'അച്യുതാനന്ദൻ സഹായ ഫണ്ടിലേക്ക് എന്റെ വക 5 രൂപ'; അപകീർത്തി കേസ് വിധിയിൽ പരിഹാസവുമായി ഫാത്തിമ തഹ്ലീയ
24 Jan 2022 3:47 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഉമ്മൻ ചാണ്ടിക്കെതിരായ പരാമർശത്തിൽ വിഎസ് അച്യൂതാനന്ദൻ നഷ്ടപരിഹാരം നൽകണമെന്ന കോടതി വിധിയിൽ പരിഹാസവുമായി മുൻ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമാ തഹ്ലീയ. ഉമ്മൻചാണ്ടിയെ കുറിച്ച് പച്ചക്കള്ളം പറഞ്ഞതിന് കോടതി പിഴയിട്ട വി.എസ് അച്യുതാനന്ദൻ സഹായ ഫണ്ടിലേക്ക് എന്റെ വക 5 രൂപ എന്നായിരുന്നു തഹ്ലീയയുടെ പരാമർശം.
കോടതി വിധി വിഎസ് അച്യുതാനന്ദനും സിപിഐഎമ്മിനുമേറ്റ പ്രഹരമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നേരത്തെ പ്രതികരിച്ചിരുന്നു. ഈ വിധി വി.എസിന് മാത്രമല്ല, നുണക്കഥകൾ കൊണ്ട് എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്ന സിപിഎമ്മിന് ഒന്നടങ്കം മുഖത്തേറ്റ പ്രഹരമാണ്. വ്യാജ ആരോപണങ്ങളിൽ പതറാതെ നിന്ന് നിയമ പോരാട്ടം നടത്തി വിജയിച്ച പ്രിയപ്പെട്ട ഉമ്മൻചാണ്ടിയ്ക്ക് അഭിവാദ്യങ്ങളെന്നും സുധാകരൻ പറഞ്ഞു.
നുണ ഒരു ആയുധമാണ് " സി പി എമ്മിൻ്റെ എറ്റവും വലിയ ആയുധമായി ആ പ്രസ്ഥാനത്തെ നിലനിർത്തുന്നതും നുണകൾ തന്നെയാണ്. അത്തരത്തിൽ ഒരു വലിയ നുണ കോടതി പൊളിച്ചിരിക്കുന്നു. പ്രിയ സഹപ്രവർത്തകൻ ഉമ്മൻ ചാണ്ടിയ്ക്കെതിരെ സോളാറിൽ വ്യാജ അഴിമതി ആരോപണം ഉന്നയിച്ച വി.എസിൽ നിന്ന് 10.10 ലക്ഷം രൂപയും 6 ശതമാനം പലിശയും നഷ്ടപരിഹാരം ഈടാക്കാൻ വിധി വന്നിരിക്കുന്നു. അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ച വി.എസ് അച്ചുതാനന്ദൻ അപഹാസ്യനായിരിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.
സോളാർ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി നൽകി ഹർജിയിലാണ് മുൻ മുഖ്യമന്ത്രി വിഎസ് അച്യൂതാനന്ദന് തിരിച്ചടിയേറ്റത്. പരാമർശത്തിൽ വിഎസ് ഉമ്മൻചാണ്ടിക്ക് പത്തു ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി വിധിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതിയുടേതാണ് ഉത്തരവ്.
2013 ആഗസ്റ്റിൽ ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ വിഎസ് അഴിമതി ആരോപണം ഉന്നയിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഒരു കമ്പനി ഉണ്ടാക്കി അഴിമതി നടത്തിയെന്നായിരുന്നു വി.എസിന്റെ പരാമർശം. ഈ പരാമർശം മുൻനിർത്തിയാണ് ഉമ്മൻ ചാണ്ടി നഷ്ടപരിഹാര കേസ് ഫയൽ ചെയ്തത്.
സത്യം ജയിക്കുമെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഒന്നും സംഭവിക്കില്ല. സത്യം ജയിക്കും. എത്ര കാലം കഴിഞ്ഞാലും തെളിയുക തന്നെ ചെയ്യുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. മുഖ്യന്ത്രിയായിരുന്ന കാലത്ത് നിരവധി ആക്ഷേപങ്ങൾ നേരിട്ടു. തെറ്റ് ചെയ്തില്ലെന്ന് പൂർണ ബോധ്യമുണ്ട്. അതുകൊണ്ട് ഭയമില്ലായിരുന്നു, എത്ര കേസുകൾ, എത്ര കമ്മിഷനുകൾ. സത്യം ജയിച്ചു എന്ന് മനസിലായി. അദ്ദേഹം പറഞ്ഞു.