Top

'കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടിനോട് വിയോജിക്കാനുള്ള ആർജവം മുസ്‍ലിംലീഗിനില്ല'; മുൻ സംസ്ഥാന കമ്മിറ്റിയംഗം സമദ് നരിപ്പറ്റ ഐഎൻഎല്ലിൽ

22 Sep 2022 4:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടിനോട് വിയോജിക്കാനുള്ള ആർജവം മുസ്‍ലിംലീഗിനില്ല; മുൻ സംസ്ഥാന കമ്മിറ്റിയംഗം സമദ് നരിപ്പറ്റ ഐഎൻഎല്ലിൽ
X

കോഴിക്കോട്: മുസ്‌ലിംലീഗിൽ നിന്ന് രാജിവെച്ച് ഇന്ത്യൻ നാഷണൽ ലീഗിൽ (ഐഎൻഎൽ) ചേരുകയാണെന്ന് മുൻ സംസ്ഥാന കമ്മിറ്റിയംഗം സമദ് നരിപ്പറ്റ. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടിനോട് വിയോജിക്കാനുള്ള ആർജവം മുസ്‍ലിംലീഗിനില്ലെന്നും ഈ സാഹചര്യത്തിൽ മുസ്‌ലിംലീഗിലും യുഡിഎഫിലും തുടരുന്നതിൽ അർഥമില്ലെന്ന് കണ്ടാണ് പടിയിറക്കമെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ കെഎംസിസി മുൻ ജനറൽ സെക്രട്ടറി കൂടിയാണ് സമദ് നരിപ്പറ്റ.

'മുസ്‌ലിംലീഗിന്റെ സംഘടനാ സംവിധാനം അങ്ങേയറ്റം ദുർബലമായിരിക്കുകയാണ്. പ്രവർത്തകർക്ക് അഭിപ്രായം തുറന്നുപറയാൻ കഴിയുന്നില്ല. ലീഗിന്റെ ഭരണഘടന അനുസരിച്ച് ആറുമാസത്തിലൊരിക്കൽ കൗൺസിൽ വിളിച്ചുചേർക്കണം. ഇതുണ്ടാവാറില്ല. കൗൺസിൽ ചേർന്നാലും അംഗങ്ങൾ പോലുമാവാത്തവരാണ് സംസ്ഥാന പ്രവർത്തകസമിതി അംഗങ്ങളായി വരുന്നത്. നേതൃത്വത്തിന്റെ വ്യക്തിപരമായ താത്പര്യമനുസരിച്ചാണ് തീരുമാനമെന്നും അദ്ദേഹം ആരോപിച്ചു.

വടകര, നാദാപുരം, കുറ്റ്യാടി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ നൂറുകണക്കിന് പ്രവർത്തകരെ പങ്കെടുപ്പിച്ച് കൺവെൻഷൻ ഒക്ടോബർ രണ്ടാംവാരം വടകര ടൗൺഹാളിൽ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി അബ്ദുൽ വഹാബ്, സംസ്ഥാന സെക്രട്ടറി നാസർകോയ തങ്ങൾ, ഓർഗനൈസിങ് സെക്രട്ടറി എം.കെ അബ്ദുൽ അസീസ്, ജില്ലാ പ്രസിഡന്റ് ഷർമദ്ഖാൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

STORY HIGHLIGHTS: Former Muslim League state committee member Samad Narippatta in INL

Next Story