Top

സിനിമാ ചിത്രീകരണം തടയല്‍; യൂത്ത് കോണ്‍ഗ്രസിനെതിരെ കെപിസിസി

'സിനിമ സര്‍ഗ്ഗാത്മക പ്രവര്‍ത്തനം'

9 Nov 2021 1:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിനിമാ ചിത്രീകരണം തടയല്‍; യൂത്ത് കോണ്‍ഗ്രസിനെതിരെ കെപിസിസി
X

സിനിമാ ചിത്രീകരണം തടയാനുള്ള യൂത്ത് കോണ്‍ഗ്രസ് തീരുമാനത്തിന് എതിരെ കെപിസിസി നേതൃത്വം. ജോജുവിന് എതിരെയുള്ള പ്രതിഷേധം സിനിമ മേഖലയാകെ പടര്‍ത്തരുതെന്നാണ് കെ സുധാകരന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സിനിമ സര്‍ഗ്ഗാത്മക പ്രവര്‍ത്തനമാണെന്നും ഇത് സംരക്ഷിക്കേണ്ട ബാധ്യത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉണ്ടെന്നും സുധാകരന്‍ യോഗത്തില്‍ വ്യക്തമാക്കി.

വഴി തടഞ്ഞുള്ള സിനിമാ ഷൂട്ടിംഗ് തടയുമെന്ന യൂത്ത് കോണ്‍ഗ്രസ് തീരുമാനത്തെ തള്ളി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും രംഗത്തെത്തിയിരുന്നു ഷൂട്ടിംഗ് തടയമെന്ന തീരുമാനമെടുത്തിട്ടില്ലെന്നും ലൊക്കേഷനുകളിലേക്ക് തങ്ങളാരും പോകില്ലെന്നും മുഹമ്മദ് ഷിയാസ് വ്യക്താക്കിരുന്നു. ''കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും അങ്ങനെയൊരു തീരുമാനമെടുക്കില്ല. ലൊക്കേഷനിലേക്ക് ഞങ്ങളാരും പോകുന്നില്ല''. ഷിയാസ് പറഞ്ഞു.

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയുമുള്ള സിനിമ ചിത്രീകരണം എറണാകുളം ജില്ലയില്‍ ഇനി അനുവദിക്കില്ലെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി നേരത്തെ പറഞ്ഞിരുന്നത്. ലൊക്കേഷനുകളില്‍ ഗുണ്ടകളെ അണിനിരത്തിയാണ് പലയിടത്തും ഷൂട്ടിംഗ് നടത്തുന്നത്. ഇവര്‍ ജനങ്ങളെ ആട്ടിയകറ്റുകയാണ്. ചോദ്യം ചെയ്താല്‍ മര്‍ദനമടക്കം നേരിടേണ്ടി വരുന്ന സാഹചര്യവുമുണ്ട്. ജില്ലയില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള സിനിമ ചിത്രീകരണം മുന്നറിയിപ്പില്ലാതെ തടയുമെന്നും ടിറ്റോ ആന്റണി പറഞ്ഞിരുന്നു.

മാത്രമല്ല, ഇന്ന് നടന്‍ ജോജു ജോര്‍ജിന് നേരെ കൊലവിളി പരാമര്‍ശങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് ഷേണായിസ് തിയേറ്ററിലേക്ക് പ്രതിഷേധപ്രകടനവും നടത്തിയിരുന്നു. ജോജുവിന്റെ സ്റ്റാര്‍ സിനിമയുടെ പോസ്റ്റര്‍ ഇപ്പോഴും തിയേറ്ററിന് മുന്നിലുണ്ട്. അത് പിന്‍വലിക്കണമെന്നുമായിരുന്നു പ്രതിഷേധത്തിലെ ആവശ്യം.

'ചുണയുണ്ടെങ്കില്‍ പോരിന് വാടാ, അന്ന് നിനക്കും പേപ്പട്ടിക്കും ഒരേ വിധിയാണെന്ന് ഓര്‍ത്തോളു. നിന്റെ നാളുകള്‍ എണ്ണപ്പെട്ടു'. തുടങ്ങിയ പരാമര്‍ശങ്ങളാണ് ജോജുവിന് നേരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയത്. ജോജു ജോര്‍ജിന്റെ ഫോട്ടോയില്‍ റീത്ത് വച്ചുകൊണ്ടായിരുന്നു നേതാക്കള്‍ കൊലവിളി നടത്തിയത്. ജോജുവിനൊപ്പം ബി ഉണ്ണികൃഷ്ണന് നേരെയും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വെല്ലുവിളി പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

Next Story

Popular Stories