Top

കേരളത്തില്‍ ഗാര്‍ഹിക ലൈംഗിക പീഡനങ്ങള്‍ കുറയുന്നു; പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും കാര്യമായ കുറവ്

7 May 2022 3:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തില്‍ ഗാര്‍ഹിക ലൈംഗിക പീഡനങ്ങള്‍ കുറയുന്നു; പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും കാര്യമായ കുറവ്
X

തിരുവനന്തപുരം: വിവാഹിതരായ സ്ത്രീകള്‍ പങ്കാളിയില്‍ നിന്നും ശാരീരികവും ലൈംഗികവുമായ അതിക്രമം നേരിടുന്ന സാഹചര്യത്തിന് കേരളത്തില്‍ കാര്യമായ കുറവുണ്ടെന്ന് കണക്കുകള്‍. 2019-20 കാലത്തെ കേന്ദ്ര സര്‍ക്കാറിന്റെ അഞ്ചാം കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2015-16 വര്‍ഷത്തിലെ നാലാം കുടുംബാരോഗ്യ സര്‍വേയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തരം സംഭവങ്ങളില്‍ അഞ്ച് ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിവാഹിതരായ 18 - 49 പ്രായത്തിന് ഇടയിലെ സ്ത്രീകളില്‍ 9.9 ശതമാനം പങ്കാളിയില്‍ നിന്നും ശാരീരികവും ലൈംഗികവുമായ പീഡനം നേരിടുന്നു എന്നാണ് 2019-20 ലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ 2015-16 കാലഘട്ടത്തില്‍ ഇത് 14.3 ശതമാനം ആയിരുന്നു. 18 - 49 പ്രായത്തിന് ഇടയിലുള്ള സ്ത്രീകളില്‍ 0.5 ശതമാനം ഗര്‍ഭിണിയായിരിക്കുമ്പോള്‍ പോലും ശാരീരിക അതിക്രമത്തിന് ഇരയാവുന്നു എന്നും ചൂണ്ടിക്കാട്ടുന്നു. മുന്‍ റിപ്പോര്‍ട്ടില്‍ ഇത് 1.2 ശതമാനം ആയിരുന്നു.

18-29 വയസ്സ് പ്രായമുള്ള യുവതികളില്‍ 18 വയസ്സില്‍ ലൈംഗികാതിക്രമം നേരിട്ടവര്‍ കേരളത്തില്‍ 1.6 ശതമാനമാണെന്നാണ് കണക്കുകള്‍. 2015-16 കാലഘട്ടത്തില്‍ ഇത് 5.0 ശതമാനം ആയിരുന്നു എന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കണക്കുകളിലെ ക്രമാനുഗതമായ കുറവ് കേരളത്തിലെ കുടുംബ ജീവിതങ്ങളില്‍ മെച്ചപ്പെട്ട അവസ്ഥയുണ്ടാക്കുന്നു എന്ന സൂചനയാണ് നല്‍കുന്നതെന്നാണ് വിലയിരുത്തല്‍.

അതേസമയം, കേരളത്തില്‍ 15 വയസിന് മുകളിലുള്ളവരില്‍ ലഹരി ഉപയോഹം വര്‍ധിച്ചതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 15 വയസിന് മുകളിലുള്ള വനികളില്‍ 2.2 ശതമാനം ഏതെങ്കിലും തരത്തിലുള്ള പുകയില ഉല്‍പനങ്ങള്‍ ഉപയോഗിക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പുരുഷന്‍മാര്‍ക്കിടയില്‍ ഇത് 16.9 ശതമാനമാണ്. 0.2 ശതമാനം വനിതകള്‍ മദ്യം ഉപയോഗിക്കുമ്പോള്‍ 15 വയസിന് മുകളിലുള്ള പുരുഷന്‍മാരില്‍ 19.9 ശതമാനം ഈ കണക്കില്‍ ഉള്‍പ്പെടുന്നു.

Story Highlight: Gender Based Violence kerala National Family Health Survey 2019-20

Next Story