'പഴയ എസ്എഫ്ഐ നേതാവാണ്, കളിക്കാന്‍ നില്‍ക്കരുത്'; വിദ്യാര്‍ത്ഥികളെ വെല്ലുവിളിച്ച് കെആര്‍ നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ അധ്യാപകന്
വിദ്യാര്‍ത്ഥി യൂണിയന് ചെയര്മാന് ശ്രീദേവിന് അയച്ച ശബ്ദരേഖയാണ് പ്രചരിക്കുന്നത്.
24 Jan 2023 2:47 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോട്ടയം: കെആര്‍ നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ വെല്ലുവിളിച്ച് മുന്‍ അധ്യാപകന്. രാജി വച്ച അധ്യാപകന് നന്ദകുമാറിന്റേത് എന്ന പേരിലാണ് ശബ്ദശന്ദേശം പ്രചരിക്കുന്നത്. താന്‍ പഴയ എസ്എഫ്ഐ നേതാവാണ്. ഉന്നത ബന്ധങ്ങള്‍ ഉണ്ട്, തന്നോട് കളിക്കാന്‍ നില്‍ക്കരുത്. എംഎ ബേബിക്ക് ജയ് വിളിച്ച ആളാണ് താനെന്നും നന്ദകുമാര്‍ ശബ്ദ സന്ദേശത്തില്‍ പറയുന്നു. വിദ്യാര്‍ത്ഥി യൂണിയന് ചെയര്മാന് ശ്രീദേവിന് അയച്ച ശബ്ദരേഖയാണ് പ്രചരിക്കുന്നത്.
ശബ്ദ സന്ദേശം ഇങ്ങനെ: ''നിങ്ങള്‍ ചെയര്‍മാനാകുന്നതിന് മുന്‍പ് കോളേജ് ചെയര്‍മാനായിരുന്ന ആളാണ് ഞാന്‍. നിങ്ങള്‍ വിചാരിക്കുന്ന ആള് അല്ല ഞാന്‍. നിങ്ങള്‍ക്ക് തെറ്റി പോയി. ഒരുപാട് ബന്ധങ്ങളും സ്വാധീനങ്ങളുമുള്ള ആളാണ് ഞാന്‍. എന്റെ അടുത്ത് കളി വേണ്ട. പഠിക്കാന്‍ വന്നതാണെങ്കില്‍ പഠിക്കുക. വിചാരണയൊന്നും വേണ്ട. സിനിമാ മേഖലയില്‍ നമുക്ക് നേരിട്ട് കാണാം. പഠിപ്പിക്കാന്‍ വരുന്നവരെ ആക്ഷേപിക്കുകയല്ല വേണ്ടത്. ചെയര്മാന് സ്ഥാനത്തിരിക്കാന്‍ നിങ്ങള്‍ യോഗ്യനല്ല. എന്നോട് ഫൈറ്റ് ചെയ്യാന്‍ ആയിട്ടില്ല മോനേ. എംഎ ബേബി അഖിലേന്ത്യ പ്രസിഡന്റായിരുന്ന സമയത്ത് ജയ് വിളിച്ചയാളാണ് ഞാന്‍. എന്നെ തിരുവനന്തപുരത്തോ കേരളത്തിലേ അറിയാത്തവര്‍ ആരുമില്ല.''
അതേസമയം, ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ താത്ക്കാലിക ഡയറക്ടറായി ഫിനാന്‍സ് ഓഫീസര്‍ ഷിബു എബ്രഹാമിനെ നിയമിച്ചു. താത്ക്കാലിക ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദൈനംദിന,ഭരണപരമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കാനാണ് താല്‍ക്കാലിക ചുമതല നല്കി ഉത്തരവിട്ടിരിക്കുന്നത്.