പാഴ്‌വസ്തു സംഭരണ കേന്ദ്രങ്ങളില്‍ അഗ്‌നിസുരക്ഷാ സജ്ജീകരണങ്ങള്‍ നിര്‍ബന്ധം; നിര്‍ദേശവുമായി തദ്ദേശ വകുപ്പ്
പൊതുഇടങ്ങളില്‍ പാഴ്‌വസ്തുക്കള്‍ കത്തിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാനും നിര്‍ദേശമുണ്ട്
19 March 2023 2:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: ആക്രിക്കടകളിലും പാഴ്വസ്തു സംഭരണ കേന്ദ്രങ്ങളിലും അഗ്‌നിസുരക്ഷാ സജ്ജീകരണങ്ങള്‍ നിര്‍ബന്ധമാക്കി. ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ തദ്ദേശസെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
പൊതുഇടങ്ങളില്‍ പാഴ്‌വസ്തുക്കള്‍ കത്തിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാനും തദ്ദേശവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശങ്ങളില്‍ പറയുന്നു. ആക്രിക്കടകള്‍ക്ക് ചുറ്റും തീപിടിക്കാവുന്ന രീതിയില്‍ പാഴ്‌വസ്തുക്കള്‍ അലക്ഷ്യമായി കൂട്ടിയിടാനും പാടില്ല.
പാഴ്വസ്തു വിപണനശാലകളില്‍ അഗ്‌നിസുരക്ഷാ സംവിധാനം ഉണ്ടെന്നും അത് പ്രവര്‍ത്തനക്ഷമമാണെന്നും തദ്ദേശ സെക്രട്ടറിമാര്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ആക്രിക്കടകളില്‍ നിന്നും പാഴ്‌വസ്തുക്കള്‍ നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിനായി ഒരു ഉദ്യോഗസ്ഥനെ പ്രത്യേകം ചുമതലപ്പെടുത്തണമെന്നും തദ്ദേശവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശങ്ങളില്‍ പറയുന്നു.
STORY HIGHLIGHTS: Fire safety arrangements have made mandatory in Scrap shops