Top

അദ്ദേഹത്തിന്റെ മകളുടെ കല്യാണം അടുത്തുവരുന്നു'; രാജന്റെ കുടുംബം വല്ലാത്ത മാനസികാവസ്ഥയിലെന്ന് വി കെ ശ്രീകണ്ഠന്‍ എംപി

ഫോറസ്റ്റും തണ്ടര്‍ബോള്‍ട്ടും നാട്ടുകാരും ചേര്‍ന്നാണ് നിലവില്‍ പരിശോധന നടത്തുന്നത്.

7 May 2022 8:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അദ്ദേഹത്തിന്റെ മകളുടെ കല്യാണം അടുത്തുവരുന്നു; രാജന്റെ കുടുംബം വല്ലാത്ത മാനസികാവസ്ഥയിലെന്ന് വി കെ ശ്രീകണ്ഠന്‍ എംപി
X

പാലക്കാട് അട്ടപ്പാടിയില്‍ താല്‍ക്കാലിക ഫോറസ്റ്റ് വാച്ചറെ കാണാതായ സംഭവത്തില്‍ വനംവകുപ്പ് വളരെ ജാഗ്രതയോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് വി കെ ശ്രീകണ്ഠന്‍ എംപി. അവരുടെ വീട്ടുകാരെ താനും മണ്ണാര്‍ക്കാട് എംഎല്‍എ ഷംസുദ്ദീനും സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ മകളുടെ കല്ല്യാണനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. വല്ലാത്ത മാനസികാവസ്ഥയിലാണ് കുടുംബമെന്നും എംപി റിപ്പോര്‍ട്ട് ടിവിയോട് പറഞ്ഞു. വകുപ്പ് അന്വേഷണം വളരെ കൃത്യമായിട്ടാണ് നടക്കുന്നതെന്ന് ബോധ്യപ്പെട്ട കാര്യമാണ്. ഇതില്‍ നമുക്ക് ഊഹാപോഹങ്ങളൊന്നും പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അഗളി പൊലീസ് ബുധനാഴ്ച്ചയാണ് മാന്‍ മിസ്സിംഗില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ചൊവ്വാഴ്ച്ച രാത്രി മുതലാണ് രാജനെ കാണാതാവുന്നത്. വാച്ചിംഗ് ടവറിന്റെ അടുത്തായി രാജന്റേതെന്ന് കരുതുന്ന വസ്ത്രവും ചെരിപ്പും കണ്ടെത്തിയിരുന്നു. രാത്രി മെസ്സില്‍ നിന്നും ഭക്ഷണം കഴിച്ച് ടവറിലേക്ക് മടങ്ങുന്ന ചെറിയ സമയത്തിനുള്ളിലാണ് അദ്ദേഹത്തെ കാണാതാവുന്നത്. തുടര്‍ന്ന് കുടുംബം ദുരൂഹത ആരോപിച്ചു.

ഫോറസ്റ്റും തണ്ടര്‍ബോള്‍ട്ടും നാട്ടുകാരും ചേര്‍ന്നാണ് നിലവില്‍ പരിശോധന നടത്തുന്നത്. ശനിയാഴ്ച്ച വയനാട്ടില്‍ നിന്നുള്ള അഞ്ച് ട്രാക്കിങ്ങ് വിദഗ്ദ്ധര്‍ വനം വകുപ്പ് സംഘത്തിനൊപ്പം ചേരും. ഇവരുടെ നേതൃത്വത്തിലായിരിക്കും തിരച്ചില്‍ നടത്തുക. അഗളി ഡിവൈഎസ്പിയുടെ കീഴിലുള്ള 150 സേനാംഗങ്ങള്‍ പൊലീസിന്റെ ഭാഗത്ത് നിന്നും തിരച്ചില്‍ നടക്കുന്നുണ്ടത്.

കടുവ ഉള്‍പ്പെടുന്ന വന്യജീവികള്‍ എത്തുന്ന മേഖലയാണിത്. നേരത്തേയും വന്യജീവി ആക്രമണം ഉണ്ടായിട്ടുണ്ട്. ഇതും രാജന്‍ തിരോധാനത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍ അത്തരത്തിലുള്ള തെളിവുകളൊന്നും ഇതുവരേയും ലഭിച്ചിട്ടില്ല.

രാജന്‍ രാത്രി മെസ്സിലെത്തി തിരിച്ചുപോകുന്ന ചെറിയ സമയത്തിനുള്ളിലാണ് കാണാതാവുന്നതെന്ന് സാമൂഹിക പ്രവര്‍ത്തക സലോമി ടീച്ചര്‍ പറയുന്നു. ധരിച്ചിരുന്ന മുണ്ട് കിട്ടിയിട്ടുണ്ട്. ടോര്‍ച്ചും വീണു കിടക്കുന്നുണ്ട്. അത് മാത്രമാണ് അദ്ദേഹത്തിന്റേതായി ഇതുവരേയും ലഭിച്ചത്. വനം വകുപ്പും പൊലീസും നാട്ടുകാരും ഉള്‍പ്പെടുന്ന വലിയ ടീം അന്വേഷണം നടത്തി വരികയാണ്. എന്നാല്‍ ഒരു തെളിവും കണ്ടെത്താത്തത് ആശ്ചര്യമുണ്ടാക്കുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് കടുവ ആനയെ ആക്രമിച്ചിരുന്നു. വന്യജീവി സാന്നിധ്യം ഉണ്ട്. വാച്ചര്‍മാര്‍ താമസിക്കുന്ന ക്യാമ്പ് ഹൗസിന് അടുത്തു നിന്നാണ് അദ്ദേഹത്തെ കാണാതായത്. മൃഗങ്ങള്‍ ഭക്ഷിക്കുകയാണെങ്കില്‍ അവശിഷ്‌മെങ്കിലും കാണണം. സംഭവം മറ്റ് വാച്ചര്‍മാരിലും ഭയം ഉണ്ടാക്കുന്നതാണെന്നും സലോമി ടീച്ചര്‍ കൂട്ടിചേര്‍ത്തു.

Next Story