'ചില എംഎല്‍എമാര്‍ അമിത് ഷായ്ക്കൊപ്പമാണ്'; രാജസ്ഥാനില്‍ ഓപ്പറേഷന് താമര മുന്നറിയിപ്പുമായി ഗെഹ്ലോട്ട്
രാജസ്ഥാന് മുഖ്യമന്ത്രിയെ അധ്യക്ഷ സോണിയാ ഗാന്ധി തീരുമാനിക്കുമെന്ന ഒറ്റവരി പ്രമേയം നിയമസഭാ കക്ഷി യോഗത്തില്‍ പാസാവാതെ പോയതും ഗെഹ്ലോട്ട് പ്രസംഗത്തില്‍ പരാമര്‍ശിച്ചു
2 Oct 2022 5:46 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ജയ്പൂര്‍: കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റിനേയും പിന്തുണക്കുന്ന എംഎല്‍എമാരേയും പരിഹസിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. മറ്റുള്ളവരെ അംഗീകരിക്കുന്നതിനേക്കാള്‍ ഭേദം വിമതനായി നില്‍ക്കുന്നതാണെന്ന് സച്ചിന് പൈലറ്റ് ചിന്തിക്കുന്നുവെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു. സച്ചിനൊപ്പമുള്ള നേതാക്കള്‍ അമിത്ഷാ അടക്കമുള്ള ബിജെപി നേതാക്കള്‍ക്കൊപ്പമാണെന്നും സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകണമെന്ന് ആഗ്രഹിക്കുന്നവരല്ല അവരെന്നും ഗെഹ്ലോട്ട് കുറ്റപ്പെടുത്തി. ഗാന്ധി ജയന്തി ദിനത്തില്‍ ജയ്പൂരില്‍ സംസാരിക്കുകയായിരുന്നു ഗെഹ്ലോട്ട്.
'അമിത് ഷാ, സഫര്‍ ഇസ്ലാം, ധര്‍മേന്ദ്ര പ്രഥാന് എന്നിവര്‍ക്കൊപ്പമാണ് ചില എംഎല്‍എമാര്‍ ഉള്ളതെന്ന് നിങ്ങള്‍ക്കെല്ലാമറിയാം. രാജസ്ഥാന് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകണമെന്ന് ആഗ്രഹിക്കുന്നവരല്ല അവര്‍.' രാജസ്ഥാനില്‍ ബിജെപജി ഓപ്പറേഷന് താമര നീക്കം ശക്തമാക്കുന്നുവെന്ന സൂചന നല്‍കുന്നതാണ് ഗെഹ്ലോട്ടിന്റെ പ്രതികരണം.
രാജസ്ഥാന് മുഖ്യമന്ത്രിയെ അധ്യക്ഷ സോണിയാ ഗാന്ധി തീരുമാനിക്കുമെന്ന ഒറ്റവരി പ്രമേയം നിയമസഭാ കക്ഷി യോഗത്തില്‍ പാസാവാതെ പോയതും ഗെഹ്ലോട്ട് പ്രസംഗത്തില്‍ പരാമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒറ്റവരി പ്രമേയം പാസാവാത്തത്. അതില്‍ തനിക്ക് ഇപ്പോഴും ഖേദം ഉണ്ട്. അതിനാലാണ് മാപ്പ് പറഞ്ഞതെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു.
'എന്തുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം ഉടലെടുത്തത്. എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ താന്‍ പിസിസി അധ്യക്ഷനെ അയച്ചപ്പോള്‍ അവര്‍ രൂക്ഷമായി പ്രതികരിക്കുകയാണുണ്ടായത്. അവരുടെ രക്ഷിതാവായി താന്‍ ഉണ്ടാവുമെന്ന 2020 ല്‍ ഉറപ്പ് നല്‍കിയത് ഓര്‍ക്കുകയാണ് അവര്‍. താന്‍ രാജസ്ഥാന് വിട്ടാലുള്ള ആശങ്കയോര്ത്താണ് അവര്‍ രോക്ഷാകുലരായത്. സംഭവിച്ചതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു.' അശോക് ഗെഹ്ലോട്ട് പറഞ്ഞു.