Top

മീനങ്ങാടിയിൽ വീണ്ടും കടുവ ഇറങ്ങി; കാൽപാടുകൾ, പശുവിനെ കാണാനില്ല

കടുവയുടെ പ്രായം, ആരോഗ്യം എന്നിവ മനസിലാക്കിയതിന് ശേഷമാകും കൂട് സ്ഥാപിക്കുക.

9 Aug 2022 11:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മീനങ്ങാടിയിൽ വീണ്ടും കടുവ ഇറങ്ങി; കാൽപാടുകൾ, പശുവിനെ കാണാനില്ല
X

വയനാട്: മീനങ്ങാടി മൈലമ്പാടിയിൽ വീണ്ടും കടുവ ഇറങ്ങി. പ്രദേശത്ത് കടുവയുടെ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്. പൂളക്കടവ് സ്വദേശി ബാലന്‍റെ പശുവിനെ കാണാതായി. മേഖലയിൽ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കുന്നതിനിടെയാണ് വീണ്ടും കടുവയുടെ സാന്നിധ്യം. കഴിഞ്ഞ ബുധനാഴ്ച കടുവയിറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.

കാടുപിടിച്ചു കിടക്കുന്ന കൃഷിയിടങ്ങളിലാണ് കടുവ ഒളിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. വനം വകുപ്പ് ഉടൻ കാട് വെട്ടിത്തെളിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കടുവയുടെ നീക്കങ്ങൾ നിരീക്ഷിച്ച് കൂട് സ്ഥാപിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ഇതിനായി വിവിധയിടങ്ങള‍ിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നു. കടുവയുടെ പ്രായം, ആരോഗ്യം എന്നിവ മനസിലാക്കിയതിന് ശേഷമാകും കൂട് സ്ഥാപിക്കുക.

കഴിഞ്ഞ ദിവസം കൊളഗപ്പാറയിൽ തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ കാണാതായിരുന്നു. കടുവ കൊണ്ടുപോയതാണെന്ന നിഗമനത്തിലാണ് നാട്ടുകാർ. മേപ്പാടിയിലും വന്യമൃ​ഗ ശല്ല്യമുണ്ട്. മേപ്പാടി ചുളിക്കയിൽ പനങ്ങാടൻ വീട്ടിൽ ഇബ്രാഹിമിന്‍റെ എട്ടു മാസം ഗർഭിണിയായ പശുവിനെ വന്യമൃഗം അക്രമിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഇബ്രാഹിമിന്റെ പശുവിനെ വന്യമൃ​ഗം കൊല്ലുന്നത്. ചുളിക്കയിലും വനം വകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

STORY HIGHLIGHTS: Footprints of Tiger is Again Found in Meenangadi

Next Story