Top

എസ് ഐയെ കൈയ്യേറ്റം ചെയ്ത കേസ്; നാദാപുരത്ത് അഞ്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പ്രതികളെ സ്റ്റേഷനിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ എസ് ഐയുടെ യൂണിഫോമിലെ നെയിംബോർഡ് വലിച്ചു കീറി കൈയ്യേറ്റത്തിന് ശ്രമിക്കുകയായിരുന്നു

24 Sep 2022 7:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എസ് ഐയെ കൈയ്യേറ്റം ചെയ്ത കേസ്; നാദാപുരത്ത് അഞ്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
X

നാദാപുരം: എസ്ഐ ആർ എൻ പ്രശാന്തിനെ കയ്യേറ്റം ചെയ്ത അഞ്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. പേരോട് സ്വദേശികളായ വെല്ലോളി റാഷിദ്, കോടച്ചം വീട്ടിൽ ബഷീർ, പീറ്റയിൽ റിയാസ്, ചെറിയ തുണ്ടിയിൽ അഷ്കർ, തൊടുവയിൽ അബ്ദുൾ ഹക്കീം എന്നിവരെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഹാർത്താലിൻ്റെ മറവിൽ പേരോട് ടൗണിൽ വാഹനം തടയുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് കൺട്രോൾ റൂം സി ഐ രഞ്ജിത്ത്, ആർ എൻ പ്രശാന്ത് എന്നിവർ ചേർന്ന് അഞ്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്.പ്രതികളെ സ്റ്റേഷനിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ എസ് ഐയുടെ യൂണിഫോമിലെ നെയിംബോർഡ് വലിച്ചു കീറി കൈയ്യേറ്റത്തിന് ശ്രമിക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവ്വഹണം തസ്സപ്പെടുത്തി എസ് ഐയെ അക്രമിക്കാൻ ശ്രമിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ സ്ഥലങ്ങളിലെ ആക്രമണങ്ങളില്‍ 170 പേര്‍ അറസ്റ്റിലായി. 368 പേരെ കരുതല്‍ തടങ്കലിലുമാക്കി. വിവിധയിടങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, കെഎസ്ആര്‍ടിസി ജീവനക്കാര്‍, യാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് പരുക്കേറ്റിരുന്നു. തിരുവനന്തപുരം സിറ്റിയില്‍ മാത്രമായി 12 കേസുകളും 11 അറസ്റ്റും, മൂന്ന് പേരെ കരുതല്‍ തടങ്കലിലുമാക്കി. കോട്ടയം ജില്ലയില്‍ 11 കേസുകളും 87 പേരുടെ അറസ്റ്റും രേഖപ്പെടുത്തി. എട്ട് പേരെയാണ് കോട്ടയത്ത് കരുതല്‍ തടങ്കലിലാക്കിയത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആളുകളെ കരുതല്‍ തടങ്കലിലാക്കിയത്. 118 പേരാണ് മലപ്പുറത്ത് മാത്രം കരുതല്‍ തടങ്കലിലുളളത്.

ഹര്‍ത്താലില്‍ തെക്കന്‍ ജില്ലകളില്‍ വ്യാപക അക്രമമാണ് നടന്നത്. കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി. കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിലെ സിപിഒ ആന്റണി, കൊല്ലം എ ആര്‍ ക്യാമ്പിലെ കോണ്‍സ്റ്റബിള്‍ നിഖില്‍ എന്നിവര്‍ക്ക് ഗുരുതര പരുക്കേറ്റിരുന്നു. ഇരുവരേയും കൊല്ലം എന്‍.എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹര്‍ത്താല്‍ ദിനത്തില്‍ നിരത്തിലിറങ്ങിയ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെയും വ്യാപക അക്രമം നടന്നിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് 70 കെഎസ്ആര്‍ടിസി ബസുകളാണ് സംസ്ഥാനത്ത് തകര്‍ന്നത്.

STORY HIGHLIGHTS: Five Popular Front workers arrested in Nadapuram

Next Story