കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പുതുമയെന്ന് ഫാത്തിമ തെഹ്ലിയ; 'ഗ്രൂപ്പ് വഴക്കിലേക്കോ വിഭാഗീയതയിലേക്കോ എത്താതിരിക്കട്ടെ'
3 Oct 2022 3:41 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ഇന്ത്യയിലെ രാഷ്ട്രീയ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു പുതുമയാണെന്ന് എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ. തീര്‍ത്തും സുതാര്യവും ജനാധിപത്യവുമായ തെരഞ്ഞെടുപ്പിലൂടെ പാര്‍ട്ടി അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്ന രീതി നാം വളരെ കാലങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് കാണുന്നതെന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞു.
എഐസിസി പ്രസിഡന്റ് പദം അലങ്കരിക്കാന്‍ തീര്‍ത്തും യോഗ്യരായ രണ്ട് പേര് പരസ്പരം ചളി വാരിയെറിയാതെ, ബഹുമാനത്തോടെ മത്സരിക്കുന്നു എന്നതും മാതൃകാപരമാണ്. ഗ്രൂപ്പ് വഴക്കിലേക്കോ വിഭാഗീയതയിലേക്കോ എത്താതെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഭംഗിയായി പര്യവസാനിക്കട്ടെ എന്നാശംസിക്കുന്നു. എല്ലാ വിധ അഭിവാദ്യങ്ങളും നേരുന്നുവെന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞു.
കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ കെ എന്‍ ത്രിപാഠിയുടെ പത്രിക തള്ളിയിരുന്നു. ഇതോടെ മത്സരം മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മിലായി. അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡിന്റെ പിന്തുണ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണ്. മുതിര്‍ന്ന നേതാവ് എ കെ ആന്റണിയും ഖാര്‍ഗെയുടെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെച്ചിട്ടുണ്ട്.
അദ്ധ്യക്ഷ തെരഞ്ഞടുപ്പിനുളള മാര്‍ഗനിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് പുറത്തിറക്കിയിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ട പദവികള്‍ വഹിക്കുന്നവര്‍ പ്രചരണത്തിനിറങ്ങരുത്. ആര്‍ക്കെങ്കിലും അനുകൂലമായോ പ്രതികൂലമായോ പ്രചരണം നടത്തരുത്. പ്രചരണം നടത്താന്‍ താത്പര്യമുളള ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ പദവി രാജിവെക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. പിസിസി അദ്ധ്യക്ഷന്മാര് യോഗം വിളിക്കരുത്. ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനും വോട്ടര്‍മാരെ കൂട്ടമായി കൊണ്ടുവരുന്നതിനും വിലക്കേര്‍പ്പെടുത്തി. കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റിയാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.
Story Highlights: FATHIMA TEHLIA ABOUT CONGRESS PRESIDENT ELECTION