ടിയുടെ സഹോദരന്റെ ഭാര്യയുമാണ് ഡോക്ടര്‍മാരുടെ മുറിയിലുണ്ടായിരുന്നത്. പുറത്തേക്ക് പോയേ പറ്റൂ എന്ന് പറഞ്ഞ് ഇവര്‍ ബഹളം വെച്ചതോടെ വാതിലിന്റെ കുറ്റി തുറന്നു. ഇതിനിടയില്‍ ഇവര്‍ പുറത്തേക്ക് കൈ കാണിച്ചതോടെ പുറത്തുണ്ടായിരുന്ന വനിതാ പൊലീസ് ഇവരെ പുറത്തേക്ക് വലിച്ചിറക്കി. രണ്ടു പേരും ഓടി പൊലീസ് വാഹനത്തിലേക്ക് കയറി. ഇവരെ പിടിക്കാന്‍ വിസില്‍ മുഴക്കി ആശുപത്രി ജീവനക്കാരെ വിളിച്ചെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Next Story