'പിടിച്ചുപറിക്ക് തുല്യം'; നോക്കുകൂലി പരാതികളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡിജിപി നിര്‍ദേശം
നേരത്തെ നോക്കുകൂലി തടയാന്‍ കര്‍ശന നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി വി ശിവന്‍കുട്ടിയും നിര്‍ദ്ദേശം നല്‍കിയിരുന്നു.
27 Nov 2021 6:55 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാല്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്കി. മുന്തിയ പരിഗണന നല്കി കേസ് അന്വേഷിച്ച് ചാര്‍ജ്ജ്ഷീറ്റ് സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്.
സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിച്ച് പരാതിക്കാരുടെ ബുദ്ധിമുട്ടുകളും ചെയ്യാത്ത ജോലിക്ക് കൂലി നല്‍കേണ്ട അവസ്ഥയും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം. നോക്കുകൂലി സംബന്ധിച്ച കേസുകളില്‍ പിടിച്ചുപറിക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കുമുളള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
പിണറായി സര്‍ക്കാര്‍ നോക്കുകൂലി വിഷയത്തില്‍ നിരവധി തവണ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് നിരവധി നോക്കുകൂലി പരാതികളാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. വിഎസ്എസ്സിയിലേക്ക് വന്ന ഐഎസ്ആര്‍ഒയുടെ ഭീമന് കാര്‍ഗോ വാഹനം പ്രദേശവാസികള്‍ നോക്കുകൂലി ആവശ്യപ്പെട്ട് തടഞ്ഞത് വലിയ വിവാദമായിരുന്നു. പത്ത് ലക്ഷം രൂപ നോക്കുകൂലിയായി ആവശ്യപ്പെട്ടെന്നാണ് ഉയര്‍ന്ന പരാതി.
നേരത്തെ നോക്കുകൂലി തടയാന്‍ കര്‍ശന നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി വി ശിവന്‍കുട്ടിയും നിര്‍ദ്ദേശം നല്‍കിയിരുന്നു. നോക്കുകൂലി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഒക്ടോബറില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. നോക്കുകൂലിയുമായി ബന്ധപ്പെട്ട തൃശ്ശൂരില്‍ 11 തൊഴില്‍ കാര്‍ഡുകള്‍ റദ്ദാക്കിയ ജില്ലാ ലേബര്‍ ഓഫീസറുടെ നടപടിയെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു. ഹെഡ് ലോഡ് വര്‍ക്കേഴ്സ് ആക്ട് 1978 ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
- TAGS:
- nokkukooli
- DGP
- Trade Unions