Top

23 ലക്ഷം ചെലവഴിച്ച് സ്വപ്ന മൈതാനം സ്വന്തമാക്കി കാല്‍പന്ത് പ്രേമികള്‍; വീട് പണയത്തിലാക്കി വരെ പണം സമാഹരണം

മൂന്നു വര്‍ഷമായി തങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള കഠിനാധ്വാനത്തിന്റെ ശ്രമത്തിലായിരുന്നു യുവാക്കള്‍

27 Nov 2022 8:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

23 ലക്ഷം ചെലവഴിച്ച് സ്വപ്ന മൈതാനം സ്വന്തമാക്കി കാല്‍പന്ത് പ്രേമികള്‍; വീട് പണയത്തിലാക്കി വരെ പണം സമാഹരണം
X

ബാലുശ്ശേരി: കാല്‍പന്തിനോടുള്ള പ്രണയത്താല്‍ സ്വപ്‌നം കണ്ട മൈതാനം ലക്ഷങ്ങള്‍ ചെലവഴിച്ച് സ്വന്തമാക്കി ബാലുശ്ശേരിയിലെ ഒരു കൂട്ടം യുവാക്കള്‍. വീട് പണയം വെച്ച് വരെ സ്വന്തമാക്കിയ ഫുട്‌ബോള്‍ മൈതാനിയില്‍ ഞായറാഴ്ച്ച ആദ്യത്തെ പന്തുരുളും. ഞായറാഴ്ച രാവിലെ പത്തിന് കൂട്ടായ്മയിലെ അംഗങ്ങള്‍ ഗോള്‍വലയിലേക്കു പന്തുപായിച്ച് മൈതാനത്തിന്റെ ഉദ്ഘാടനം നടത്തും.ബാലുശ്ശേരി പൂനത്ത് പൊട്ടല്‍മുക്കിലാണ് നാല്പതോളം യുവാക്കളും കുട്ടികളുമടങ്ങിയ ടിവിഎസ് കൂട്ടായ്മ 23 ലക്ഷം രൂപ ചെലവില്‍ ഫുട്‌ബോള്‍ മൈതാനം ഒരുക്കിയത്.

മൂന്നു വര്‍ഷമായി തങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള കഠിനാധ്വാനത്തിന്റെ ശ്രമത്തിലായിരുന്നു യുവാക്കള്‍. മലയാളികളായ കാല്‍പന്ത് പ്രേമികള്‍ക്കൊരു ആവേശമായി മാറിയിരിക്കുകയാണ് ബാലുശ്ശേരിയിലെ ഈ കൊച്ചുകൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍. നീണ്ട കാത്തിരിപ്പിന് ശേഷം സ്വന്തമാക്കിയ തങ്ങളുടെ സ്വന്തം ഫുട്‌ബോള്‍ മൈതാനത്തില്‍ പന്തരുളാന്‍ പോകുന്നതിന്റെ ആവേശത്തിലാണിവര്‍.

തെക്കുവടക്കന്‍ സര്‍വ്വീസ് എന്ന് നാട്ടുകാര്‍ കളിയാക്കി വിളിച്ചിരുന്ന യുവാക്കളുടെ കൂട്ടായ്മ ഇന്ന് നാടിന് അഭിമാനമായി മാറിയിരിക്കുകയാണ്. ടീം വെറൈറ്റി സോക്കര്‍ എന്നാണ് കൂട്ടായ്മയ്ക്ക് യുവാക്കള്‍ പേരിട്ടിരിക്കുന്നത്. പൊതുകളിസ്ഥലമില്ലാത്തതിനാല്‍ സ്വകാര്യവ്യക്തികളുടെ പറമ്പുകളായിരുന്നു കൂട്ടായ്മയിലെ കുട്ടികളുടെ കളിയിടങ്ങള്‍. സ്ഥലമുടമയെത്തുമ്പോള്‍ കുട്ടികള്‍ പന്തും ഗോള്‍വലയും വാരിയെടുത്ത് ഓടുന്ന അവസ്ഥയാണ് യുവാക്കളെ സ്വന്തമായൊരു മൈതാനം എന്ന തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.

ഇതിനായി കണ്ട് വച്ച 10 സെന്റ് ഭൂമി മാത്രമായി നല്‍കാന്‍ ഉടമ തയ്യാറാവില്ല എന്ന് മനസ്സിലാക്കിയ സാഹചര്യത്തില്‍ ഒരേക്കറോളം വസ്തു വാങ്ങാന്‍ യുവാക്കള്‍ നിര്‍ബന്ധിതരായി. ബിരിയാണി ചലഞ്ച് നടത്തിയും മറ്റു പല മാര്‍ഗങ്ങളിലൂടെയും പണം സമാഹരിക്കാന്‍ ശ്രമിച്ചെങ്കിലും തികഞ്ഞില്ല. ഒടുവില്‍ കൂട്ടായ്മയിലെ പ്രധാന പ്രവര്‍ത്തകനായ ജിഷാദ് തന്റെ വീട് പണയം വെയ്ക്കാന്‍ തയ്യാറായത്. വീട് പണയം വെച്ച് ചിട്ടി പിടിച്ചാണ് ബാക്കി തുക കണ്ടെത്തിയത്. കൂടാതെ പ്രദേശവാസികളില്‍ ഒരാള്‍ ഒരേക്കറിലെ 50 സെന്റ് ഭൂമി വാങ്ങിയും സഹായിച്ചു. മൈതാനത്തിന്റെ സ്ഥലം പണയപ്പെടുത്തി കെ.എസ്.എഫ്.ഇ.യില്‍നിന്ന് മറ്റൊരു ഏഴുലക്ഷവും വായ്പയെടുത്തിട്ടുണ്ട്.

ഭൂരിപക്ഷംപേരും ദിവസവേതനക്കാര്‍ മാത്രമായിട്ടും മാസാമാസം 45,000 രൂപ വീതമടച്ച് ജിഷാദിന്റെ വീടിന്റെ ബാധ്യതയുടെ 70 ശതമാനവും ഇതിനകം വീട്ടിക്കഴിഞ്ഞു. തട്ടുതട്ടായിക്കിടന്ന ഭൂമി നിരത്തല്‍മുതല്‍ ഗോള്‍പോസ്റ്റ് സ്ഥാപിക്കുന്നതുവരെയുള്ള മുഴുവന്‍ ജോലികളും ടി.വി.എസ്. അംഗങ്ങള്‍തന്നെയാണ് ചെയ്തുതീര്‍ത്തത്. പ്രദേശത്തെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടിനേതാക്കളും യുവാക്കള്‍ക്ക് താങ്ങായി കൂടെയുണ്ട്.

Story Highlights: Football lovers spent 23 lakhs and got their dream ground

Next Story