Top

മൃതദേഹം 56 കഷണങ്ങളാക്കി മുറിച്ച നിലയില്‍; ഒപ്പം കുങ്കുമം തേച്ച ബാഗും കല്ലും, കൂടുതല്‍ കൊലകള്‍ നടന്നോയെന്ന് അന്വേഷണം

മൃതദേഹങ്ങള്‍ നാല് സ്ഥലത്തുനിന്നായാണ് കണ്ടെത്തിയത്, രണ്ടാമത്തെ മൃതദേഹത്തിനൊപ്പം കുങ്കുമം തേച്ച ബാഗും കല്ലും കണ്ടെത്തി

12 Oct 2022 1:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മൃതദേഹം 56 കഷണങ്ങളാക്കി മുറിച്ച നിലയില്‍; ഒപ്പം കുങ്കുമം തേച്ച ബാഗും കല്ലും, കൂടുതല്‍ കൊലകള്‍ നടന്നോയെന്ന് അന്വേഷണം
X

പത്തനംതിട്ട: കൊച്ചിയില്‍ ലോട്ടറിവില്‍പ്പനക്കാരായ സ്ത്രീകളെ ഇലന്തൂരിലെത്തിച്ച് കൊലപ്പെടുത്തിയത് നരബലിയുടെ ഭാഗമായാണെന്ന് ദക്ഷിണമേഖലാ ഡിഐജി ആര്‍ നിശാന്തിനി. കൊല്ലപ്പെട്ട പത്മ, റോസ്‌ലി എന്നിവരുടെ മൃതദേഹങ്ങള്‍ നാല് സ്ഥലത്തുനിന്നായാണ് കണ്ടെത്തിയത്. ആദ്യം കണ്ടെത്തിയത് റോസ്‌ലിയുടെ മൃതദേഹമായിരുന്നു. 56 കഷണങ്ങളാക്കി മുറിച്ച നിലയിലായിരുന്നു. പിന്നീട് കണ്ടെത്തിയ പത്മത്തിന്റെ മൃതദേഹം 5 കഷണങ്ങളായും മുറിച്ച നിലയിലായിരുന്നു. രണ്ടാമത്തെ മൃതദേഹത്തിനൊപ്പം കുങ്കുമം തേച്ച ബാഗും കല്ലും കണ്ടെത്തി.

കേസില്‍ അറസ്റ്റിലായ ഭഗവല്‍ സിംഗ്, ലൈല, ഷാഫി എന്നിവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആര്‍ നിശാന്തിനി പറഞ്ഞു. 'നരബലി നടന്നത് ജൂണ്‍ എട്ടിനും, സെപ്റ്റംബര്‍ 26നുമാണ്. വൈകിട്ട് അഞ്ചിനും ആറിനും ഇടയിലായിരുന്നു കൃത്യം നടന്നത്. ഒന്നരവര്‍ഷം മുമ്പാണ് മുഹമ്മദ് ഷാഫി (റഷീദ്) ദമ്പതികളുമായി ബന്ധം തുടങ്ങിയത്. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ട്. വീട്ടില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കൊലയ്ക്ക് ഉപയോഗിച്ചത് ഏതാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്.

കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പടെയുള്ള പരിശോധനകള്‍ നടത്തുന്നത്. ഫോറന്‍സിക് പരിശോധനയും നടക്കുന്നുണ്ട്. സ്ത്രീകളെ എന്തുപറഞ്ഞാണ് ഇലന്തൂരില്‍ എത്തിച്ചതെന്ന് അന്വേഷിക്കുകയാണ്', നിശാന്തിനി പറഞ്ഞു. നരബലി കേസിലെ അന്വേഷണത്തില്‍ നിര്‍ണായകമായത് സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുവന്ന വാഹനം കണ്ടെത്തിയതാണെന്ന് ഡിസിപി ശശിധരനും പ്രതികരിച്ചു.

കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഭഗവല്‍ സിംഗ്, ഭാര്യ ലൈല, ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെ ഇന്ന് ഉച്ചയോടെയാകും കോടതിയില്‍ ഹാജരാക്കുക. ജൂണ്‍ ആറിനാണ് റോസ്‌ലിയെ കാണാതാകുന്നത്. ആഗസ്റ്റ് 17ന് പൊലീസില്‍ മകള്‍ പരാതി നല്‍കി. സെപ്റ്റംബര്‍ 26ന് പത്മത്തെ കാണാതായി. തമിഴ്നാട് സ്വദേശിയായ ഇവര്‍ ലോട്ടറി കച്ചവടം നടത്തുകയായിരുന്നു. പൊന്നുരുന്നി പഞ്ചവടി കോളനിയിലാണ് പത്മം താമസിച്ചിരുന്നത്. പത്മവുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഏജന്റ് റഷീദിലേക്ക് എത്തിയത്. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് നരബലിയുടെ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

Story Highlights: Further Investigations Going on In Elanthoor Incident Says DIG

Next Story