Top

വിലക്കയറ്റരഹിത ഭാരതത്തിനായി കോണ്‍ഗ്രസ്; രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കം

സിലിണ്ടറിന് മുന്നില്‍ നിന്ന് ചെണ്ട കൊട്ടിയും മണിയടിച്ചും പ്രതിഷേധിക്കാനും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്

31 March 2022 1:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിലക്കയറ്റരഹിത ഭാരതത്തിനായി കോണ്‍ഗ്രസ്; രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കം
X

തിരുവനന്തപുരം: ഇന്ധന-പാചക വാതക വിലവര്‍ധനവിന് എതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കമാകും. വിലക്കയറ്റരഹിത ഭാരത പ്രചാരണം എന്ന് പേരിട്ടിരിക്കുന്ന സമരത്തില്‍ ഇന്ന് രാവിലെ 11 മണിക്ക് വീടുകള്‍ക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും ഗ്യാസ് സിലിണ്ടറുകളില്‍ മാലചാര്‍ത്തി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കും.

സിലിണ്ടറിന് മുന്നില്‍ നിന്ന് ചെണ്ട കൊട്ടിയും മണിയടിച്ചും പ്രതിഷേധിക്കാനും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് മുതല്‍ ഒരാഴ്ച നീളുന്ന രാജ്യവ്യാപക പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കുക. ഏപ്രില്‍ 4 ന് ജില്ലാ തലങ്ങളിലും 7 ന് സംസ്ഥാന തലത്തിലും പ്രക്ഷോഭം സംഘടിപ്പിക്കുന്നുണ്ട്.

ഇന്നും രാജ്യത്ത് ഇന്ധനവില കൂട്ടിയിട്ടുണ്ട്. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടുന്നത്. ഒരാഴ്ച കൊണ്ട് പെട്രോളിന് 6 രൂപ 97 പൈസയാണ് വര്‍ധിച്ചത്. ഡീസലിന് 6 രൂപ 70 പൈസയും കൂട്ടി. ഇന്നലെ പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധന വിലയില്‍ തുടര്‍ച്ചയായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ 4 മുതല്‍ വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഈ കാലയളവില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളറാണ് വര്‍ധിച്ചത്. യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ഇന്ധനവില വര്‍ധനവ് പതിവാകുകയാണ്.


Next Story