ടി സിദ്ദിഖിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു, പ്രളയഫണ്ട് വെട്ടിച്ചു; മുസ്ലീം ലീഗ് വയനാട് ജില്ലാ നേതൃത്വത്തിനെതിരെ എംഎസ്എഫ് നേതാവ്
1 Dec 2021 2:02 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വയനാട് ജില്ലാ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എംഎസ്എഫ് മുന്‍ സംസ്ഥാന നേതാവ്. സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പെടെ വയനാട് മുസ്ലീ ലീഗ് നേതൃത്വം നിരന്തരം പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതിനിടെയാണ് എംഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഷൈജല്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തുന്നത്. നിയമ സഭാ തെരഞ്ഞെടുപ്പില്‍ കല്പറ്റയില് യുഡിഎഫ് സ്ഥാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ലീഗിലെ ഒരുവിഭാഗം ശ്രമിച്ചെന്നും കോടിക്കണക്കിന് രൂപ പ്രളയഫണ്ടില്‍നിന്ന് ലീഗ് നേതൃത്വം തട്ടിയെടുത്തു എന്നും ഷൈജല്‍ ആരോപിച്ചു.
നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖിനെ കല്പറ്റയില് തോല്‍പ്പിക്കാന്‍ മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിലെ ചിലര്‍ ശ്രമിച്ചു. ജില്ലാ സെക്രട്ടറി യഹിയ ഖാന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം രഹസ്യയോഗം ചേര്‍ന്നു പണം വാഗ്ദാനം ചെയ്തു. ജില്ലയിലെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പിന്തുണയും ഇതിനുണ്ടായിരുന്നു. യുഡിഎഫ് ശക്തികേന്ദ്രമായ മൂപൈനാട് ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ ഉണ്ടായ കനത്ത വോട്ടുചോര്‍ച്ചയ്ക്ക് പിന്നില്‍ ഈ ഇടപെടലാണെന്നുമാണ് ഷൈജലിന്റെ ആരോപണം.
വയനാട് ലീഗ് നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ പ്രളയ ഫണ്ട് തട്ടിപ്പിലും ഷൈജല്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. പ്രളയപുനരധിവാസത്തിനായി ഒരു കോടിയിലധികം രൂപ പിരിച്ചെങ്കിലും ആര്‍ക്കും ഒരു വീട് പോലും നിര്‍മിച്ച് നല്‍കിയിട്ടില്ലെന്ന ഗൂരുതര ആരോപണമാണ് ഷൈജന്‍ ഉന്നയിക്കുന്നത്.
എന്നാല്‍ നേതൃത്വത്തിനെതിരെ ആരോപണങ്ങള്‍ തെളിയിക്കാന്‍ ഷൈജല്‍ തയാറാകണമെന്നായിരുന്നു മുസ്ലിംലീഗ് നേതൃത്വത്തിന്റെ പ്രതികരണം. ലീഗ് ഓഫിസില്‍ കഴിഞ്ഞദിവസമുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട്, ഷൈലിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കാന്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതായും വയനാട് ജില്ലാ മുസ്ലിം ലീഗ് നേതൃത്വം വ്യക്തമാക്കി.