Top

'സ്ത്രീ വിരുദ്ധ പരാമർശം'; കോടിയേരിക്കെതിരെ പരാതി നൽകി ഫാത്തിമ തെഹ്‌ലിയ

സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ച് വലിയ വായയിൽ മറ്റ് പാർട്ടികൾക്ക് ഉൽബോധനം നൽകാറുള്ള സി.പി.എമ്മിന്റെ 17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിൽ ആകെയുള്ളത് ഒരു വനിതാ അംഗം

5 March 2022 1:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്ത്രീ വിരുദ്ധ പരാമർശം; കോടിയേരിക്കെതിരെ പരാതി നൽകി ഫാത്തിമ തെഹ്‌ലിയ
X

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക‍ൃഷ്ണനെതിരെ വനിതാ കമ്മീഷന് പരാതി നൽകി എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ. പാർട്ടിയിലെ സ്ത്രീ സംവരണവുമായി ബന്ധപ്പെട്ട ചോ​ദ്യത്തിന് കോടിയേരി നൽകിയ മറുപടി ഏറെ ഗുരുതരവും പൊതു പ്രവർത്തകരായ സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുമുള്ളതാണെന്നും തെഹ്‌ലിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

മാധ്യമങ്ങളോട് പ്രതികരിക്കവെ പാർട്ടി കമ്മിറ്റിയിൽ അമ്പത് ശതമാനം സംവരണം സ്ത്രീകൾക്ക് ഉണ്ടാകുമോ എന്ന ചോദ്യത്തിന് നിങ്ങൾ ഈ പാർട്ടി കമ്മിറ്റിയെ തകർക്കുവാനാണോ ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം പൊതുജന സമക്ഷം ചോദിക്കുന്നുണ്ട്. ഇത് പൊതു പ്രവർത്തകരായ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ്. കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് എതിരെ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും തെഹ്‌ലിയ പരാതിയിൽ ആവശ്യപ്പെടുന്നു.

സംസ്ഥാന കമ്മിറ്റിയിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കുമോയെന്ന ചോദ്യത്തിന് എല്ലാ കമ്മിറ്റിയിലും പ്രാതിനിധ്യം വർധിപ്പിക്കുമെന്ന് കോടിയേരി മറുപടി പറഞ്ഞിരുന്നു. എന്നാൽ 50 ശതമാനം സംവരണ വിഷയവുമായി ബന്ധപ്പെട്ട ചോദ്യത്തിന് നിങ്ങൾ പാർട്ടിയെ തകർക്കാൻ നടക്കുന്നതാണോ, പ്രായോഗിക നിർദേശം നൽകാൻ നടക്കുന്നതാണോയെന്ന് കോടിയേരി ചോദിച്ചു. കമ്മിറ്റികളിൽ 50 ശതമാനം സ്ത്രീ സംവരണം പ്രായോ​ഗികമല്ലെന്ന് കോടിയേരി വിശദീകരിച്ചിരുന്നു.

നേരത്തെ സംവരണ വിഷയത്തിൽ സിപിഐഎമ്മിനെ വിമർശിച്ച് ഫാത്തിമ തെഹ്‌ലിയ രം​ഗത്തുവന്നിരുന്നു. സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ച് വലിയ വായയിൽ മറ്റ് പാർട്ടികൾക്ക് ഉൽബോധനം നൽകാറുള്ള സി.പി.എമ്മിന്റെ 17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിൽ ആകെയുള്ളത് ഒരു വനിതാ അംഗം. സ്ത്രീ പ്രാതിനിധ്യം കൂടിയാൽ പാർട്ടി നശിച്ചു പോകുമെന്ന് ആത്മാർഥമായി വിശ്വസിക്കുന്ന കോടിയേരി ബാലകൃഷ്ണനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തിട്ടുണ്ട്. പ്രിയപ്പെട്ട സഖാക്കളെ, സ്ത്രീ വിമോചനത്തെ കുറിച്ച് ലീഗുകാർക്ക് ക്ലാസെടുക്കാൻ ഇനിയും വരില്ലേ ഈ വഴി. ഫാത്തിമ തെഹ്‌ലിയ ഫേസ്ബുക്കിൽ കുറിച്ചു.

Next Story