Top

'കോടഞ്ചേരി കവലയില്‍ കാലുകുത്തിയാല്‍ രണ്ടിനേയും തീര്‍ക്കുമെന്നാണ് ഭീഷണി'; ഒളിവില്‍ കഴിയുന്നത് ഭയം കൊണ്ടെന്ന് ഷെജിനും ജോയ്‌സ്‌നയും

"എന്നേക്കുറിച്ച് പരത്തുന്ന തെറ്റിദ്ധാരണ ശരിയാണെന്ന് കരുതി ആളുകള്‍ വരാം. അവരെ തെറ്റ് പറയാന്‍ പറ്റില്ല."

13 April 2022 7:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോടഞ്ചേരി കവലയില്‍ കാലുകുത്തിയാല്‍ രണ്ടിനേയും തീര്‍ക്കുമെന്നാണ് ഭീഷണി; ഒളിവില്‍ കഴിയുന്നത് ഭയം കൊണ്ടെന്ന് ഷെജിനും ജോയ്‌സ്‌നയും
X

കോഴിക്കോട്: വധഭീഷണി നില്‍ക്കുന്നതുകൊണ്ടാണ് നാട്ടിലേക്ക് പോകാതെ ഒളിവില്‍ കഴിയുന്നതെന്ന് മിശ്ര വിവാഹത്തിന്റെ പേരില്‍ വേട്ടയാടപ്പെടുന്ന ഷെജിനും ജോയ്‌സ്‌നയും. വര്‍ഗീയ ധ്രുവീകരണവും സംഘര്‍ഷവും സൃഷ്ടിക്കാവുന്ന തരത്തില്‍ നാട്ടിലെ അന്തരീക്ഷം മാറിയെന്ന് ഷെജിന്‍ എംഎസ് പറഞ്ഞു. നാട്ടിലെ ചില വര്‍ഗീയ സംഘടനകളാണ് ഇതിന് പിന്നില്‍. കാസ പോലെയുള്ള സംഘടനകള്‍ തെറ്റിദ്ധാരണ പരത്തി. രാത്രിയിലും പകലുമായി നടന്ന പ്രതിഷേധങ്ങള്‍ വ്യാജ പ്രചാരണങ്ങളുടെ ഫലമാണെന്നും ഷെജിന്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷെജിന്റെ പ്രതികരണം.

'ക്രിസ്ത്യന്‍ വര്‍ഗീയ സംഘടനകള്‍ ഞങ്ങളെ ഏത് രീതിയിലാണ് കൈകാര്യം ചെയ്യാന്‍ പോകുന്നതെന്ന് ആശങ്കയുണ്ട്. കോടഞ്ചേരി കവലയില്‍ കാലുകുത്തിയാല്‍ തീര്‍ത്തുകളയും എന്നൊക്കെ പ്രചരിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. അതുകൊണ്ടാണ് തല്‍ക്കാലം മാറി നില്‍ക്കാന്‍ തീരുമാനിച്ചത്. തെക്കന്‍ കേരളത്തിലാണ് ഇപ്പോഴുള്ളത്. ഭയം കാരണം തന്നെയാണ്. ഏതുവിധത്തിലുള്ള തെറ്റിദ്ധാരണയും നടത്തി ആളുകളെ പ്രകോപിപ്പിച്ച് വലിയ സംഘര്‍ഷാവസ്ഥ അവിടെ സൃഷ്ടിച്ചു. വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം പൂര്‍ണമായി വിജയിച്ചിട്ടില്ല' ഷെജിന്‍ പറയുന്നു.

