Top

'മകന് ജോലി ലുലു ഗ്രൂപ്പില്‍, യൂസഫലി നേരിട്ട് ഇന്റര്‍വ്യൂ ചെയ്തു'; സര്‍ക്കാര്‍ ജോലിയില്‍ കുത്തിക്കേറ്റിയിട്ടില്ലെന്നും ജി സുധാകരന്‍

തന്റെ മകനാണെന്ന് ആ സമയത്ത് യൂസഫലിക്ക് അറിയില്ലായിരുന്നെന്നും ജി സുധാകരന്‍.

26 Aug 2022 11:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മകന് ജോലി ലുലു ഗ്രൂപ്പില്‍, യൂസഫലി നേരിട്ട് ഇന്റര്‍വ്യൂ ചെയ്തു; സര്‍ക്കാര്‍ ജോലിയില്‍ കുത്തിക്കേറ്റിയിട്ടില്ലെന്നും ജി സുധാകരന്‍
X

മകനെ താന്‍ സര്‍ക്കാര്‍ ജോലിയില്‍ കുത്തിക്കയറ്റിയിട്ടില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍. തന്റെ വിലാസം ഒരു കാര്യത്തിലും മകന്‍ ഉപയോഗിക്കാറില്ലെന്നും ഒരു വാര്‍ഷികപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സുധാകരന്‍ പറഞ്ഞു. ബന്ധുനിയമനങ്ങള്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ് സുധാകരന്റെ പരാമര്‍ശം.

മകന്‍ നവനീത് സ്വന്തം പ്രയത്‌നം കൊണ്ടാണ് ലുലു ഗ്രൂപ്പില്‍ ജോലി നേടിയത്. എംഎ യൂസഫലി നേരിട്ടാണ് അഭിമുഖം നടത്തിയത്. തന്റെ മകനാണെന്ന് ആ സമയത്ത് യൂസഫലിക്ക് അറിയില്ലായിരുന്നെന്നും ജി സുധാകരന്‍ അഭിമുഖത്തില്‍ പറഞ്ഞു.

ജി സുധാകരന്‍ പറഞ്ഞത് പ്രസക്തഭാഗങ്ങള്‍: ''എന്റെ മകന്‍ നവനീത് സ്വന്തം പ്രയത്‌നം കൊണ്ടാണ് ലുലു ഗ്രൂപ്പില്‍ ജോലി നേടിയത്. ലുലു ഗ്രൂപ്പില്‍ ബിസിനസ് ജനറല്‍ മാനേജരാണ് മകന്‍. എന്റെ വിലാസം ഒരു കാര്യത്തിലും മകന്‍ ഉപയോഗിക്കാറില്ല. എം.ബി.എ പാസായി ഒന്നുരണ്ട് സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. അപ്പോഴാണ് ലുലു ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായി അപേക്ഷിക്കുന്നത്.''

''യൂസഫലി സാഹിബ് നേരിട്ടാണ് ഇന്റര്‍വ്യൂ ചെയ്തത്. എന്റെ മകനാണെന്ന് അറിയില്ലായിരുന്നു. ഇഷ്ടപ്പെട്ടു, കമ്പനിയിലേക്ക് എടുത്തു. നല്ല പോസ്റ്റ് കൊടുത്തു. പ്രൊമോഷനും കൊടുത്തു. ആ സ്ഥാപനത്തില്‍ നന്നായി ജോലി ചെയ്ത് അവന്‍ അവിടെ തന്നെ തുടരുകയാണ്. പല കമ്പനികളും വിളിച്ചിട്ടു പോയില്ല.''

''എത്രയോ മലയാളികള്‍ വിദേശത്ത് ജോലി ചെയ്യുന്നുണ്ട്. അവരൊക്കെ ജോലിക്കാരാണ്, മുതലാളിമാരല്ല. എം.ബി.എ പാസായവന് കമ്പനികളിലല്ലാതെ പിന്നെന്തു ജോലി കിട്ടാനാണ്? എന്റെ മകനാണ് എന്നറിഞ്ഞ് എടുത്തതല്ല. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തി അതിന്റെ അടിസ്ഥാനത്തില്‍ എടുത്തതാണ്. കേരളത്തില്‍ സര്‍ക്കാര്‍ ജോലിയില്‍ കുത്തിക്കേറ്റിയെന്നാണല്ലോ പൊതുവെ ഉയരുന്ന ആരോപണം, അത് ചെയ്തില്ലല്ലോ.''

Next Story