Top

പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളവുമായി സഹകരിക്കാന്‍ ഫിന്‍ലന്‍ഡ്; സംഘം ഇന്ന് മന്ത്രിയെ സന്ദര്‍ശിക്കും

ഡിസംബറില്‍ മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ഫിന്‍ലന്‍ഡ് സംഘവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രണ്ടാമത്തെ സംഘം സംസ്ഥാനത്തെത്തിയത്

25 Jan 2023 3:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളവുമായി സഹകരിക്കാന്‍ ഫിന്‍ലന്‍ഡ്; സംഘം ഇന്ന് മന്ത്രിയെ സന്ദര്‍ശിക്കും
X

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളവുമായി സഹകരിക്കാന്‍ ഫിന്‍ലന്‍ഡ് വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ പദ്ധതികളില്‍ പരസ്പര സഹകരണത്തോടെ നവീന ആശയങ്ങള്‍ നടപ്പിലാക്കുകയാണ് ലക്ഷ്യം. ഇതിനായി ഫിന്‍ലന്‍ഡ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍ സംസ്ഥാനത്തെത്തി.

യൂണിവേഴ്സ്റ്റി ഓഫ് ഹേല്‍സിന്‍ഘിയിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികളായ പ്രൊഫ. ടാപ്പിയോ ലേഹ്‌തേരോ, റീക്കാ ഹേ ലീക്കാ, മിന്നാ സാദേ എന്നിവരാണ് കേരളത്തിലെത്തിയത്. കഴിഞ്ഞ ഡിസംബറില്‍ മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ഫിന്‍ലന്‍ഡ് സംഘവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രണ്ടാമത്തെ സംഘം എത്തിയത്.

പൊതുവിദ്യാഭ്യാസ വകുപ്പ് - സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ നടത്തിയ സെമിനാറില്‍ സംഘം പങ്കെടുത്തു. ഫിന്‍ലന്‍ഡില്‍ അധ്യാപകര്‍ക്ക് നല്‍കുന്ന പരിശീലനങ്ങളെ കുറിച്ച് സംഘം സെമിനാറില്‍ അവതരിപ്പിച്ചു. അധ്യാപക പരിശീലനം. ശൈശവകാല വിദ്യാഭ്യാസ മാതൃകകള്‍, അക്കാദമിക നിലവാരം ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലാകും ആദ്യഘട്ട സഹകരണം.

ശാസ്ത്രം, ഗണിതം, അടിസ്ഥാന ഭാഷാശേഷി വികസനം തുടങ്ങിയ വിഷയങ്ങളില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. കുട്ടികളുടെ ദേശീയ വിദ്യാഭ്യാസ അവകാശങ്ങളും ചര്‍ച്ചാവിഷയമായി. സംഘം ഇന്ന് മന്ത്രി വി ശിവന്‍കുട്ടിയെ സന്ദര്‍ശിക്കും. വിദ്യാഭ്യാസ മേഘലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ അറിയുന്നതിന്റെ ഭാഗമായി വകുപ്പിന് കീഴിലുള്ള വിവിധ ഏജന്‍സികളുമായും കൂടിക്കാഴ്ച്ച നടത്തും.

Story highlights: Finland to corporate with Kerala in the field of Education

Next Story