'എന്നേക്കുറിച്ച് പരത്തുന്ന തെറ്റിദ്ധാരണ ശരിയാണെന്ന് കരുതി ആളുകള്‍ വരാം. അവരെ തെറ്റ് പറയാന്‍ പറ്റില്ല. വര്‍ഗീയവല്‍കരണത്തിനുള്ള സാഹചര്യമുണ്ടാക്കുന്നത് ഇത്തരം സംഘടനകളാണ്. അവര്‍ പിന്മാറിയാല്‍ ഈ പ്രശ്‌നങ്ങള്‍ തീരും' ഷെജിന്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ തനിക്കിഷ്ടമുള്ള വ്യക്തിയോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതിന് പ്രശ്‌നങ്ങളുണ്ടാക്കേണ്ട ആവശ്യമില്ലെന്ന് ജോയ്‌സ്‌ന പറഞ്ഞു. ഇഷ്ടപ്പെട്ട വ്യക്തിയുടെ കൂടെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങി വന്നത്. ആരും തട്ടിക്കൊണ്ടുപോകുകയോ ബലം പ്രയോഗിക്കുകയോ ചെയ്തിട്ടില്ല. വിശ്വസിക്കുന്ന സമുദായത്തില്‍ ഉറച്ചുനില്‍ക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ജോയ്‌സ്‌ന ചൂണ്ടിക്കാട്ടി.


ഷെജിന്‍ എംസ് പറഞ്ഞത്

'വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായതോടെ അത് കുറഞ്ഞിട്ടുണ്ടാകുമെന്നാണ് ഞങ്ങള്‍ വിചാരിക്കുന്നത്. ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയും ഡിവൈഎഫ്‌ഐയും കൃത്യമായ നിലപാട് എടുത്തതോടുകൂടി വിവാദങ്ങള്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷ. നാട്ടിലെ ചില വര്‍ഗീയ സംഘടനകളില്‍ നിന്ന് ഞങ്ങള്‍ക്ക് നല്ല ഭീഷണിയുണ്ട്. നാട്ടില്‍ കാലുകുത്തിയാല്‍ തിരിച്ചുപോകില്ല എന്നൊക്കെ ഭീഷണിയുണ്ട്.

സിപിഐഎമ്മിന്റെ ലോക്കല്‍ കമ്മിറ്റിയംഗമാണ് ഞാന്‍. പാര്‍ട്ടിയെ സമീപിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ പാര്‍ട്ടി ഈ വിവാഹം നടത്തിത്തന്നേനെ. അങ്ങനെയാകും ജോര്‍ജ് എം തോമസ് ഉദ്ദേശിച്ചിട്ടുണ്ടാകുക. പക്ഷെ, ആ രീതിയില്‍ പോകാന്‍ സാധിച്ചില്ല. സിപിഐഎമ്മിലെ ആരേയും അറിയിച്ചില്ല. ഞാനും ജോയ്‌സ്‌നയും രണ്ട് വ്യക്തികളെന്ന നിലക്കാണ് വിവാഹം കഴിക്കാന്‍ വേണ്ടി തീരുമാനിച്ചത്. ജോയ്‌സ്‌ന ഇത് വീട്ടിലോ പുറത്ത് ആരുടെയെങ്കിലും അടുത്തോ പറഞ്ഞിരുന്നെങ്കില്‍ ഇത് നടക്കുമായിരുന്നില്ല. ജോയ്‌സ്‌നയുടേത് ഒരു യാഥാസ്ഥിതിക ക്രിസ്ത്യന്‍ കുടുംബമാണ്. യാഥാസ്ഥിതിക ചിന്താഗതി വെച്ച് ഒരു തരത്തിലും മിശ്രവിവാഹത്തിന് സമ്മതിക്കില്ല. ആ സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗം ഞങ്ങളുടെ മനസിലുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഇത്തരത്തില്‍ ഞങ്ങള്‍ക്ക് പോകേണ്ടി വന്നത്. രണ്ട്-മൂന്ന് ദിവസത്തോളം ഞങ്ങളെ തട്ടിക്കൊണ്ടുപോന്നതാണോ, എന്താണോ, എന്ന തരത്തില്‍ വ്യക്തതയില്ലായ്മ വന്നതുകൊണ്ടായിരിക്കും മറ്റ് അഭിപ്രായങ്ങള്‍ വന്നിട്ടുണ്ടാകുക.

