Top

ഗുഡ്‌സ്‌ ഓട്ടോഡ്രൈവറെ തട്ടിക്കൊണ്ടുപോയി മർദനം, കൊലപ്പെടുത്തുമെന്ന് ഭീഷണി; ബിജെപിക്കാരായ നാലംഗ സംഘം റിമാൻഡിൽ

കിളിയന്തറ ചെക്‌പോസ്‌റ്റിൽ നിന്നും ശനിയാഴ്‌ച രാത്രിയാണ് നാലുപേരെയും പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌

15 May 2022 7:59 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുഡ്‌സ്‌ ഓട്ടോഡ്രൈവറെ തട്ടിക്കൊണ്ടുപോയി മർദനം, കൊലപ്പെടുത്തുമെന്ന് ഭീഷണി; ബിജെപിക്കാരായ നാലംഗ സംഘം റിമാൻഡിൽ
X

തലശേരി: ഗുഡ്‌സ്‌ ഓട്ടോഡ്രൈവറെ തട്ടിക്കൊണ്ടുപോയി മർദിച്ച നാലംഗ സംഘം റിമാൻഡിൽ. പൊന്ന്യം കുണ്ടുചിറയിലെ കുനിയിൽ വീട്ടിൽ സി ഷാജിയെ(45) ബിജെപിക്കാരായ നാലംഗ സംഘമാണ് തട്ടിക്കൊണ്ടുപോയത്. ടെമ്പിൾഗേറ്റ്‌ കുനിയിൽ കെ ശരത്ത്‌ (32),നങ്ങാറത്ത്‌ പീടിക ശിവദത്തിൽ ടി കെ വികാസ്‌ (43), ടെമ്പിൾഗേറ്റ്‌ ജനീഷ്‌ നിവാസിൽ ടി ജനീഷ്‌ (32), പത്രിയിൽ ഹൗസിൽ വി എം അഭിജിത്ത്‌ (29) എന്നിവരെയാണ്‌ തളിപ്പറമ്പ്‌ ജുഡീഷ്യൽ ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ട്‌ മുമ്പാകെ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തത്‌.

കിളിയന്തറ ചെക്‌പോസ്‌റ്റിൽ നിന്നും ശനിയാഴ്‌ച രാത്രിയാണ് നാലുപേരെയും പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. ഇവർ യാത്രചെയ്‌ത സ്വിഫ്‌റ്റ്‌ കാറും കസ്‌റ്റഡിയിലെടുത്തു. വെള്ളിയാഴ്‌ച കൂത്തുപറമ്പിലേക്ക്‌ മോട്ടോർ എൻജിൻ കൊണ്ടുപോകാനുണ്ടെന്ന വ്യാജേന ഗുഡ്‌സ്‌ ഓട്ടോ വിളിച്ചുവരുത്തിയാണ് ഷാജിയെ സംഘം തട്ടിക്കൊണ്ടു പോയത്. തുടർന്ന് കൂത്തുപറമ്പിനടുത്തുളള വലിയവെളിച്ചത്തെ വിജനമായ സ്ഥലത്ത് എത്തിച്ച് മർദിച്ചു. ഇതു കൂടാതെ ഷാജിയെ വാഹനത്തിൽ മൈസൂരുവിലേക്ക്‌ കൊണ്ടുപോയും സംഘം മർദിച്ചു. കൊന്ന്‌ ഡാമിൽ കെട്ടിത്താഴ്‌ത്തുമെന്ന്‌ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

പൊലീസിനെ കബളിപ്പിക്കാൻ മൊബൈൽ ഫോൺ വീടുകളിൽ വെച്ചാണ് പ്രതികൾ നാട്ടിൽ നിന്നും പോയത്. പിന്നീട് നാട്ടിലേക്ക് ചെയ്ത ഫോൺ കോളിലൂടെയാണ് പ്രതികളെ കുറിച്ചുളള വിവരം പൊലീസിന് ലഭിച്ചത്. മർദനത്തിൽ തലക്കും മുഖത്തും പരിക്കേറ്റ ഷാജിയെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാജിയുടെ അനുജന്റെ ഭാര്യയും ബിജെപി അനുഭാവിയുമായ കുണ്ടുചിറ അണക്കെട്ടിനടുത്ത്‌ ഓംകാരം വീട്ടിൽ ദീപയുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലാണ്‌ സംഘം തട്ടിക്കൊണ്ടുപോയി മർദിച്ചത്. ഇവർ പലരിൽ നിന്നായി ഒരുകോടി രൂപയോളം ബ്ലേഡ്‌ ഇടപാടിനായി വാങ്ങിയതായാണ്‌ വിവരം. ഷാജിക്കും തുക ലഭിക്കാനുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു.

STORY HIGHLIGHTS: Four BJP members remanded for abducting and assaulting a Goods auto driver

Next Story