'സ്വരാജിന്റെ പ്രസ്താവന സൈബര്‍ സഖാവിന്റെ നിലവാരത്തിലുള്ളത്'; കോണ്‍ഗ്രസിനെ അവര്‍ ഭയക്കുന്നെന്ന് ഫാത്തിമ തെഹ്ലിയ
പല തരത്തിലുള്ള ആരോപണങ്ങള്‍ മാത്രമാണ് സിപിഐഎം ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്ന് തെഹ്ലിയ കുറ്റപ്പെടുത്തി
27 Sep 2022 3:01 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും നിരന്തരമായി ആക്രമിക്കുകയാണ് സിപിഐഎം ചെയ്യുന്നതെന്ന് എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ കേരളത്തില്‍ വന്ന് സിപിഐഎമ്മിനെയും ഇടതുപക്ഷ സര്‍ക്കാരിനെയും രൂക്ഷമായി ആക്രമിച്ചിട്ടും ഇതിനെതിരെ ഒരക്ഷരം പോലും മിണ്ടാന്‍ അവര്‍ തയ്യാറല്ലെന്നും ഫാത്തിമ തെഹ്ലിയ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
'എന്തുകൊണ്ടാണ് സിപിഐഎം രാഹുല്‍ ഗാന്ധിയെ കുറിച്ച് മാത്രം പറയുന്നത്. ബിജെപിക്കെതിരെ നിശബ്ദത പാലിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സിപിഐഎമ്മിന് ദേശീയ തലത്തില്‍ എന്താണ് ചെയ്യാന്‍ കഴിയുക. അതിന് ഉത്തരമില്ല. മറിച്ച് കോണ്‍ഗ്രസ് ഉയര്‍ത്തി പിടിക്കുന്ന വിശാലമായ ഒരു രാഷ്ട്രീയമുണ്ട്. അതിനായാണ് അവര്‍ യാത്ര നടത്തുന്നത്. അല്ലാതെ രാഹുല്‍ ഗാന്ധിക്ക് ഇഷ്ട ഭക്ഷണം കഴിക്കാനായി ഒരു യാത്ര നടത്തേണ്ട കാര്യം കോണ്‍ഗ്രസിനില്ല', ഫാത്തിമ തെഹ്ലിയ പറഞ്ഞു.
ഈ വിമര്‍ശനങ്ങളില്‍ നിന്നെല്ലാം കാര്യം വ്യക്തമാണ്. സിപിഐഎം ശത്രുവായി കാണുന്നത് കോണ്‍ഗ്രസിനെയാണ്. കോണ്‍ഗ്രസിനെ അവര്‍ ഭയക്കുകയാണ്. ഭാരത് ജോഡോ യാത്രയ്ക്കെതിരെ എം സ്വരാജ് നടത്തിയ പ്രസ്താവന സൈബര്‍ സഖാവിന്റെ നിലവാരത്തിലുള്ളതാണെന്നും തെഹ്ലിയ പരിഹസിച്ചു.
പല തരത്തിലുള്ള ആരോപണങ്ങള്‍ മാത്രമാണ് സിപിഐഎം ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്ന് തെഹ്ലിയ കുറ്റപ്പെടുത്തി. ലീഗിന്റെ കൊടിയുമായി ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് സിപിഐഎം ആരോപിച്ചു. കോണ്‍ഗ്രസ് നടത്തുന്ന യാത്രയില്‍ എന്തിന് പച്ചക്കൊടി പിടിച്ച് പോകണം. സിപിഐയുടെ സമ്മേളനത്തിന് സിപിഐഎമ്മുകാരന് പോകേണ്ട കാര്യമില്ലല്ലോ എന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞു.
Story highlights: Fathima Thahilia mocks M Swaraj