Top

'ഫസൽ ഗഫൂർ അന്ന് എന്നെ അധിക്ഷേപിച്ചു, ബോഡ‍ി ഷെയ്മിംഗ് നടത്തി'; കർണാടക ഹിജാബ് വിവാദത്തിനിടെ ഫാത്തിമ തഹ്ലിയ

8 Feb 2022 2:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫസൽ ഗഫൂർ അന്ന് എന്നെ അധിക്ഷേപിച്ചു, ബോഡ‍ി ഷെയ്മിംഗ് നടത്തി; കർണാടക ഹിജാബ് വിവാദത്തിനിടെ ഫാത്തിമ തഹ്ലിയ
X

കർണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ചർച്ചകൾ ചൂടുപിടിക്കവെ വിഷയവുമായി ബന്ധപ്പെട്ട് എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഫസൽ ​ഗഫൂറിനെതിരെ വിമർശനവുമായി ഫാത്തിമ തഹ്ലിയ. നേരത്തെ എംഇഎസ് കോളേജുകളിൽ നിഖാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട് തന്റെ നിലപാടിനെ ഫസൽ ​ഗഫൂർ വിമർശിച്ചത് ചൂണ്ടിക്കാട്ടിയാണ് ഫാത്തിമ തഹ്ലിയയുടെ പ്രതികരണം.

ഫാത്തിമ തഹ്ലിയയുടെ വിമർശനം

‌കർണാടകയിലെ കോളേജുകളിൽ ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട് ശ്രീമാൻ ഫസൽ ഗഫൂറിന്റെ വല്ല പ്രതികരണവും വന്നോ എന്നാണ് ഞാൻ ഉറ്റുനോക്കുന്നത്. സംഘികൾക്കും മുമ്പേ അവരേക്കാൾ ആവേശത്തോടെ കേരളത്തിലെ കോളേജുകളിൽ ശിരോവസ്ത്രം നിരോധിച്ച പാരമ്പര്യമുള്ള വ്യക്തിയാണ് ഫസൽ ഗഫൂർ. അന്ന് അതിനെതിരെ പ്രതിഷേധിച്ച എന്നെപ്പോലുള്ളവരെ ബോഡി ഷെയ്മിങ് ചെയ്യാനും അതിര് കവിഞ്ഞ് വ്യക്തിഹത്യ നടത്താനുമാണ് ഫസൽ ഗഫൂർ ശ്രമിച്ചത്.

തീർത്തും സ്ത്രീ വിരുദ്ധമായ ഭാഷയിൽ ബോഡി ഷെയ്മിങ് നടത്തുകയും ഹിപ്പോക്രാറ്റ് എന്ന് എന്നെ അധിക്ഷേപിക്കുകയും ചെയ്ത ഫസൽ ഗഫൂറിന് സംഘികൾക്ക് വടി കൊടുത്തതിനെ കുറിച്ച് വല്ലതും പറയാൻ ഉണ്ടോ എന്നാണ് ഇനി അറിയേണ്ടത്. മുസ്ലിമായ ഫസൽ ഗഫൂറിന് ശിരോവസ്ത്രം നിരോധിക്കാം എങ്കിൽ ഞങ്ങൾക്ക് എന്തു കൊണ്ട് നിരോധിച്ചു കൂടാ എന്നേ സംഘികൾ ഇനി ചോദിക്കാൻ ബാക്കിയുള്ളൂ!

വിമർശനത്തിന്റെ പശ്ചാത്തലം

ഫാത്തിമയുടെ നിലപാടുകളില്‍ കാപട്യമാണെന്ന് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ മുമ്പൊരു ചാനല്‍ പരിപാടിയില്‍ പറഞ്ഞിരുന്നു. എംഇഎസ് കലാലയങ്ങളില്‍ പെണ്‍കുട്ടികള്‍ നിഖാബ് ധരിക്കുന്നതിനെതിരെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് വിവാദമായ സാഹചര്യത്തിലായിരുന്നു ഫസല്‍ ഗഫൂറിന്റെ ഈ പരാമര്‍ശം. നിഖാബ് ധരിക്കുന്നതിനെ അനുകൂലിച്ച ഫാത്തിമ തഹ്ലിയ നിഖാബ് നിരോധനം എംഇഎസിലേക്ക് വരുന്ന പെണ്‍കുട്ടികളുടെ അവകാശലംഘനമല്ലേ എന്ന് ചാനല്‍ പരിപാടിയില്‍ ഫസല്‍ ഗഫൂറിനോട് ചോദിച്ചു.

ഇതിന് മറുപടിയായിരുന്നു ഫസല്‍ ഗഫൂറിന്റെ പരാമര്‍ശം, 'ഇങ്ങനത്തെ കഥാപാത്രങ്ങളാണ് വിചിത്ര വാദികള്‍. ആ കുട്ടിയെ നോക്കുക. അവര് നല്ല മേക്കപ്പ് എല്ലാം ചെയ്ത് അവരുടെ മുഖമെല്ലാം കാണിച്ച് രാഷ്ട്രീയത്തിലും അല്ലാതെയുമായി നടക്കുന്നുണ്ട്. എന്നിട്ടവര്‍ മറ്റുള്ളവരുടെ മുഖം മറയ്ക്കാന്‍ വേണ്ടി വാദിക്കുകയാണ്. കാപട്യമാണത്', ഫസല്‍ ഗഫൂര്‍ പറഞ്ഞു.

Next Story