അരിക്കൊമ്പനെ പിടികൂടാന്‍ 'റേഷന്‍ കടയൊരുക്കി' വനംവകുപ്പ്; സംഘത്തില്‍ കോന്നി സുരേന്ദ്രനും വിക്രമും
19 March 2023 10:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇടുക്കി: ചിന്നക്കനാൽ, ശാന്തൻപാറ എന്നീ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടാനുളള നടപടികൾ അവസാന ഘട്ടത്തിലേക്ക്. അരിക്കൊമ്പനെ പിടികൂടുന്നതിനായി സിമൻ്റ് പാലത്തിന് സമീപം താൽക്കാലിക റേഷൻ കട ഒരുക്കിയിട്ടുണ്ട്. അരിയും മറ്റും എത്തിച്ച് ആനയെ ആകർഷിച്ച് ഇവിടെ എത്തിച്ച് മയക്കുവെടി വെക്കാനാണ് വനം വകുപ്പിൻ്റെ നീക്കം. ചൊവ്വാഴ്ച നടക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരിക്കും ആനയെ മയക്കുവെടി വെയ്ക്കുന്ന തീയതി തീരുമാനിക്കുക.
അരിക്കൊമ്പനെ പിടികൂടുന്നതിനായി വയനാട്ടിൽ നിന്ന് നാല് കുങ്കിയാനകളെ എത്തിക്കും. ഇതിൽ ഒരെണ്ണത്തിനെ ഇന്ന് രാത്രിയോടെ ചിന്നക്കനാലിൽ എത്തിക്കും. വിക്രം എന്ന കുങ്കിയാനയെയാണ് ആദ്യം എത്തിക്കുക. വൈകിട്ട് നാലു മണിയോടെ കുങ്കിയാനയുമായുളള സംഘം വയനാട്ടിൽ നിന്ന് ഇടുക്കിയിലേക്ക് തിരിക്കും.
രണ്ട് കുങ്കിയാനകളെ ഇന്ന് വയനാട്ടിൽ നിന്നും കൊണ്ടു വരാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ വനംവകുപ്പിൻ്റെ ലോറികളിൽ ഒരെണ്ണം ഇന്നലെ അപകടത്തിൽപെട്ടതോടെ യാത്ര മുടങ്ങുകയായിരുന്നു. വിക്രമിന് പിന്നാലെ കോന്നി സുരേന്ദ്രൻ, കുഞ്ചു, സൂര്യൻ എന്നീ മൂന്ന് ആനകളും 26 അംഗ ദൗത്യ സംഘവും അടുത്ത ദിവസം ഇടുക്കിയിലെത്തും.
STORY HIGHLIGHTS: Forest department has set up a temporary ration shop to attract the Elephant