Top

'പക്വതയില്ലാത്ത പ്രസ്താവന': തലശേരി ബിഷപ്പിനെ തള്ളി ഫാ. പോള്‍ തേലക്കാട്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ട് ക്രൈസ്തവ സഭയുടെ പിന്തുണയ്ക്ക് ബിജെപി ശ്രമിക്കുന്നതിനിടെയാണ് ബിഷപ്പിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം.

19 March 2023 11:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പക്വതയില്ലാത്ത പ്രസ്താവന: തലശേരി ബിഷപ്പിനെ തള്ളി ഫാ. പോള്‍ തേലക്കാട്ട്
X

കൊച്ചി: തലശേരി ബിഷപ്പ് ജോസഫ് പാംപ്ളാനിയുടേത് പക്വതയില്ലാത്ത പ്രസ്താവനയാണെന്ന് ഫാദര്‍. പോള്‍ തേലക്കാട്ട്. ബിജെപി ആളുകളെ വിലക്കെടുക്കുന്നു, അതേ നിലയിലുള്ള പ്രസ്താവനയാണ് ബിഷപ്പിന്റേതെന്ന് ഫാ.തേലക്കാട്ട് പറഞ്ഞു. അദ്ദേഹം കൈകാര്യം ചെയ്തത് ഗൗരവമേറിയ വിഷയമാണ്. അല്‍പ്പംകൂടി ഗൗരവത്തോടെ അതിനെ കാണണമായിരുന്നു. വിഷയത്തെ 300 രൂപയുടെ കച്ചവടമാക്കിയതില്‍ വിഷമമുണ്ടെന്നും പോള്‍ തേലക്കാട്ട് പറഞ്ഞു.

ബിഷപ്പിന്റെ പ്രസ്താവന അപകടകരമാണെന്നും രാജ്യത്തിലെ സ്ഥിതി മനസിലാക്കാതെയാണ് അദ്ദേഹം ബിജെപിയെ സഹായിക്കാന്‍ പോകുന്നതെന്നും ഇന്ത്യന്‍ കറന്‍സ് ചീഫ് എഡിറ്റര്‍ ഫാദര്‍ സുരേഷ് മാത്യുവും പ്രതികരിച്ചു. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും ക്രിസ്ത്യന്‍ പള്ളികള്‍ക്കും നേരെ ഉത്തരേന്ത്യയില്‍ നടക്കുന്നത് വലിയ ആക്രമണമാണ്. സംഘപരിവാറിനോട് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഭയുടെ പഠനം മനസിലായിട്ടില്ല. 'നോട്ടിന് വോട്ട്' എന്നതിന് തുല്യമാണ് ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന. നേട്ടമുണ്ടായാല്‍ വോട്ട് ചെയ്യാം എന്ന് ഒരു ആര്‍ച്ച് ബിഷപ്പിനും പറയാന്‍ അവകാശമില്ലെന്നും സുരേഷ് മാത്യു പറഞ്ഞു.

റബര്‍ വില 300 രൂപയായി ഉയര്‍ത്തിയാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുമെന്ന പ്രസ്താവനയാണ് വിവാദമായത്. കണ്ണൂര്‍ ആലക്കോട് നടന്ന കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലിയിലായിരുന്നു ബിഷപ്പിന്റെ പ്രതികരണം. 'റബറിന് വിലയില്ല. ആരാണ് ഉത്തരവാദി. കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചാല്‍ റബറിന്റെ വില 250 രൂപയാക്കി മാറ്റാന്‍ കഴിയും. തെരഞ്ഞെടുപ്പില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തില്‍ വിലയില്ലായെന്ന സത്യം ഓര്‍ക്കുക. റബറിന്റെ വില 300 രൂപയായി പ്രഖ്യാപിച്ച്, ആ റബര്‍ കര്‍ഷകനില്‍ നിന്നും എടുക്കണമെന്നും എടുക്കുക. നിങ്ങള്‍ക്ക് ഒരു എംപിയും ഇല്ലെന്ന് വിഷമം കുടിയേറ്റ ജനത മാറ്റിത്തരാം. ഞങ്ങള്‍ക്ക് രാഷ്ട്രീയമല്ല, ഗതികേടിന്റെ മറുകരയില്‍ നില്‍ക്കുകയാണ്.' എന്നായിരുന്നു ബിഷപ്പിന്റെ പ്രതികരണം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ട് ക്രൈസ്തവ സഭയുടെ പിന്തുണയ്ക്ക് ബിജെപി ശ്രമിക്കുന്നതിനിടെയാണ് ബിഷപ്പിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം.

Next Story