Top

'ഇതര മതവിശ്വാസികളുമായുള്ള സൗഹൃദം ബലപ്പെടുത്തണം'; നവീകരണത്തിനൊരുങ്ങി കത്തോലിക്കാ സഭ

മൂന്ന് വർഷം നീണ്ടുനില്‍ക്കുന്ന സഭയുടെ നവീകരണവുമായി ബന്ധപ്പെട്ടാണിത്.

5 Jun 2022 3:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇതര മതവിശ്വാസികളുമായുള്ള സൗഹൃദം ബലപ്പെടുത്തണം; നവീകരണത്തിനൊരുങ്ങി കത്തോലിക്കാ സഭ
X

കൊച്ചി: ഇതര മതവിശ്വാസികളുമായുള്ള സൗഹൃദം കൂടുതല്‍ ബലപ്പെടുത്താന്‍ കത്തോലിക്ക സഭ. മൂന്ന് വർഷം നീണ്ടുനില്‍ക്കുന്ന സഭയുടെ നവീകരണവുമായി ബന്ധപ്പെട്ടാണിത്. കൂട്ടായ്മയുടെയും സഹവര്‍ത്തിത്വത്തിന്റെയും സഭയായി മാറുകയാണ് കത്തോലിക്ക സഭയുടെ ലക്ഷ്യമെന്ന് കെ സി ബി സി വക്താവ് ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി പറഞ്ഞു.

കെ സി ബി സിയുടെ കോര്‍ കമ്മിറ്റികള്‍ രൂപീകരിച്ച് 12 നവീകരണ മേഖലകളാണ് കത്തോലിക്ക സഭ കണ്ടെത്തിയത്. സഭയുടെ സ്ഥാപനങ്ങളും സംവിധാനങ്ങളും പ്രേഷിതാഭിമുഖ്യത്തോടെ പരിഷ്‌കരിക്കുക, സഭ എന്റെ ഭവനമെന്ന വികാരം യുവജനങ്ങളില്‍ വളര്‍ത്തുക തുടങ്ങിയവയാണ് സഭയുടെ പ്രധാന നവീകരണ മേഖലകള്‍. അതുപോലെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ധാര്‍മിക വിഷമായി സഭ അവതരിപ്പിക്കുകയും വേണം

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ദരിദ്ര സേവനവുമാണ് സഭയുടെ മുഖമുദ്ര. അതുകൊണ്ട് തന്നെ ഇത് വിസ്മരിച്ച് ചെയ്യുന്നതെല്ലാം സുവിശേഷ വിരുദ്ധമാണ്. കുടുംബ പ്രേഷിത ശൈലിയിലും സഭ മാറ്റം വരുത്തുകയും വേണം. സഭക്കുള്ളിലുണ്ടായിട്ടുള്ള മുറിവുകളും ഭിന്നതകളും ഇല്ലാതാക്കണം. ആത്മീയ പരിശീലനം കുട്ടികള്‍ക്കും കുടുംബത്തിനും സഭ നൽകുകയും വേണമെന്നും നവീകരണത്തിന്റെ മുന്നോടിയായി സഭ വിലയിരുത്തി.

സംസ്ഥാന-രൂപത-ഇടവക-കുടുംബ തലങ്ങളില്‍ നവീകരണം സാധ്യമാക്കണമെന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നവീകരണ യോഗം നടത്തുന്നത്. സഭയെ ഒരു എ ന്‍ ജി ഒ ആക്കരുതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശത്തില്‍ പറയുന്നു.

2022 ജൂണ്‍ അഞ്ചിനു തുടങ്ങി 2025 ജൂണ്‍ എട്ടിലെ പെന്തക്കുസ്താ തിരുനാള്‍ വരെയാണ് കത്തോലിക്ക സഭയുടെ നവീകരണ കാലഘട്ടം. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ചൊവ്വാഴ്ച്ച മൂന്നു മണിക്ക് പാലാരിവട്ടം പി ഒ സിയില്‍ നടക്കും. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിക്കും.

Story highlights: 'Friendships with non-believers should be strengthened'; The Catholic Church is ready for reform

Next Story