Top

'അഞ്ച് സെന്റിൽ നിർമ്മാണം നടത്താൻ നിയന്ത്രണമുള്ളപ്പോൾ 16 ഏക്കറോളം തണ്ണീർത്തടം നികത്തുന്നു'; കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

13 July 2022 10:09 AM GMT
ശ്രുതി എആർ

അഞ്ച് സെന്റിൽ നിർമ്മാണം നടത്താൻ നിയന്ത്രണമുള്ളപ്പോൾ 16 ഏക്കറോളം തണ്ണീർത്തടം നികത്തുന്നു; കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം
X

പറവൂ‍ർ: കോട്ടുവള്ളി പഞ്ചായത്തിലെ തണ്ണീ‍ർത്തടം നികത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെയുള്ള നടപടി വേ​ഗത്തിലാക്കണമെന്ന ആവശ്യം ശക്തം. ജനകീയ പ്രശ്നത്തിൽ ഇതുവരെ രാഷ്ട്രീയ സംഘടനകളുടെ ഇടപെടലുണ്ടായിട്ടില്ലെന്നും പരാതിക്കാരനും മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ കെ സി വിനോദ് കുമാർ റിപ്പോർട്ടർ ലൈവിനോട് പറഞ്ഞു. പഞ്ചായത്തിലെ സാധാരണക്കാർക്ക് അഞ്ച് സെന്റിൽ നിർമ്മാണം നടത്താൻ നിയന്ത്രണങ്ങളുള്ളപ്പോൾ പതിനാറേക്കറോളം വരുന്ന തണ്ണീർത്തടം നികത്താൻ സ്വകാര്യ വ്യക്തി ശ്രമിക്കുന്നത്. ഡാറ്റാ ബാങ്കിൽ ഭൂമിയെ സംബന്ധിച്ച വിവരങ്ങൾ തിരുത്തിയിട്ടുണ്ടെന്ന്. ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സ്ഥലം സന്ദർശിക്കുന്ന ആർക്കും മനസ്സിലാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോട്ടുവള്ളി പഞ്ചായത്തിലെ ആനച്ചാൽ- വഴിക്കുളങ്ങര ബൈപ്പാസ് റോഡിനടുത്തുള്ള 16 ഏക്കറോളം വരുന്ന തണ്ണീർത്തടം നികത്താനാണ് സ്ഥലം ഉടമ ശ്രമിച്ചത്. സംഭവത്തിൽ റവന്യൂ ഉദ്യോഗസ്ഥർ നടപടിയെടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ വില്ലേജ്, പഞ്ചായത്ത് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്. തഹസിൽദാർ രേഖകൾ പരിശോധിക്കാൻ ഉത്തരവിട്ടു. സബ് കളക്ടർ (ആർഡിഒ), വനംവകുപ്പ് എന്നിവർ പരിശോധന നടത്തി. അമ്പതിലധികം ലോഡ് മണ്ണാണ് പുഴയോട് ചേർന്നുള്ള തണ്ണീർത്തടത്തിലും കണ്ടൽകാടിലും അടിച്ചിരിക്കുന്നത്.

പതിനാറ് ഏക്കറിൽ കൃഷി ഓഫീസറുടെ അനുമതിയോടെ ആറ് ഏക്കറോളം വരുന്ന നിലം പുരയിടമാക്കിയട്ടുണ്ട്. വൻകിട കമ്പനികളുടെ ഗോഡൗൺ നിർമ്മാണത്തിന് വേണ്ടിയാണ് തണ്ണീർത്തടം നികത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. വാണിജ്യാവശ്യങ്ങൾക്കായി ഭൂമി തരം മാറ്റരുതെന്ന് ചട്ടത്തിലുണ്ട്. ഭൂമി തരം മാറ്റാൻ സ്ഥലം ഉടമയ്ക്ക് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ട്. ഇതിനായി സാറ്റ്ലൈറ്റ് സർവേയിലും കൃത്രിമം നടന്നതായി പരാതിയുണ്ടായിരുന്നു. 2021ൽ ഇവർ അനുകൂലമായ കോടതി ഉത്തരവ് നേടിയെടുത്തിരുന്നു.‌ വിഷയത്തിൽ ജനശ്രദ്ധ ലഭിക്കാൻ കാരണം മാധ്യമങ്ങളുടെ ഇടപെടലാണെന്ന് കെ സി വിനോദ് കുമാർ പറഞ്ഞു. വനം വകുപ്പ് ഉൾപ്പെടെ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"കോട്ടുവള്ളി പഞ്ചായത്തിൽ നിർമ്മാണ പ്രവർത്തികൾ നടത്താൻ തന്നെ അനുമതിയില്ല. തണ്ണീർത്തടം തരം മാറ്റിയാണ് അവർ നികത്തുന്നത്. വനം വകുപ്പ്, കൃഷി വകുപ്പ് എന്നിങ്ങനെ ഇതുമായി ബന്ധപ്പെട്ട എല്ലാ വകുപ്പിനും പരാതി നൽകിയിട്ടുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയും വിഷയം ഏറ്റെടുത്തിട്ടില്ല. ഇത് വലിയ ജനകീയ പ്രശ്നമാണ്. സമീപത്തെ പഞ്ചായത്തിലും ഇത്തരത്തിലുള്ള ക്രമക്കേട് നടക്കുന്നുണ്ട്. പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്. മുൻ ഉദ്യോഗസ്ഥരെ എല്ലാം സ്വാധീനിച്ചാണ് ഉടമ നികത്തൽ നടപടി ആരംഭിച്ചത്. പഞ്ചായത്തിൽ തണ്ണീർത്തടം ഉള്ളതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഉണ്ട്. സാധാരണക്കാരന് അഞ്ച് സെൻ്റിൽ വീട് വയ്ക്കാൻ വരെ വലിയ നൂലാമാലകൾ ഉള്ളപ്പോഴാണ് ഏക്കർ കണക്കിന് തണ്ണീർത്തടം നികത്തുന്നത്. ഡാറ്റാ ബാങ്കിലെ വിവരങ്ങൾ തിരുത്തിയിട്ടുണ്ട്. മാധ്യമങ്ങളുടെ ഇടപെടൽ കൊണ്ടുമാത്രമാണ് വിഷയത്തിന് ജന ശ്രദ്ധ ലഭിച്ചത്. ബന്ധപ്പെട്ട അധികാരികൾ കർശനമായ നടപടി എടുക്കണം. വിഷയത്തിൽ അധികാരികൾ അടിയന്തിരമായി ഇടപെടണം. സ്ഥലം സന്ദർശിക്കുന്ന ആർക്കും മനസ്സിലാകും വലിയ ക്രമക്കേട് നടന്നിട്ടുണ്ടെന്ന്. പലരെയും അവർ തെറ്റുധരിപ്പിച്ചു." കെ സി വിനോദ് കുമാർ പറഞ്ഞു.

STORY HIGHLIGHT: There is a strong demand to speed up the action against the culprits in the incident of filling up the wetland in Kottuvally panchayat.

Next Story