ഇന്നലെ കോടതിയില്‍ ഹാജരായി ഞങ്ങളുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം പാര്‍ട്ടി നേതൃത്വവുമായി ബന്ധപ്പെട്ട സമയത്ത് പൂര്‍ണമായ പിന്തുണയാണ് പാര്‍ട്ടി നേതൃത്വം നല്‍കിയത്. പാര്‍ട്ടിയുമായുള്ള ആശയവിനിമയത്തിലെ കുറവാണ് പ്രശ്‌നമായത്. ഞങ്ങളിങ്ങനെ പോകുന്നു എന്ന കാര്യം പാര്‍ട്ടിയോട് പറയാത്തത് കാരണമായിരിക്കാം വ്യക്തതക്കുറവുണ്ടായത്. കോടതിയില്‍ ഹാജരായതിന് ശേഷം സിപിഐഎമ്മും ഡിവൈഎഫ്‌ഐയും കൃത്യമായ നിലപാടാണ് ഞങ്ങളോട് പറഞ്ഞത്. ഡിവൈഎഫ്‌ഐയും സിപിഐഎം ജില്ലാ സെക്രട്ടറിയും കൃത്യമായി തന്നെ അത് പറഞ്ഞിട്ടുണ്ട്. രണ്ട് മതത്തില്‍ പെട്ടവര്‍ വിവാഹം കഴിക്കുന്നതിനെ പാര്‍ട്ടി ഏത് രീതിയിലാണ് കാണുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങള്‍ക്ക് വേറെ ആശങ്കയൊന്നും ഇതില്‍ ഇല്ല. പാര്‍ട്ടി നിലപാട് പറഞ്ഞ സ്ഥിതിക്ക് വിവാദങ്ങള്‍ അവസാനിപ്പിക്കാമെന്ന് തോന്നുന്നു.

ഞങ്ങള്‍ വലിയ സമ്മര്‍ദ്ദത്തിലാണ് ഇപ്പോഴും. വര്‍ഗീയ ധ്രൂവീകരണം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. കാസ പോലുള്ള ചില ക്രിസ്ത്യന്‍ സംഘടനകളുടെ നേതൃത്വത്തില്‍ വലിയ വര്‍ഗീയ ധ്രുവീകരണം നാട്ടിലുണ്ടാക്കി. എന്നെ വ്യക്തിഹത്യ നടത്തിക്കൊണ്ട് യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചു. ജോയ്‌സ്‌നയുടെ കല്യാണം ഉറപ്പിച്ചിരുന്നതാണ് എന്നെല്ലാം പ്രചരിപ്പിച്ചു. വര്‍ഗീയത പടര്‍ത്തി. ആളുകളെ പ്രകോപിപ്പിക്കുന്ന രീതിയില്‍ കാസ പോലുള്ള സംഘടനകള്‍ ഇടപെട്ടു. അങ്ങനെയാണ് അവിടെ ആളുകളെ സംഘടിപ്പിച്ചത്. യാഥാര്‍ത്ഥ്യം മനസിലാക്കിയിരുന്നെങ്കില്‍ ആളുകള്‍ ആ പരിപാടിയില്‍ പങ്കെടുക്കുമായിരുന്നില്ല. ചില തീവ്ര വര്‍ഗീയ സ്വഭാവമുള്ള ആളുകള്‍ വന്നാല്‍ അല്ലാതെ. കാസ നടത്തിയ തെറ്റിദ്ധരിപ്പിക്കലിന്റെ ഭാഗമായാണ് ജനങ്ങള്‍ സംഘടിച്ചത്.

