ബാലചന്ദ്രകുമാറിനെതിരായ വ്യാജപീഡനപരാതി: ആസൂത്രകന്‍ ജസ്റ്റിന് ഡൊണാള്‍ഡിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
ബന്ധു നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
30 Oct 2022 11:37 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

എറണാകുളം: സംവിധായകന് ബാലചന്ദ്രകുമാറിനെതിരായ വ്യാജപീഡന പരാതിക്ക് പിന്നിലെ ആസൂത്രകനെന്ന് പൊലീസ് കണ്ടെത്തിയ ഭാരത് ലൈവ് ഓണ്‍ലൈന്‍ ഉടമ ജസ്റ്റിന് ഡൊണാള്‍ഡിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. ബന്ധു നല്കിയ പരാതിയില്‍ അസ്വാഭാവികമരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാളുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെ എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോള്‍ ജസ്റ്റിന് ഡൊണാള്‍ഡ് കുഴഞ്ഞ് വീഴുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്ന് ലിസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതിലാണ് ദുരൂഹത ആരോപിച്ച് ബന്ധു രംഗത്തെത്തിയത്.
ബാലചന്ദ്രകുമാറിനെതിരായ വ്യാജപരാതിക്ക് പിന്നില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ഇടവനത്തോട് വ്യാസന്, സംവിധായകന് ശാന്തിവിള ദിനേശ്, ജസ്റ്റിന് ഡൊണാള്‍ഡ് എന്നിവര്‍ക്ക് പങ്കുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയതിലുളള വൈരാഗ്യമാണ് വ്യാജ പരാതിക്ക് പിന്നിലെന്നും പൊലീസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തലശേരി സ്വദേശിനിയുടെ പീഡന പരാതി വ്യാജമെന്ന് സ്ഥിരീകരിച്ചത്.
വ്യാജ പരാതിയില്‍ പീഡനം നടന്നെന്ന് യുവതി പറഞ്ഞ വീട് ജസ്റ്റിന് ഡൊണാള്‍ഡും ദിലീപിന്റെ സുഹൃത്തായ മറ്റൊരു സിനിമ പ്രവര്‍ത്തകനും സന്ദര്‍ശിച്ചിരുന്നു. ഈ വീട്ടിലേക്ക് ജസ്റ്റിനും പരാതിക്കാരിയും എത്തി പരിശോധനകള്‍ നടത്തുന്ന സിസി ടിവി ദൃശ്യങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ദിലീപിന്റെ സംഘവുമായി ജസ്റ്റിന് നിരവധി തവണ ഫോണില്‍ സംസാരിച്ചതായും സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെ രേഖകളും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.