'ആകെയുള്ളത് ഒരു വനിതാ അംഗം; സഖാക്കളേ, ലീഗുകാര്‍ക്ക് ക്ലാസെടുക്കാന്‍ ഇനിയും ഇതുവഴി വരില്ലേ': ഫാത്തിമ തെഹ്ലിയ
'സ്ത്രീ പ്രാതിനിധ്യം കൂടിയാല്‍ പാര്‍ട്ടി നശിച്ചു പോകുമെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്ന കോടിയേരി ബാലകൃഷ്ണനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തിട്ടുണ്ട്'
4 March 2022 1:26 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ പുതിയ സെക്രട്ടേറിയേറ്റും സംസ്ഥാന കമ്മിറ്റിയും പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനവുമായി ഹരിത മുന്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ഫാത്തിമ തെഹ്ലിയ. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഒരു വനിത മാത്രമേയുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. സ്ത്രീ വിമോചനത്തെക്കുറിച്ച് ലീഗുകാര്‍ക്ക് ക്ലാസെടുക്കാന്‍ ഇനിയും വരില്ലേ ഇതുവഴി എന്ന് തെഹ്ലിയ പരിഹസിച്ചു.
ഫാത്തിമ തെഹ്ലിയയുടെ വാക്കുകള്‍:
'സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ച് വലിയ വായയില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് ഉല്‍ബോധനം നല്‍കാറുള്ള സി.പി.എമ്മിന്റെ 17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ആകെയുള്ളത് ഒരു വനിതാ അംഗം. സ്ത്രീ പ്രാതിനിധ്യം കൂടിയാല്‍ പാര്‍ട്ടി നശിച്ചു പോകുമെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്ന കോടിയേരി ബാലകൃഷ്ണനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തിട്ടുണ്ട്. പ്രിയപ്പെട്ട സഖാക്കളെ, സ്ത്രീ വിമോചനത്തെ കുറിച്ച് ലീഗുകാര്‍ക്ക് ക്ലാസെടുക്കാന്‍ ഇനിയും വരില്ലേ ഈ വഴി.'
എട്ട് പേരെയാണ് പുതുതായി സംസ്ഥാന സെക്രട്ടേറിയേറ്റിലേയ്ക്ക് തെരഞ്ഞെടുത്തത്. ഇതില്‍ പികെ ശ്രീമതി മാത്രമാണ് വനിത അംഗം. മൂന്ന് മന്ത്രിമാരും രണ്ട് യുവ നേതാക്കളും അടങ്ങുന്നതാണ് സംസ്ഥാന സെക്രട്ടേറിയറ്റ്. കെകെ ജയചന്ദ്രന്, സജി ചെറിയാന്, ആനാവൂര്‍ നാഗപ്പന്, വിഎന്‍ വാസവന്, മുഹമ്മദ് റിയാസ്, പികെ ബിജു, എം സ്വരാജ്, പുത്തലത്ത് ദിനേശന് എന്നിവരാണ് 17 അംഗ സെക്രട്ടേറിയറ്റിലെ പുതുമുഖങ്ങള്‍.
അതേസമയം, സംസ്ഥാന കമ്മിറ്റിയിലെ സ്ത്രീ സംവരണം സംബന്ധിച്ച ചോദ്യത്തിന് കോടിയേരിയുടെ പ്രതികരണം കഴിഞ്ഞ ദിവസം വിവാദമായിരുന്നു. അമ്പത് ശതമാനം സ്ത്രീ സംവരണം കമ്മിറ്റിയിലുണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, നിങ്ങള്‍ കമ്മറ്റിയെ തകര്‍ക്കാന്‍ വേണ്ടി നടക്കുന്നതാണോയെന്ന ചോദ്യമാണ് ചിരിയോടെ കോടിയേരി ഉന്നയിച്ചത്.കോടിയേരി പറഞ്ഞത്: 'എല്ലാ കമ്മിറ്റികളിലും വനിതാ പ്രാതിനിധ്യം വര്‍ധിച്ചിട്ടുണ്ട്. 50 ശതമാനമോ, നിങ്ങള്‍ കമ്മിറ്റിയെ തകര്‍ക്കാന്‍ വേണ്ടി നടക്കുന്നതാണോ. പ്രായോഗികമായി നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുക.' എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.
STORY HIGHLIGHTS: Fathima Thahliya critices CPIM