കാസ കുറച്ചുകാലമായി ഫേസ്ബുക് പോലെയുള്ള സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ തീവ്ര വര്‍ഗീയതയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ആ വര്‍ഗീയവല്‍കരണം മനുഷ്യനില്‍ കുത്തിവെച്ചിട്ട് രണ്ട് പ്രായ പൂര്‍ത്തിയായ ആളുകള്‍ ഇഷ്ടപ്പെട്ടു കഴിഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ വിവാഹം കഴിക്കാന്‍ പറ്റില്ല എന്ന നിലയിലേക്ക് എത്തിക്കുന്നു. അങ്ങനെ വിവാഹം കഴിക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടാണ് കാസക്ക്. 2022ല്‍ നമ്മള്‍ ഈ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ എത്ര കണ്ട് നല്ലതാണ് ഈ ചിന്താഗതിയെന്ന് ചിന്തിക്കണം. മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്ന നാട്ടില്‍ ഇത്തരം സംഘടനകളുടെ നിലപാട് ഏത് രീതിയിലുള്ള ദോഷമാണ് ഉണ്ടാക്കുകയെന്ന് മനസിലാക്കണം.

ഞാന്‍ പാര്‍ട്ടിയുടെ ഒരു സ്ഥാനത്തിരുന്ന് കുറച്ച് കാര്യങ്ങള്‍ പരിചയമുള്ളതുകൊണ്ട് പിടിച്ചുനില്‍ക്കാന്‍ പറ്റുന്നു. വേറാരെങ്കിലുമായിരുന്നെങ്കില്‍ ഇതൊന്നും താങ്ങാന്‍ ശേഷിയില്ലാതെ വേറെന്തെങ്കിലും ചെയ്തുപോകുമായിരുന്നു എന്നാണ് ഞാന്‍ വിചാരിക്കുന്നത്.

ചില ആളുകള്‍ പാര്‍ട്ടി നേതാക്കളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാം. ചില അഭിപ്രായങ്ങള്‍ അങ്ങിനെ വന്നതാകാം. ഞങ്ങളുടെ നിലപാട് കോടതിയില്‍ ബോധ്യപ്പെട്ടതോടുകൂടി പാര്‍ട്ടിയും ഡിവൈഎഫ്‌ഐയും നിലപാട് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ എനിക്ക് അവര്‍ പറഞ്ഞതിന് അപ്പുറത്തേക്ക് ഒന്നും പറയാനില്ല.

ക്രിസ്ത്യന്‍ വര്‍ഗീയ സംഘടനകള്‍ ഞങ്ങളെ ഏത് രീതിയിലാണ് കൈകാര്യം ചെയ്യാന്‍ പോകുന്നതെന്ന് ആശങ്കയുണ്ട്. കോടഞ്ചേരി കവലയില്‍ കാലുകുത്തിയാല്‍ തീര്‍ത്തുകളയും എന്നൊക്കെ പ്രചരിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. അതുകൊണ്ടാണ് തല്‍ക്കാലം മാറി നില്‍ക്കാന്‍ തീരുമാനിച്ചത്. തെക്കന്‍ കേരളത്തിലാണ് ഇപ്പോഴുള്ളത്. ഭയം കാരണം തന്നെയാണ്. ഏതുവിധത്തിലുള്ള തെറ്റിദ്ധാരണയും നടത്തി ആളുകളെ പ്രകോപിപ്പിച്ച് വലിയ സംഘര്‍ഷാവസ്ഥ അവിടെ സൃഷ്ടിച്ചു. വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം പൂര്‍ണമായി വിജയിച്ചിട്ടില്ല.

എന്നേക്കുറിച്ച് പരത്തുന്ന തെറ്റിദ്ധാരണ ശരിയാണെന്ന് കരുതി ആളുകള്‍ വരാം. അവരെ തെറ്റ് പറയാന്‍ പറ്റില്ല. വര്‍ഗീയവല്‍കരണത്തിനുള്ള സാഹചര്യമുണ്ടാക്കുന്നത് ഇത്തരം സംഘടനകളാണ്. അവര്‍ പിന്മാറിയാല്‍ ഈ പ്രശ്‌നങ്ങള്‍ തീരും.

Story Highlights: afraid to go back to home town says shejin ms and joysna who faces death threat and love jihad allegation

Next Story