Top

'തലയ്ക്ക് വെളിവുള്ളവര്‍ വിട്ടുപോകും കത്തനാരെ'; മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ജിയോ ബേബി

സഭയെന്നല്ല, സകല മതത്തില്‍ നിന്നും വിട്ടുപോകുമെന്നും താന്‍ വിട്ടു പോയവര്‍ക്ക് ഒപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി

18 May 2022 9:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തലയ്ക്ക് വെളിവുള്ളവര്‍ വിട്ടുപോകും കത്തനാരെ; മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ജിയോ ബേബി
X

കൊച്ചി: നിരീശ്വരവാദ ഗ്രൂപ്പുകള്‍ വിശ്വാസികളായ പെണ്‍കുട്ടികളെ സഭയില്‍ നിന്ന് അകറ്റിക്കൊണ്ടുപോകുകയാണെന്ന സീറോ മലബാര്‍ സഭയുടെ തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പ്രസ്താനയ്‌ക്കെതിരെ സംവിധായകന്‍ ജിയോ ബേബി. തലയ്ക്ക് വെളിവുള്ളവരൊക്കെ വിട്ടുപോകും കത്തനാരെ എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രതികരണം. സഭയെന്നല്ല, സകല മതത്തില്‍ നിന്നും വിട്ടുപോകുമെന്നും താന്‍ വിട്ടു പോയവര്‍ക്ക് ഒപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

'എതീസ്റ്റ്' ഗ്രൂപ്പുകളിലേക്ക് പെണ്‍കുട്ടികള്‍ ആകര്‍ഷിക്കപ്പെടുകയാണെന്നും ഈ സംഘങ്ങള്‍ക്ക് സംസ്ഥാനം മുഴുവന്‍ നെറ്റ്‌വര്‍ക്കുണ്ടെന്നും ഒരു സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞെന്ന് ബിഷപ്പ് പ്രസംഗിച്ചിരുന്നു. തൃശൂര്‍ മെത്രാനായി 18 വര്‍ഷം പിന്നിടുന്നു, ഇതിനിടെ 50,000 പേര്‍ കുറഞ്ഞു. 35 വയസ് കഴിഞ്ഞ 15,000 ഓളം യുവാക്കള്‍ കല്യാണം കഴിക്കാതെ നില്‍ക്കുകയാണ്. അനേകായിരങ്ങള്‍ വിവാഹമോചനം തേടുന്നു. സഭയുടെ ശത്രുക്കള്‍ സഭയെ തകര്‍ക്കാന്‍ കുടുംബങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും ബിഷപ്പ് ആരോപിച്ചു. കഴിഞ്ഞ ദിവസം തൃശൂര്‍ അതിരൂപതാ കുടുംബവര്‍ഷ സമാപനത്തോട് അനുബന്ധിച്ച് നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യവേയാണ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പ്രതികരണം.

ബിഷപ്പ് പറഞ്ഞത്:

പിതാവും പുത്രനും പരിശുദ്ധ ആത്മാവുമായ ത്രിത്വത്തില്‍ വിശ്വാസമില്ലാതെ സഭയെ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു. കാലത്തിന്റെ പൂര്‍ണതയില്‍ തന്റെ ഏകനാഥനിലൂടെ ദൈവത്തെ വെളിപ്പെടുത്തിയത് പിതാവും പുത്രനും പരിശുദ്ധ ആത്മാവുമായാണ്. അതാണ് പൂര്‍ണ കുടുംബം. സഭയെ നശിപ്പിക്കാന്‍ സഭാ വിശ്വാസത്തിനും ത്രിത്വത്തിനും എതിരായി പ്രവര്‍ത്തനങ്ങള്‍ നടന്നു. പിന്നെ വൈദികര്‍ക്കും മെത്രാന്‍മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും എതിരായി. ഇന്ന് കുടുംബത്തെയാണ് തകര്‍ക്കുന്നത്. കുടുംബത്തെ രക്ഷിക്കാതെ, സഭയേയും സമൂഹത്തേയും ലോകത്തേയും രക്ഷിക്കാനാകില്ല.

ഞാന്‍ വരുന്ന വഴിക്ക് ജീസസ് യൂത്തിനോട് പറയുകയായിരുന്നു: നാല് ദിവസം മുന്‍പ് സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസ് എന്നോട് പറഞ്ഞു. തൃശൂരില്‍ പുതിയ പ്രസ്ഥാനം ശക്തമായി നടക്കുന്നുണ്ട്. കേരളം മുഴുവന്‍ അതിന്റെ നെറ്റ് വര്‍ക്കുണ്ട്. പിതാവറിയാത്ത ഒരു ഗ്രൂപ്പ് ഇവിടെ വളര്‍ന്ന് വന്നിട്ടുണ്ട്. നിരീശ്വരവാദികളുടേത്. വിശ്വാസമില്ലാത്തവരെ ഒരുമിച്ച് കൂട്ടുന്ന ഒരു സംഘം. അതിലേക്ക് വിശ്വാസമുള്ളവരെ വിളിക്കുന്നു. നിങ്ങളുടെ രൂപതയിലെ കുറേയേറെ പെണ്‍കുട്ടികളും അതില്‍ പെട്ടുപോയിട്ടുണ്ട്. ചെറിയ ഗ്രൂപ്പുകളാണ്. പള്ളിയിലേക്കാണ് പോകുന്നത്. പക്ഷെ, ഇങ്ങനെയുള്ള ഗ്രൂപ്പിലെത്തുന്നു. സഭയില്‍ നിന്നും വിശ്വാസത്തില്‍ നിന്നും അകറ്റിക്കൊണ്ടുപോകുന്ന ഒരു പാട് പ്രതിസന്ധികളുള്ള ഈ കാലഘട്ടത്തില്‍ കുടുംബത്തെ രക്ഷിക്കാതെ സഭയെ രക്ഷിക്കാനാകില്ല.

തൃശൂര്‍ മെത്രാനായതിന് ശേഷം 18 വര്‍ഷമായി. 50,000ഓളം പേര്‍ കുറഞ്ഞു. സഭ വളരുകയാണോ, തളരുകയാണോ?. 10,000നും 15,000നും ഇടയില്‍ എണ്ണത്തില്‍ 35 കഴിഞ്ഞ യുവാക്കള്‍ കല്യാണം കഴിക്കാതെ നില്‍ക്കുന്നുണ്ട്. മക്കളില്ലാത്ത ദമ്പതികളുടെ എണ്ണം വളരെയേറെയായി. വിവാഹമോചനം തേടി വരുന്നവര്‍ അനേകായിരങ്ങളായി. ഇന്ന് സഭയെ നശിപ്പിക്കാന്‍ സഭാ ശത്രുക്കള്‍ കുടുംബത്തെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

STORY HIGHLIGHTS: Geo Baby against the statement of Mar Andrews Thazhath

Next Story