Top

'പ്രധാനമന്ത്രിയുടെ വാക്കുകള്‍ തെറ്റിദ്ധാരണയുണ്ടാക്കും'; മോദിക്ക് കെഎന്‍ ബാലഗോപാലിന്റെ മറുപടി

27 April 2022 12:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രധാനമന്ത്രിയുടെ വാക്കുകള്‍ തെറ്റിദ്ധാരണയുണ്ടാക്കും;  മോദിക്ക് കെഎന്‍ ബാലഗോപാലിന്റെ മറുപടി
X

തിരുവനന്തപുരം: ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാരുകളുടെ നടപടി ജനങ്ങളോട് ഉള്ള അനീതിയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങള്‍ തള്ളി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രധാനമന്ത്രിക്ക് മറുപടി പറഞ്ഞ കെ എന്‍ ബാലഗോപാല്‍ കേരളം കഴിഞ്ഞ ആറ് വര്‍ഷമായി നികുതി കൂട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ വാക്കുകള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കും. ഇന്ധന നികുതിയും സെസും കേന്ദ്ര സര്‍ക്കാര്‍ കൂട്ടുകയാണ്. സംസ്ഥാന നികുതിയിലേക്ക് കടന്നുകയറുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. സെസ് പിരിവ് രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമാണ്. സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കുന്നില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷമായി നികുതി കൂട്ടിയിട്ടില്ലെന്നും കെ എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.

ഇന്ധനവില വര്‍ധനവ് സാധാരണക്കാര്‍ക്ക് വലിയ ദുരന്തമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രി സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് രംഗത്ത് എത്തിയത്. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചിട്ടും കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇന്ധ നികുതി കുറച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. കൊവിഡ് അവലോകന യോഗത്തില്‍ സംസാരിക്കവെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് പ്രധാനമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. യോഗത്തില്‍ കേരളത്തില്‍ നിന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പങ്കെടുത്തു.

കൊവിഡ് കേസുകള്‍ ഉയരുകയും രാജ്യത്ത് ഉത്സവ കാലങ്ങള്‍ ആരംഭിക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ കൊവിഡ് പ്രതിരോധ നടപടികളെ കുറിച്ച് അവതരണം നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും യോഗത്തില്‍ പങ്കെടുത്തു.

Story Highlight: fuel price hike finance minister KN Balagopal to Narendra Modi

Next Story